സലാം പറഞ്ഞ വൈറൽ മാവേലി ദാ ഇവിടെയുണ്ട്..!
text_fieldsഅബൂദബി: ഓണാഘോഷത്തിനിടെ സലാം പറഞ്ഞയാളോട് 'വഅലൈകുമുസ്സലാം' എന്ന് നിറചിരിയോടെ സലാം മടക്കിയ മാവേലിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം. അബൂദാബിയിലെ കേരള സോഷ്യൽ സെന്ററിൽ നടന്ന ആഘോഷ ചടങ്ങിലായിരുന്നു ഓലക്കുടയുമണിഞ്ഞ് കിരീടധാരിയായ 'അസുര രാജാവി'ന്റെ സലാം മടക്കൽ. 'മാധ്യമം' ഓൺലൈൻ ഇതുസംബന്ധിച്ച് വാർത്തയും വിഡിയോയും നൽകിയിരുന്നു. ഒടുവിൽ വൈറൽ മാവേലിയെ അബൂദബിയിൽ വെച്ച് കണ്ടെത്തിയിരിക്കുന്നു.
മലപ്പുറം ചങ്ങരംകുളം സ്വദേശിയായ നൗഷാദ് യൂസഫാണ് മാവേലി വേഷം ധരിച്ച കക്ഷി. അബൂദബിയിൽ യൂറോപ്കാർ കമ്പനിയുടെ സെയിൽസ് മാനേജറാണ് ഇദ്ദേഹം. കോവിഡിന് മുമ്പ് 2018ൽ പ്രവാസിമലയാളികൾ ചേർന്ന് അബൂദാബിയിലെ കേരള സോഷ്യൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഓണാഘോഷത്തിന്റെ വിഡിയോയാണ് ഇപ്പോൾ വൈറലായത്. അന്ന് മാവേലിയായി ചടങ്ങിലെത്തിയ നൗഷാദിനെ കണ്ട പരിചയക്കാരിൽ ആരോ ആണ് 'അസ്സലാമു അലൈക്കും' എന്ന് സലാം പറഞ്ഞത്. മാവേലി സന്തോഷത്തോടെ മറുപടി പറയുകയും ചെയ്തു. ഇത് സുഹൃത്ത് സുനിൽ മാടമ്പി മൊബൈലിൽ പകർത്തുകയായിരുന്നുവെന്ന് നൗഷാദ് യൂസഫ് 'മാധ്യമ'ത്തോട് പറഞ്ഞു.
ഇന്നലെ പലരും സ്റ്റാറ്റസ് വെച്ചതോടെയാണ് സംഗതി കൈവിട്ടതും താൻ എയറിലായതും നൗഷാദ് അറിയുന്നത്. നാല് വർഷങ്ങൾക്ക് ശേഷം ഇപ്പോൾ ആരാണ് വിഡിയോ കുത്തിപ്പൊക്കിയതെന്ന് അറിയില്ലെന്നും ഇദ്ദേഹം ചിരിച്ച് കൊണ്ട് പറഞ്ഞു.
23 വർഷമായി അബൂദബിയിൽ യൂറോപ്കാർ കമ്പനി സെയിൽസ് മാനേജറാണ് നൗഷാദ്. ഭാര്യയും മൂന്ന് മക്കളുമടങ്ങുന്നതാണ് കുടംബം. ഇവർ അബൂദബിയിൽ ഒപ്പമുണ്ട്.
അന്നത്തെ ആഘോഷത്തിന് ശേഷം ഇതുവരെ മാവേലിയായി വേഷമിട്ടിട്ടില്ല. വിഡിയോ പ്രചരിച്ച ശേഷം നിരവധി പേർ വിളിച്ചതായി നൗഷാദ് പറഞ്ഞു. ഞായറാഴ്ച മുതൽ യു.എ.ഇയിൽ ഓണാഘോഷത്തിന് തുടക്കമാവുകയാണ്. ഇത്തവണ മാവേലിയാകാൻ തയാറാണോ എന്നും ചിലർ ആരായുന്നുണ്ട്. എന്നാൽ, ഈ വർഷം പ്രജകളെ കാണാൻ പോകേണ്ടെന്നാണ് അബൂദാബിയിലെ വൈറൽ മാവേലിയുടെ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.