പ്രിൻസിപ്പലാകാൻ അടിപിടി; അധ്യാപകനെ എടുത്തുയർത്തി നിലത്തടിച്ച് സഹപ്രവർത്തകയുടെ ഭർത്താവ്-വിഡിയോ വൈറൽ
text_fieldsപട്ന: സ്കൂളിൽ വിദ്യാർഥികൾ തമ്മിൽ നിസ്സാര കാര്യങ്ങളെ ചൊല്ലി അടിപിടി കൂടുന്നത് നമ്മൾ കണ്ടിട്ടുണ്ട്. പക്ഷേ, ബിഹാറിൽ നടന്ന വളരെ വ്യത്യസ്തമായ ഈ തല്ല് സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ്. കാരണം, മറ്റൊന്നുമല്ല. ഈ അടിപിടി നടന്നത് പ്രിൻസിപ്പൽ സ്ഥാനത്തിന് വേണ്ടിയാണ്.
ബിഹാർ തലസ്ഥാനമായ പട്‌നയില്‍ നിന്ന് 150 കിലോമീറ്റർ അകലെയുള്ള മോത്തിഹാരിയിലെ വിദ്യാഭ്യാസ വകുപ്പിന്‍റെ ജില്ലാ ഓഫിസിലാണ് ഇൗ അടി നടന്നത്. ശിവ്ശങ്കർ ഗിരി എന്ന അധ്യാപകനും സഹ അധ്യാപിക റിങ്കി കുമാരിയുടെ ഭർത്താവുമാണ് പരസ്പരം അടികൂടുന്നത്. ആദാപുർ പ്രൈമറി സ്കൂളിലെ പ്രിൻസിപ്പൽ സ്ഥാനത്തിന് വേണ്ടി ശിവ്ശങ്കർ ഗിരിയും റിങ്കി കുമാരിയും തമ്മിൽ തർക്കം നിലനിൽക്കുന്നുണ്ട്. കഴിഞ്ഞ മൂന്ന് മാസമായി ഇരുവരും പ്രിൻസിപ്പൽ സ്ഥാനത്തിന് വേണ്ടിയുള്ള വാക് തർക്കങ്ങൾ തുടരുകയാണ്. ആർക്കാണ് പ്രിൻസിപ്പൽ ആകാൻ കൂടുതൽ യോഗ്യത, ആരാണ് സീനിയർ തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ചാണ് തർക്കമെന്ന് വിദ്യാഭ്യാസ ഓഫിസിലെ ഉദ്യോഗസ്ഥർ പറയുന്നു.
തുടർന്ന് മൂന്ന് ദിവസത്തിനകം ഇരുവരും യോഗ്യതകൾ തെളിയിക്കുന്ന രേഖകൾ വിദ്യാഭ്യാസ വകുപ്പിന്‍റെ ജില്ലാ ഓഫിസിൽ ഹാജരാക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. ഇരുവരും ഒരേ ദിവസമാണ് രേഖകൾ സമർപ്പിക്കാൻ എത്തിയത്. തുടർന്ന് ആര് ആദ്യം രേഖകൾ സമർപ്പിക്കും എന്നത് സംബന്ധിച്ച് തർക്കം നടക്കുകയും അത് ശിവ്ശങ്കർ ഗിരിയും റിങ്കി കുമാരിയുടെ ഭർത്താവും തമ്മിലുള്ള അടിപിടിയിൽ കലാശിക്കുകയുമായിരുന്നു.
റിങ്കി കുമാരിയുടെ ഭർത്താവ് ശിവ്ശങ്കറിനെ എടുത്തുയർത്തി നിലത്ത് ഇടുന്നതും തലയിൽ ലോക്ക് ഇട്ട് ഇടിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. വിദ്യാഭ്യാസ ഓഫിസിലെ ജീവനക്കാർ ഇരുവരെയും പിടിച്ചുമാറ്റാൻ ശ്രമിക്കുന്നുമുണ്ട്. സംഭവത്തെ കുറിച്ച് അന്വേഷണം നടത്തുമെന്ന് ബ്ലോക്ക് എജുക്കേഷൻ ഓഫിസർ ഹരി ഓം സിങ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.