‘ഓടാനറിയുന്നതുകൊണ്ട് കഷ്ടിച്ച് രക്ഷപ്പെട്ടു’; ഗുസ്തി താരങ്ങളെ കാണാൻ പോയ പി.ടി.ഉഷക്ക് ട്രോൾ മഴ
text_fieldsഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷനെതിരെ സമരം ചെയ്യുന്ന ഗുസ്തി താരങ്ങളെ സന്ദർശിക്കാൻ പി.ടി. ഉഷയെത്തിയപ്പോൾ ഉണ്ടായ പ്രതിഷേധം നേരത്തേ വാർത്തകളിൽ നിറഞ്ഞിരുന്നു. ഗുസ്തി താരങ്ങളുടെ സമരം 11ാം ദിവസത്തിലേക്ക് കടന്നപ്പോഴായിരുന്നു ഉഷയുടെ സന്ദർശനം. സന്ദർശനം കഴിഞ്ഞ് മടങ്ങുമ്പോൾ ഉഷക്കെതിരെ പ്രതിഷേധമുണ്ടായി.
സമരത്തോട് അനുഭാവം പ്രകടിപ്പിച്ചെത്തിയ വിമുക്ത ഭടനാണ് ഉഷയുടെ വാഹനം തടഞ്ഞത്. ഗുസ്തി താരങ്ങളുടെ സമരത്തിനെതിരെ ഉഷ നടത്തിയ പ്രസ്താവനയിൽ പ്രതിഷേധിച്ചായിരുന്നു ഇത്. ഇയാളെ സുരക്ഷ ഉദ്യോഗസ്ഥർ എത്തി മാറ്റുകയായിരുന്നു. തെരുവിലെ പ്രതിഷേധം രാജ്യത്തിന്റെ പ്രതിഛായക്ക് മങ്ങലേൽപ്പിച്ചുവെന്നും താരങ്ങൾ പ്രതിഷേധിക്കുകയല്ല, ഒളിമ്പിക് അസോസിയേഷനെ സമീപിക്കുകയാണ് വേണ്ടത് എന്നാണ് ഉഷ പറഞ്ഞത്. ഇതിനെതിരെ വ്യാപക വിമർശനമുയർന്നിരുന്നിരുന്നു.
''താരങ്ങൾ തെരുവിൽ പ്രതിഷേധിക്കുകയാണ്. കമ്മിറ്റിയുടെ റിപ്പോർട്ട് പുറത്തു വരുന്നത് വരെയെങ്കിലും അവർക്ക് കാത്തിരിക്കാമായിരുന്നു. രാജ്യത്തിനും കായിക മേഖലക്കും ഒട്ടും ഗുണകരമല്ലാത്ത ഒന്ന് അവർ ചെയ്യുന്നത് എന്തിനു വേണ്ടിയാണ്. ഇത് നിഷേധാത്മക സമീപനമാണ്.'' -ഉഷ പറഞ്ഞു. ഉഷയുടെ പരാമർശത്തിനെതിരെ ഗുസ്തി താരങ്ങൾ ശക്തമായി പ്രതിഷേധിച്ചിരുന്നു. പിന്തുണ പ്രതീക്ഷിച്ച ഒരാളിൽ നിന്നുണ്ടായ പ്രതികരണം വേദനിപ്പിച്ചെന്നായിരുന്നു അവർ പറഞ്ഞത്.
പ്രതിഷേധത്തെത്തുടർന്ന് ജന്ദർമന്ദറിലനിന്ന് ഉഷക്ക് രക്ഷപ്പെടേണ്ടിവന്നത് ട്രോളുകൾക്കും വിഷയമായിരിക്കുകയാണ്. ‘ഓടാനറിയുന്നതുകൊണ്ട് കഷ്ടിച്ച് രക്ഷപ്പെട്ടു’എന്നാണ് ട്രോളന്മാരുടെ പ്രധാന ‘കണ്ടുപിടിത്തം’. എടപ്പാൾ ഓട്ടം, ഡൽഡി ഓട്ടം എന്നിങ്ങനെ ദ്വന്ദ്വങ്ങളും ട്രോളന്മാർ ഉണ്ടാക്കിയിട്ടുണ്ട്. ഇതിനകംതന്നെ ട്രോളുകൾ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.