കൊമ്പുകുലുക്കി കുതിച്ചെത്തിയ 'ബുൾ എൽകി'ൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക്; വൈറലായി വിഡിയോ
text_fieldsമാൻ വർഗത്തിലുള്ളതാണെങ്കിലും ഒരു കൂറ്റൻ കാട്ടുപോത്തിനോളം വരും 'ബുൾ എൽക്'. ആക്രമിക്കാനായി കലിപൂണ്ട് കുതിച്ചെത്തുന്ന ഒരു 'ബുൾ എൽകിന്‍റെ' ശൗര്യം കണ്ടാൽ ആരുടെയും പാതി ജീവൻ അപ്പോൾ തന്നെ പോകും. ഫോേട്ടാ എടുക്കാൻ വാഹത്തിൽ നിന്നിറങ്ങിയ ടൂറിസ്റ്റ് നേരെ ഒരു 'ബുൾ എൽക്' കുതിച്ചെത്തുന്നതിന്‍റെയും തലനാരിഴക്ക് ടൂറിസ്റ്റ് രക്ഷപ്പെടുന്നതിന്റെയും വിഡിയോ ശര വേഗത്തിലാണ് സാമൂഹിക മാധ്യമങ്ങളിൽ വ്യാപിക്കുന്നത്.
അമേരിക്കയിലെ യെല്ലോ സ്റ്റോൺ നാഷനൽ പാർക്കിലാണ് സംഭവം. 'ബുൾ എൽക്' കൂട്ടം മേയുന്നതിന് അടുത്തുകൂടെ വാഹനങ്ങൾ കടന്നു പോകുന്നുണ്ടായിരുന്നു. അവിടെ വാഹനം നിർത്തിയ ഒരു സഞ്ചാരി ഫോേട്ടാ എടുക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
'ബുൾ എൽക്' കൂട്ടത്തിന് അടുത്തേക്ക് പോകാനൊരുങ്ങുകയായിരുന്നു സഞ്ചാരി. അൽപം അകലെ നിൽക്കുകയായിരുന്ന മറ്റൊരു ബുൾ എൽക് ഇതു കണ്ട് കുതിച്ചെത്തുകയായിരുന്നു. ബുൾ എൽക് കൂട്ടത്തെ സഞ്ചാരി ആക്രമിക്കുകയാണെന്ന് കരുതിയാകണം ആ ജീവി പാഞ്ഞെത്തിയത്. കുതിച്ചെത്തിയ ബുൾ എൽകിനെ കണ്ട് സഞ്ചാരി ഒാടി മാറി. അതിനിടെ അയാൾ റോഡിൽ വീഴുന്നുണ്ടെങ്കിലും അപ്പോൾ ആ ജീവി ആക്രമിക്കുന്നില്ല. എൽക് കൂട്ടത്തിനടുത്തേക്ക് പോകുന്നതിൽ നിന്നും അയാൾ പിന്തിരിഞ്ഞതോടെ ആ ജീവി ആക്രമണത്തിൽ നിന്നും പിൻമാറുകയും ചെയ്തു.
സ്വന്തം കൂട്ടത്തെ രക്ഷിക്കാനുള്ള ശ്രമമാണ് ആ എൽക് ചെയ്തതെന്നും വർഗ സ്നേഹത്തിന്റെ മാതൃകയാണതെന്നുമൊക്കെയാണ് സാമൂഹിക മാധ്യമങ്ങളിൽ ഈ വിഡിയോക്കൊപ്പം പലരും കമന്‍റ് ചെയ്യുന്നത്. എൽകിന്‍റെ ആക്രമണത്തിൽ നിന്ന് ഒഴിഞ്ഞു മാറുന്നതിനിടയിലും സ്വന്തം മൊബൈൽ ഫോൺ നഷ്ടപ്പെടാതിരിക്കാൻ സഞ്ചാരി സൂക്ഷിക്കുന്നുണ്ടെന്നും സഞ്ചാരിക്കൊപ്പമുള്ളവർ ആക്രമണത്തിന്‍റെ ദൃശ്യങ്ങൾ പകർത്താനാണ് ശ്രമിക്കുന്നതെന്നും പരിഹാസ രൂപേണ ചിലർ കമന്‍റ് ചെയ്യുന്നുണ്ട്.
നാലടിയോളം ഉയരത്തിൽ കൊമ്പുകൾ വളരുന്ന മാൻ വർഗമാണ് 'ബുൾ എൽക്'. കൊമ്പുകൾ വളർന്നാൽ, അതടക്കം ഒമ്പതടിയോളം ഉയരം ഇവക്കുണ്ടാകാറുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.