1991ൽ മൊട്ടത്തലയനെ കളിയാക്കുന്ന വിൽ സ്മിത്ത്; വിഡിയോ കുത്തിപ്പൊക്കി ട്വിറ്ററാറ്റി
text_fieldsഓസ്കാർ പുരസ്കാരദാന വേദിയിലെ അടിവിവാദത്തിന് പിന്നാലെ വിൽ സ്മിത്തിന്റെ നിരവധി വിഡിയോകളാണ് സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. 1991ൽ ടി.വി പരിപാടിക്കിടെ 'മൊട്ടത്തലയൻ' ആയ വ്യക്തിയെ കളിയാക്കുന്ന വിൽ സ്മിത്തിന്റെ വിഡിയോ വൈറലായി. 'ദ ഫ്രഷ് പ്രൈസ് ഓഫ് ബെൽ എയർ' എന്ന കോമഡി സീരീസിൽ അഭിനയിച്ചുകൊണ്ടിരിക്കേ 'ദ ആർസെനിയോ ഹാൾ ഷോ'യിലായിരുന്നു വിൽ സ്മിത്തിന്റെ പരാമർശം.
പരിപാടിയുടെ പിന്നണിയിൽ സംഗീത സംഘത്തോടൊപ്പം ബാസ് പ്ലയറായി സേവനമനുഷ്ടിക്കുന്ന ജോൺ ബി. വില്യംസിനെയെയാണ് വിൽ സ്മിത്ത് കളിയാക്കിയത്. 'ബാസ് പ്ലയർ? അയാൾക്കൊരു വ്യവസ്ഥയുണ്ട്. അയാൾ എന്നും രാവിലെ തലയിൽ വാക്സ് ഉപയോഗിക്കുന്നു. ആ വ്യവസ്ഥ അയാൾ പാലിക്കുന്നു'-വിഡിയോയിൽ വിൽ സ്മിത്ത് പറയുന്നതായി കാണാം. പ്രസ്താവന അതിരുകടന്നുപോയെന്ന പ്രതികരണം കാണികളിൽ നിന്നുയർന്നപ്പോൾ തമാശയെന്നായിരുന്നു വിൽ സ്മിത്തിന്റെ മറുപടി.
വിഡിയോ കാണാം:
'ഞാനത് കാര്യമായി എടുത്തില്ല. അദ്ദേഹം ഒരു ഹാസ്യനടനായിരുന്നു. ബെൽ-എയറിന്റെ ഫ്രഷ് പ്രിൻസ് ആയിരുന്നു. അദ്ദേഹം ഒരു റാപ്പറായിരുന്നു. ഞാൻ അതൊരു തമാശയായാണ് എടുത്തത്. ഞാനത് കേട്ട് ചിരിച്ചു'- ജോൺ ബി. വില്യംസ് കഴിഞ്ഞ ദിവസം അമേരിക്കൻ മാസികയായ റോളിങ് സ്റ്റോണിനോട് പറഞ്ഞു. സംഭവം നടന്ന് 30 വർഷത്തിന് ശേഷമായിരുന്നു വില്യംസിന്റെ പ്രതികരണം. ജെയ്ഡയുടെ തലമുടി നഷ്ടപ്പെട്ടത് അലോപേഷ്യ രോഗം മൂലമാണെങ്കിൽ തനിക്ക് അതായിരുന്നില്ല കാരണമെന്ന് വില്യംസ് പറഞ്ഞു.
തന്നെ കുറിച്ച് തമാശ പറഞ്ഞിരുന്നെങ്കിൽ വിൽ സ്മിത്തിന് ഒരു പ്രശ്നവുമുണ്ടാവുമായിരുന്നില്ല. എന്നാൽ ഭാര്യയെ കുറിച്ച് നടത്തിയ പരാമർശങ്ങളാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്. ജെയ്ഡക്ക് സംഭവം തമാശയായി തോന്നാത്ത സാഹചര്യത്തിലാണ് സ്മിത്ത് പ്രതികരിച്ചതെന്നും സ്നേഹമാണ് നമ്മെ കൊണ്ട് ഇതെല്ലാം ചെയ്യിക്കുന്നതെന്നും വില്യംസ് പറഞ്ഞു. അതേസമയം വിൽ സ്മിത്തിനെതിരെ അക്കാദമി നടപടി സ്വീകരിക്കാൻ സാധ്യതയുണ്ട്.
ഈ വർഷത്തെ ഓസ്കർ പുരസ്കാരദാന വേളയിൽ മികച്ച ഡോക്യുമെന്ററിക്കുള്ള പുരസ്‌കാരം പ്രഖ്യാപിക്കുന്ന സമയത്ത് ക്രിസ് റോക്ക് ജെയ്ഡയെ കുറിച്ച് പറഞ്ഞ തമാശയാണ് സ്മിത്തിനെ ചൊടിപ്പിച്ചത്. നടിയും അവതാരകയും സാമൂഹിക പ്രവര്‍ത്തകയുമായ ജെയ്ഡ വര്‍ഷങ്ങളായി അലോപേഷ്യ രോഗിയാണ്. തലമുടി കൊഴിഞ്ഞു പോവുന്ന അവസ്ഥയാണിത്. 1997ലെ 'ജി.ഐ ജെയിന്‍' എന്ന ചിത്രത്തില്‍ ഡെമി മൂര്‍ തലമൊട്ടയടിച്ചാണ് അഭിനയിച്ചത്. 'ജി.ഐ ജെയിന്‍ 2' ല്‍ ജെയ്ഡയെ കാണാമെന്നാണ് ക്രിസ് റോക്ക് പറഞ്ഞത്. ഇതിൽ ക്ഷുഭിതനായ സ്മിത്ത് വേദിയിലേക്ക് കയറിവന്ന് റോക്കിന്റെ മുഖത്ത് ശക്തിയായി അടിക്കുകയായിരുന്നു. പിന്നീട് 'എന്റെ ഭാര്യയുടെ പേര് നിന്റെ വായ് കൊണ്ട് പറഞ്ഞുപോകരുതെ'ന്ന് ശക്തമായ താക്കീതും നൽകി. സംഭവത്തില്‍ വില്‍ സ്മിത്ത് ക്രിസിനോടും അക്കാദമിയോടും മാപ്പ് പറഞ്ഞു. തന്റെ തമാശ അതിരുകടന്നതിൽ ക്രിസ് റോക്കും മാപ്പ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.