2023ൽ പറന്നുയർന്ന വിമാനം 2022ൽ ലാൻഡ് ചെയ്തോ? വൈറൽ യാത്രയുടെ യാഥാർഥ്യമെന്ത്
text_fieldsപുതുവർഷപ്പിറവിയോടനുബന്ധിച്ച് കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതാണ് ഒരു വിമാനത്തിന്‍റെ 'ടൈം ട്രാവൽ' വിശേഷങ്ങൾ. 2023 ജനുവരി ഒന്നിന് പറന്നുയരുന്ന വിമാനം 2022ൽ ലാൻഡ് ചെയ്യുന്നതായുള്ള യാത്രാവിശദാംശങ്ങളും വൈറലായി. ശാസ്ത്രലോകം വിഭാവനം ചെയ്യുന്ന 'ടൈം ട്രാവൽ' ഇതല്ലായെങ്കിലും 2023ൽ പറന്നുയർന്ന വിമാനം 2022ൽ ലാൻഡ് ചെയ്തുവെന്നത് യാഥാർഥ്യമാണ്. അതിന്‍റെ കാരണവും രസകരമാണ്.
യുനൈറ്റഡ് എയർലൈൻസിന്റെ ബോയിങ് 777-300 വിമാനമാണ് വർഷം പിന്നിലേക്ക് യാത്രക്കാരെയും കൊണ്ട് പറന്നത്. ദക്ഷിണകൊറിയൻ തലസ്ഥാനമായ സോളിലെ ഇഞ്ചിയോൺ വിമാനത്താവളത്തിൽ നിന്ന് പുതുവർഷ ദിനത്തിലാണ് ബോയിങ് 777-300 വിമാനം പറന്നുയർന്നത്. ജനുവരി ഒന്നിന് പുലർച്ചെ 12.29നാണ് യാത്ര തുടങ്ങിയത്. യു.എസിലെ സാൻഫ്രാൻസിസ്കോയിലേക്കായിരുന്നു യാത്ര. വിമാനം കിഴക്കോട്ട് പറന്ന് ശാന്തസമുദ്രത്തിലെ 'ദിനാങ്ക രേഖ' അഥവാ അന്താരാഷ്ട്ര തീയതി രേഖ മുറിച്ചുകടന്നതും തിയതി ഒരു ദിവസം പിന്നോട്ട് പോയി. അങ്ങനെ വിമാനം പറന്ന് 2022 ഡിസംബർ 31ലേക്ക് എത്തി. 2023 ജനുവരി ഒന്നിന് പറന്നുയർന്ന വിമാനം ഒമ്പത് മണിക്കൂറും 46 മിനിറ്റും പറന്ന് സാൻഫ്രാൻസിസ്കോയിൽ ഇറങ്ങുമ്പോൾ അവിടെ സമയം 2022 ഡിസംബർ 31 വൈകീട്ട് 5.01 മാത്രമായിരുന്നു.
അന്താരാഷ്ട്ര ദിനാങ്കരേഖക്ക് കുറുകെ സഞ്ചരിക്കുന്ന വിമാനങ്ങൾക്കും കപ്പലുകൾക്കുമെല്ലാം ഇത്തരം സമയമാറ്റം പതിവാണ്. എന്നാൽ, പുതുവർഷമായതിനാൽ കഴിഞ്ഞ വർഷത്തെ തിയതിയിലേക്ക് പറന്നുവെന്നതാണ് ബോയിങ് 777ന്‍റെ കാര്യത്തിലെ കൗതുകം.
എന്താണ് ദിനാങ്ക രേഖ
ഒരു ദിവസത്തിനും അടുത്ത ദിവസത്തിനുമിടയിലുള്ള അതിർത്തി നിർവചിക്കുന്ന, ഭൂമിയുടെ ഉപരിതലത്തിലെ ഒരു സാങ്കൽപ്പിക രേഖയാണ് അന്താരാഷ്ട്ര ദിനാങ്ക രേഖ. ദിനാങ്ക രേഖക്ക് അപ്പുറവും ഇപ്പുറവും രണ്ട് തിയതികളായിരിക്കും. ഇത് ജനസംഖ്യ കുറവുള്ള മധ്യ പസഫിക് സമുദ്രത്തിലൂടെയാണ് കടന്നുപോകുന്നത്. പടിഞ്ഞാറ് നിന്ന് കിഴക്കോട്ട് അന്താരാഷ്ട്ര ദിനാങ്കരേഖ മുറിച്ചുകടക്കുമ്പോൾ, നിങ്ങൾ ഒരു ദിവസം പിന്നിലാവും. കിഴക്ക് നിന്ന് പടിഞ്ഞാറോട്ട് ദിനാങ്ക രേഖ മുറിച്ചുകടക്കുമ്പോൾ ഒരു ദിവസം മുന്നിലുമാകും. ദിനാങ്ക രേഖ ഒരു നേർരേഖയല്ല. ഒരു രാജ്യത്തിനുള്ളിലെ വിവിധ സ്ഥലങ്ങളിൽ ഒരേ ദിവസത്തെതന്നെ തിയതി ഭിന്നമാകുന്നത് ഒഴിവാക്കാനാണ് ദിനാങ്ക രേഖക്ക് വ്യതിയാനങ്ങൾ വരുത്തിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.