യുദ്ധം തകർത്ത കെട്ടിടങ്ങൾക്ക് മുമ്പിൽ ബിരുദദാന ഫോട്ടോഷൂട്ട്; ഞങ്ങളുടെ വേദന ലോകം അറിയണമെന്ന് യുക്രെയ്നിലെ വിദ്യാർഥികൾ
text_fieldsസാമൂഹിക മാധ്യമങ്ങളിലൂടെ നിരവധി ഫോട്ടോഷൂട്ടുകൾ വൈറലാവാറുണ്ട്. എന്നാൽ യുക്രെയ്നിലെ ഒരു കൂട്ടം വിദ്യാർഥികൾ നടത്തിയ ഫോട്ടോഷൂട്ട് ഏതൊരു മനുഷ്യസ്നേഹിയേയും വേദനിപ്പിക്കുന്നതാണ്. യുദ്ധത്തിന്‍റെ ഭീകരത എത്രത്തോളമാണെന്ന് വിളിച്ചോതുന്നതാണ് ഓരോ ചിത്രങ്ങളും. തങ്ങളുടെ സ്കൂൾ ബിരുദം കരസ്ഥമാക്കിയതിന്‍റെ ഭാഗമായി വിദ്യാർഥികൾ യുദ്ധത്തിൽ തകർന്ന കെട്ടിടങ്ങൾക്കും തകർന്ന വാഹനങ്ങൾക്കും മുന്നിൽ നിന്ന് ഫോട്ടോഷൂട്ട് നടത്തുകയായിരുന്നു.
വടക്കൻ യുക്രെയ്നിലെ ചെർണിഹിവിലെ സ്കൂളിൽ നിന്നും ബിരുദം നേടിയ വിദ്യാർഥികളാണ് യുദ്ധം യുക്രെയ്നിലുണ്ടാക്കിയ കനത്ത നാശം വെളിവാക്കുന്ന ഫോട്ടോഷൂട്ട് നടത്തിയത്. വിദ്യാർഥികൾ കെട്ടിടങ്ങൾക്കും ടാങ്കുകൾക്കും മുകളിൽ തങ്ങളുടെ ബിരുദ ടാഗുകൾ ധരിച്ച് കയറി നിൽക്കുന്നത് ചിത്രങ്ങളിൽ കാണാം.
തനിക്ക് ഈ വിദ്യാർഥികളുടെ കഥ രേഖപ്പെടുത്തേണ്ടിയിരുന്നു എന്ന് ഫോട്ടോഗ്രാഫറായ സ്റ്റാനിസ്ലാവ് സ്നൈക് വാർത്താ ഏജൻസിയോട് പറഞ്ഞു. ചിത്രങ്ങൾ കാണിക്കുന്നത് ചെർണിഹിവ് ഏറെക്കുറെ നശിച്ചുപോയിരിക്കുന്നു എന്നാണ്. ഫോട്ടോയിൽ ഒരു സ്ഥലം പോലും ആവർത്തിച്ചിട്ടില്ല എന്നും അദ്ദേഹം കൂട്ടിചേർത്തു.
ഇത്തരമൊരു ഫോട്ടോഷൂട്ട് നടത്തുക എന്നത് എളുപ്പമായിരുന്നില്ലെന്നും, ഞങ്ങളുടെ വേദന ലോകത്തെ അറിയിക്കാനാണ് ശ്രമിച്ചതെന്നും വിദ്യാർഥിനിയായ ഓൽഹ പറഞ്ഞു. ചിത്രങ്ങൾ വൈറലായതോടൊപ്പം യുദ്ധമുണ്ടാക്കുന്ന കെടുതികളും ചർച്ചയായിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.