'ഭൂമി എത്ര സുന്ദരം'; ദുരന്ത മുഖത്ത് പിയാനോ വായിച്ച് യുവതി
text_fieldsവീടുകൾ നശിക്കപ്പെട്ടു. ഉറ്റവരും ഉടയവരും ഇല്ലാതായി. കുടുംബങ്ങൾ വേർപിരിഞ്ഞു. ജനിച്ച മണ്ണ് വിട്ട് സുരക്ഷിതമായ സ്ഥാനം നേടി അലയുകയാണ് ജനങ്ങൾ - യുക്രെയ്നിൽ നിന്നും ഏതാനും ദിവസങ്ങളായി പുറത്തു വരുന്ന ചിത്രങ്ങൾ ഏറെ സങ്കീർണ്ണമാണ്. യുക്രെയ്നിൽ റഷ്യൻ പ്രസിഡന്‍റ് വ്ലാദിമർ പുടിൻ യുദ്ധം പ്രഖ്യാപിച്ച് 11 ദിവസം പിന്നിടുമ്പോൾ ഒരു ജനത ഇപ്പോഴും ജനിച്ച നാടിനെ സംരക്ഷിക്കാനുള്ള പ്രയത്നത്തിലാണ്.
യുക്രെയ്നിൽനിന്നും കണ്ണു നനയിക്കുന്ന കാഴ്ചകളാണ് സമൂഹമാധ്യമങ്ങളിലൂടെ ഓരോ ദിവസവും പ്രചരിക്കപ്പെടുന്നത്. അപശ്രുതികൾക്കിടയിലും ലിവിവ് റെയിൽവേ സ്റ്റേഷനിൽ നിന്നും പിയാനോ വായിക്കുന്ന യുവതിയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്.
ആകാശം, നിറങ്ങൾ, മഴവില്ല് തുടങ്ങി ഭൂമിയിലെ സുന്ദരമായ കാഴ്ചകളെ പരാമർശിക്കുന്ന ലൂയിസ് ആംസ്ട്രോങിന്‍റെ 'വാട്ട് എ ബ്യൂട്ടിഫുൾ വേൾഡ്' എന്ന ഗാനമാണ് യുവതി പിയാനോയിൽ വായിക്കുന്നത്. യുവതിക്ക് പിന്നിലായി ഉത്കണ്ഠയോടെ പിറുപിറുത്ത് കൊണ്ട് ധൃതിയിൽ നടന്നകലുന്ന ജനങ്ങളുടെ ശബ്ദം കൂടി ചേരുന്നതോടെ ദൃശ്യങ്ങൾ ഭീതി നിറഞ്ഞ സുന്ദരമായ അനുഭവമായി മാറുന്നു.
ഇതിനോടകം 2.2 ദശലക്ഷം പേരാണ് ട്വിറ്ററിൽ പങ്കുവച്ച വീഡിയോ കണ്ടത്.
ടൈറ്റാനിക്ക് എന്ന സിനിമയിൽ കപ്പൽ മഞ്ഞുപാളിയിലിടിച്ച് മുങ്ങുന്നതിനിടയിൽ വയലിൻ വായിക്കുന്ന രംഗത്തിന് സമാനമാണ് ദുരന്തമുഖത്ത് നിന്നുള്ള ദൃശ്യങ്ങളെന്ന് കാഴ്ച്ചക്കാർ അഭിപ്രായപ്പെട്ടു.അതിജീവനം പ്രമേയമായ 'ദി പിയാനിസ്റ്റ്' എന്ന ചിത്രത്തിന് സമാനമാണ് ദൃശ്യങ്ങൾ എന്നും സമൂഹ മാധ്യമങ്ങളിൽ അഭിപ്രായങ്ങൾ ഉയർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.