കണ്ടാലൊരു കോഴി, എന്നാലിതൊരു ഹോട്ടൽ; ഇടംപിടിച്ചത് ഗിന്നസ് റെക്കോഡിൽ
text_fieldsനിർമാണത്തിലെ സവിശേഷതകൾ കൊണ്ട് ശ്രദ്ധേയമായ കെട്ടിടങ്ങൾ ലോകമെമ്പാടുമുണ്ട്. ചിലത് വലിപ്പം കൊണ്ട് ശ്രദ്ധിക്കപ്പെടുന്നവയാണെങ്കിൽ മറ്റുചിലത് രൂപഭംഗി കൊണ്ടാവും ശ്രദ്ധിക്കപ്പെടുക. അത്തരത്തിൽ സാമൂഹിക മാധ്യമങ്ങളിൽ ഉൾപ്പെടെ വൈറലായിരിക്കുകയാണ് ഫിലിപ്പീൻസിലെ ഒരു ഹോട്ടൽ സമുച്ചയം.
ഫിലിപ്പീന്‍സിലെ നീഗ്രോസ് ഓക്‌സിഡന്റിലെ കാമ്പ്യൂസ്‌റ്റോഹാന്‍ എന്ന ടൗണിലാണ് കോഴിയുടെ രൂപത്തിലുള്ള കൂറ്റൻ ഹോട്ടൽ നിർമിച്ചിരിക്കുന്നത്. 34.93 മീറ്റർ ഉയരവും 12.12 മീറ്റർ വീതിയും 28.17 മീറ്റർ നീളവുമുണ്ട് ഈ കോഴിഹോട്ടലിന്. കാമ്പ്യൂസ്‌റ്റോഹാനിലെ ഹൈലാൻഡ് റിസോർട്ടിന്‍റെ ഭാഗമാണ് ഈ കെട്ടിടം.
15 മുറികളാണ് ഈ ഹോട്ടലിലുള്ളത്. എല്ലാവിധ സൗകര്യങ്ങളും ഈ ഹോട്ടലിൽ ഒരുക്കിയിട്ടുണ്ട്. കോഴിയുടെ രൂപത്തിലുള്ള ഏറ്റവും വലിയ കെട്ടിടമെന്ന നിലയിൽ ഗിന്നസ് വേൾഡ് റെക്കോഡിലും ഇത് ഇടംനേടിക്കഴിഞ്ഞു.
2023 ജൂണിലാണ് കെട്ടിടത്തിന്‍റെ നിർമാണം തുടങ്ങിയത്. ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് നിർമാണം പൂർത്തിയാക്കിയത്. കൊടുങ്കാറ്റുകൾ പതിവായുണ്ടാകുന്ന മേഖലയാണ് ഫിലിപ്പീൻസ്. അതിനെ കൂടി പ്രതിരോധിക്കുന്ന വിധത്തിലാണ് ഇതിന്‍റെ നിർമാണം.
റിക്കോര്‍ഡോ കാനോ ഗ്വാപോടാന്‍ എന്നയാളും ഭാര്യയും കൂടിയാണ് അവരുടെ റിസോര്‍ട്ടില്‍ ഈ കോഴി ഹോട്ടലിന്റെ ആശയം ആസൂത്രണം ചെയ്തതും നടപ്പിലാക്കിയതും. ജനങ്ങളെ ആശ്ചര്യപ്പെടുത്തുന്ന വിധത്തിലുള്ള ഒരു നിർമിതിയുണ്ടാക്കുക എന്നതായിരുന്നു ഇതിന്‍റെ പിന്നിലെ ഉദ്ദേശ്യമെന്ന് അദ്ദേഹം പറയുന്നു. ഗിന്നസ് റെക്കോഡിൽ ഇടംനേടിയതോടെ സമൂഹമാധ്യമങ്ങളിലും കോഴിഹോട്ടലിന്‍റെ ചിത്രങ്ങൾ വൈറലായിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.