പാകിസ്താനിലെ നന്മയുള്ളൊരു കൊള്ളക്കാരനെ കാണാം-10,20ന്‍റെ നോട്ടുകളൊക്കെ കടയുടമക്ക് തിരികെ നൽകി; ഇനി വരില്ലെന്ന് വാക്കും കൊടുത്തു
text_fieldsഇസ്ലാമാബാദ്: തന്‍റെ ഗതികേട് കൊണ്ടാണ് കൊള്ളയടിക്കേണ്ടി വന്നതെന്ന് വിനയത്തോടെ ഒരാൾ. ഇനി വരരുതേയെന്ന് അതിലും വിനയത്തോെട കടയുടമ. അത് സമ്മതിച്ച് കൊള്ളക്കാരന്‍റെ മടക്കവും. പാകിസ്താനിലെ ഒരു കടയിൽ നടന്ന കൊള്ളയടിയിൽ നിന്നുള്ള രംഗങ്ങളാണിവ. സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്ന വിഡിയോയില നായകൻ 'കൊള്ളയടിച്ചത്' നെറ്റിസൺസിന്‍റെ മനസ്സും കൂടിയാണ്.
കടയിൽ നിന്നുള്ള സിസിടിവിയിലെ ദൃശ്യങ്ങളാണ് വൈറലാകുന്നത്. കട കൊള്ളയടിക്കാൻ കയറിയ യുവാവ് ചില സാധനങ്ങൾ എടുത്ത് കാറിൽ വെക്കാൻ സഹായിക്ക് നൽകുന്നതാണ് ദൃശ്യങ്ങളുടെ തുടക്കത്തിൽ കാണിക്കുന്നത്. ഇയാളുടെ ആവശ്യപ്രകാരം കടയുടമ കൗണ്ടറിൽ നിന്ന് പണമെടുത്ത് ഒരു ചെറിയ സഞ്ചിയിൽ ഇടുന്നതും കാണാം. 'വലിയ നോട്ടുകൾ എവിടെയാണ്' എന്ന് കൊള്ളക്കാരൻ ചോദിക്കുന്നതും കേൾക്കാം. ഇന്ന് വലിയ കച്ചവടമൊന്നും നടന്നില്ല എന്നാണ് ഇതിന് കടയുടമയുടെ മറുപടി. കുറച്ചുപണം താൻ കൗണ്ടറിൽ വെച്ചോട്ടെയെന്നും കടയുടമ ചോദിക്കുന്നുണ്ട്. 'ശരി പത്തിന്‍റെയും ഇരുപതിന്‍റെയുമൊക്കെ നോട്ടുകൾ ഇവിടെ വെച്ചോളൂ' എന്ന് 'ഉദാരമതിയായ' കൊള്ളക്കാരൻ മറുപടിയും നൽകുന്നുണ്ട്.
'ഞങ്ങളുടെ കൈയിൽ പൈസ ഒന്നുമില്ല സഹോദരാ... അതുകൊണ്ടാണ് ഇങ്ങനെ ചെയ്യേണ്ട ഗതികേടിലായത്' എന്ന മുൻകൂർ ജാമ്യവും കൊള്ളയടിക്കാൻ എത്തിയയാൾ എടുക്കുന്നുണ്ട്. ഒപ്പം പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനെ കുറിച്ച് പരാമർശിച്ച ശേഷം എന്തോ ചീത്ത വാക്കും പ്രയോഗിക്കുന്നുണ്ട്. അതിനുശേഷമാണ് കടയുടമയുടെ അഭ്യർഥന. 'ഇനി ഇങ്ങോട്ട് വരരുതേ സഹോദരാ'. അതിന് 'ഇൻഷാ അള്ളാ, ഇനി വരില്ല' എന്ന് വാക്ക് കൊടുക്കുന്നുണ്ടെങ്കിലും മേശവലിപ്പുകളിൽ കൂടുതൽ പണം ഉണ്ടോയെന്ന് പരിശോധിച്ച ശേഷമാണ് കൊള്ളക്കാരൻ മടങ്ങുന്നത്.
'എത്ര നിഷ്കളങ്കനായ കൊള്ളക്കാരൻ', 'കൊള്ളയടിയും എന്ത് മാന്യമായാണ് ചെയ്യുന്നത്, ആ കടയുടമയും ഹൃദയവിശാലതയുള്ളവനാണ്', 'ഞങ്ങൾ ബന്ധുക്കേളാട് പോലും ഇത്ര സ്നേഹമായി സംസാരിക്കില്ല', 'എന്‍റെ ദൈവമേ, എത്ര നല്ല കൊള്ളക്കാരൻ', 'ഈ നാട്ടിൽ കൊള്ളയടി ഇത്ര സ്നേഹത്തോടെയാണോ നടക്കുന്നത്' തുടങ്ങിയ കമന്‍റുകളാണ് വിഡിയോക്ക് ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.