വിദ്യാര്‍ഥി തെരഞ്ഞെടുപ്പ് ഫലം മുന്‍കൂട്ടി പ്രവചിച്ചോ?; സമൂഹമാധ്യമങ്ങളില്‍ കണ്ടതിന്റെ സത്യമിതാണ്
text_fieldsപ്രവചനങ്ങളെല്ലാം ശരിവെക്കുന്ന വിജയമായിരുന്നു നിയമസഭ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന്റേത്. എക്‌സിറ്റ് പോള്‍ ഫലങ്ങളെല്ലാം ഭരണത്തുടര്‍ച്ച പ്രവചിച്ചു. 80 സീറ്റുകള്‍ എല്‍.ഡി.എഫ് എന്തായാലും നേടുമെന്ന് ഭൂരിഭാഗം ഏജന്‍സികളും വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇതെല്ലാം ശരിവെച്ച് 99 സീറ്റുമായി എല്‍.ഡി.എഫ് ഭരണത്തുടര്‍ച്ച നേടി. 99 - എല്‍.ഡി.എഫ്, 41 - യു.ഡി.എഫ്, 00 - എന്‍.ഡി.എ എന്ന നിലയില്‍ തെരഞ്ഞെടുപ്പ് ഫലം വ്യക്തമായി. ഈ സമയത്താണ് ഇതേ ഫലം നേരത്തെ പ്രവചിച്ചെന്ന പേരില്‍ ഒരു ഫേസ്ബുക്ക് പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ട് സമൂഹമാധ്യമങ്ങളില്‍ വൈറലായത്.
സഹീദ് മേലേതില്‍ കോട്ടുമല എന്ന പേരിലെ ഫേസ്ബുക്ക് പ്രൊഫൈലില്‍നിന്നുള്ള പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ടാണ് കൃത്യമായ പ്രവചനം എന്ന പേരില്‍ ഫേസ്ബുക്കിലും വാട്‌സ്ആപ്പിലുമെല്ലാം ഒഴുകി നടന്നത്. എന്നാല്‍, സംഗതി വ്യാജമായിരുന്നെന്ന് പിന്നീട് തെളിഞ്ഞു. നേരത്തെയുള്ള തന്റെ പോസ്റ്റ് എഡിറ്റ് ചെയ്ത്് ഇപ്രകാരമാക്കിയതാണെന്ന് വ്യക്തമാക്കി പോസ്റ്റിന്റെ ഉടമ തന്നെ രംഗത്തെത്തിയിരിക്കുയാണ്.
മാര്‍ച്ച് 13നാണ് മലപ്പുറം വേങ്ങര സ്വദേശിയായ സഹീദ് നിയമസഭ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ ഒരു കുറിപ്പ് പോസ്റ്റ് ചെയ്യുന്നത്. തെരഞ്ഞെടുപ്പ് ഫലം വന്ന മേയ് രണ്ടിന്, ആര്‍ക്കും ഇങ്ങനെ തെരഞ്ഞെടുപ്പ് ഫലം പ്രവചിക്കാം എന്ന് പറഞ്ഞ് ഫേസ്ബുക്കിലെ പോസ്റ്റ് എഡിറ്റ് ചെയ്ത് സ്‌ക്രീന്‍ ഷോട്ട് താന്‍ അംഗമായ സുഹൃത്തുക്കളുടെ വാട്‌സ്ആപ് ഗ്രൂപ്പിലേക്ക് ഷെയര്‍ ചെയ്യുകയായിരുന്നെന്ന് സഹീദ് 'മാധ്യമ'ത്തോട് പറഞ്ഞു.
എന്നാല്‍, പലരും താന്‍ ഇത് നേരത്തെ പ്രവചിച്ചതാണെന്ന് തെറ്റിദ്ധരിച്ച് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയായിരുന്നെന്നും വിദ്യാര്‍ഥി പറയുന്നു. ശരിക്കും തെരഞ്ഞെടുപ്പ് ഫലം മുന്‍കൂട്ടി പ്രവചിച്ചിരുന്നോ എന്ന് നിരവധി പേര്‍ അന്വേഷിക്കാന്‍ തുടങ്ങി. ഇതോടെ എഡിറ്റ് ചെയ്തതാണെന്ന് സൂചിപ്പിച്ച് കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടുവെന്നും സഹീദ് പറഞ്ഞു.
താന്‍ തെരഞ്ഞെടുപ്പ് ഫലം നേരത്തെ പ്രവചിച്ചിട്ടില്ലെന്നും സുഹൃത്തുക്കളുടെ വാട്‌സ്ആപ് ഗ്രൂപ്പില്‍ ഷെയര്‍ ചെയ്യാന്‍ വേണ്ടി മാത്രം ആഴ്ചകള്‍ക്ക് മുമ്പുള്ള പോസ്റ്റ് എഡിറ്റ് ചെയ്തതാണെന്നും വിദ്യാര്‍ഥി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.