'യുദ്ധഭീകരത കണ്ടുമടുത്തവർ അഭയാർഥി ക്യാമ്പിലെ ഈ പിറന്നാളാഘോഷം കാണൂ...'
text_fieldsയുക്രെയ്നിലെ റഷ്യൻ അധിനിവേശം തുടങ്ങിയത് മുതൽ ഭയാനകവും ഹ്യദയഭേദകവുമായ നിരവധി കാഴ്ചകൾക്കാണ് ലോകം സാക്ഷിയാകുന്നത്. ഊതിയും പെരുപ്പിച്ചും മാധ്യമങ്ങൾ തൊടുത്തുവിടുന്ന ഭീതിദമായ വാർത്തകളിലാണ് നമ്മുടെ ഓരോ ദിവസവും ആരംഭിക്കുന്നതും അവസാനിക്കുന്നതും. എന്നാൽ, മനുഷ്യത്വം ഇനിയും അവസാനിച്ചിട്ടില്ലെന്ന് ഓർമ്മിപ്പിച്ച് അഭയാർഥി ക്യാമ്പിൽ നിന്നുള്ള ഒരു പിറന്നാൾ ആഘോഷത്തിന്‍റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത്.
റൊമാനിയൻ അഭയാർഥി ക്യാമ്പിൽ കഴിയുന്ന ഏഴു വയസുകാരി അരീനക്ക് ക്യാമ്പിലെ സന്നദ്ധപ്രവർത്തകരും എമർജൻസി സർവീസ് ഉദ്യോഗസ്ഥരും ചേർന്ന് ഒരുക്കിയ പിറന്നാളാഘോഷത്തിന്‍റെ ദ്യശ്യങ്ങളാണിവ. വളണ്ടിയർമാർ അവൾക്ക് സമ്മാനങ്ങളും ബലൂണും നൽകുകയും ഒരുമിച്ച് ജന്മദിനഗാനം ആലപിക്കുകയും ചെയുന്നുണ്ട്.
അപ്രതീക്ഷിതമായി കിട്ടിയ പിറന്നാളാഘോഷത്തിൽ പുഞ്ചിരിച്ച് നിൽക്കുന്ന അരീനയുടെ മുഖം വിഡിയോ കാണുന്നവരിലും സന്തോഷമുണർത്തുന്നു. യുക്രെയ്നിന്റെ തെക്കുപടിഞ്ഞാറൻ സ്ഥലത്ത് നിന്ന് റൊമാനിയൻ അഭയാർഥി ക്യാമ്പിലെത്തിയതാണ് അരീനയും കുടുംബവും.
10 ദിവസത്തിനുള്ളിൽ 1.5 ദശലക്ഷത്തിലധികം അഭയാർഥികൾ യുക്രെയ്നിൽ നിന്ന് അയൽരാജ്യങ്ങളിലേക്ക് പലായനം ചെയ്തതായി യു.എൻ അഭയാർഥി ഹൈക്കമീഷണർ ഫിലിപ്പോ ഗ്രാൻഡെ ട്വീറ്റ് ചെയ്തത് വലിയ വാർത്തയായിരുന്നു. പോളണ്ട്, ഹംഗറി, മോൾഡോവ, റൊമാനിയ, സ്ലൊവാക്യ എന്നീ രാജ്യങ്ങളിലേക്കാണ് അഭയാർഥികൾ പ്രധാനമായും പലായനം ചെയ്യുന്നത്.
റഷ്യയുടെ അധിനിവേശത്തിന് ശേഷം ഒമ്പത് ലക്ഷത്തിലധികം പേർ യുക്രെയ്നിൽ നിന്ന പോളണ്ടിലേക്ക് പലായനം ചെയ്തതായി പോളിഷ് അതിർത്തി സേനാംഗങ്ങൾ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.