'മുടി' കൊടുത്താൽ 'മുട്ടായി' കിട്ടും; വൈറലായി തെരുവിലെ 'ബാർട്ടർ സിസ്റ്റം'
text_fieldsബാർട്ടർ സിസ്റ്റം എന്താണെന്ന് അധികം പേർക്കും അറിയാമായിരിക്കും. പണം നിലവിൽ വരുന്നതിന് മുമ്പ് ആളുകൾ സാധനങ്ങൾ വാങ്ങാനും വിൽക്കാനും ഉപയോഗിച്ചിരുന്ന ഒരു സംവിധാനമാണത്. നമ്മുടെ കൈയിൽ എന്താണോ ഉള്ളത്, അത് കൊടുത്ത് നമുക്ക് ആവശ്യമായ സാധനങ്ങൾ വാങ്ങും. ഈയൊരു സംവിധാനം പലരൂപത്തിൽ ഇന്നും തുടരുന്നുണ്ടെങ്കിലും അൽപ്പം കൗതുകകരമായ ഒരു കൈമാറ്റത്തിന്‍റെ ദൃശ്യങ്ങൾ പങ്കുവെച്ചിരിക്കുകയാണ് ഫുഡ് വ്ലോഗറായ വിശാൽ.
പഞ്ഞിമിഠായിക്കച്ചവടക്കാരന്‍റെ വിഡിയോയാണ് 'ഫുഡി വിശാൽ' ചാനലിൽ പങ്കുവെച്ചത്. ഇതിലെ കൗതുകം എന്താണെന്ന് വെച്ചാൽ, മിഠായിക്കച്ചവടക്കാരൻ പണത്തിന് പകരം മുടിയാണ് കുട്ടികളിൽ നിന്ന് വാങ്ങുന്നത്. മുറിച്ചെടുത്ത മുടിയുമായി കുട്ടികൾ വരുന്നതും, പ്രതാപ് സിങ് എന്ന് പേരുള്ള കച്ചവടക്കാരൻ മുടിക്ക് പകരം മിഠായി നൽകുന്നതുമാണ് ദൃശ്യങ്ങളിൽ. കൊണ്ടുവരുന്ന മുടിയുടെ അളവിന് അനുസരിച്ചാണ് മിഠായി നൽകുക.
അഞ്ച് വർഷത്തോളമായി താൻ ഇത്തരത്തിൽ മിഠായി വിൽക്കുന്നുവെന്ന് കച്ചവടക്കാരൻ പറയുന്നു. ഇങ്ങനെ ശേഖരിക്കുന്ന മുടി വിഗ് നിർമാണ യൂനിറ്റുകൾക്ക് വിൽക്കുകയാണ് ചെയ്യുക. ഒരു കിലോ മുടി 3000 രൂപക്കാണ് വിൽക്കുന്നതെന്ന് ഇയാൾ പറയുന്നു.
നേരത്തെ, ബദാം വിൽപ്പനക്കാരനായ ബംഗാളിലെ കരാള്‍ജൂര്‍ എന്ന ഗ്രാമത്തിലെ ഭൂപന്‍ ഭട്യാകറിന്‍റെ വിഡിയോയും പാട്ടും വൈറലായിരുന്നു. വീടുകളിലെ ഉപയോഗശൂന്യമായ വസ്തുക്കളും മറ്റ് ആക്രിസാധനങ്ങളും വാങ്ങിയാണ് ഇയാൾ കച്ചവടം ചെയ്തിരുന്നത്. 'ബദാം ബദം ദാദാ കച്ചാ ബദം....' എന്ന് തുടങ്ങുന്ന ഇയാളുടെ ഗാനം തരംഗമായി മാറിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.