'കുഴഞ്ഞുവീണ ഡ്രൈവറുടെ ജീവൻ രക്ഷിക്കാൻ മിനി ബസുമായി ആശുപത്രിയിലേക്ക്'; യുവതിയുടെ ധീരത പരസ്യരൂപത്തിൽ
text_fieldsഈ വർഷം ജനുവരിയിൽ നടന്ന, അധികമാരും ശ്രദ്ധിക്കാതെ പോയ ഒരു സംഭവമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ചെറിയ കാറുകൾ മാത്രം ഓടിച്ച് പരിചിതയായ വീട്ടമ്മ, ഒരു ജീവൻ രക്ഷിക്കാൻ ആദ്യമായി മിനി ബസ് ഓടിച്ചതിന്‍റെ കഥയാണ് ചർച്ചയായിരിക്കുന്നത്.
ജനുവരി ഏഴിന് പുണെയിലേക്ക് യാത്ര പോയ 20 അംഗ സ്ത്രീ സംഘത്തിൽ ഒരാളായിരുന്നു യോഗിത സതാവ്. മിനിബസിലായിരുന്നു സംഘത്തിന്‍റെ സഞ്ചാരം. വണ്ടിയോടിക്കുന്നതിനിടെ ഡ്രൈവർ കുഴഞ്ഞുവീണു. 40കാരിയായ യോഗിത ബസ് ഓടിക്കാനും ആശുപത്രിയിലെത്തിക്കാനും കാണിച്ച ധൈര്യം മൂലമാണ് ഡ്രൈവർക്ക് ജീവൻ തിരികെ കിട്ടിയത്.
യോഗിതയുടെ അസാധാരണമായ ധീരത കോടക് ജനറൽ ഇൻഷുറൻസിന്‍റെ പരസ്യ ചിത്രത്തിൽ എത്തിയതോടെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ്. യാത്രയും യാത്രക്കിടെ ഡ്രൈവർ കുഴഞ്ഞുവീഴുന്നതുമാണ് പരസ്യത്തിൽ പുനഃസൃഷ്ടിക്കുന്നത്. മറ്റ് യാത്രക്കാർ പരിഭ്രാന്തരായി സഹായത്തിന് മറ്റുള്ളവരെ വിളിക്കാൻ ശ്രമിച്ചപ്പോൾ യോഗിത ചുമതലയേറ്റെടുത്ത് വാഹനമോടിക്കുകയായിരുന്നു. മഹാരാഷ്ട്രയിലെ പുണെയിൽനിന്ന് 35 കിലോമീറ്റർ അകലെയുള്ള ശിക്രപൂർ ടൗണിലെ ആശുപത്രിയിലേക്കാണ് യോഗിത വാഹനമോടിച്ചെത്തിയത്.
'ദുരിതങ്ങളെ അഭിമുഖീകരിച്ച് ചക്രം ചലിപ്പിച്ച ധീരയായ ഒരു സ്ത്രീയുടെ കഥ പ്രേക്ഷകർക്ക് മുമ്പിൽ അവതരിപ്പിക്കുന്നു. സ്ത്രീ ഡ്രൈവർമാരെ കുറിച്ചുള്ള സ്ഥിരധാരണകളെ മാറ്റിക്കുറിക്കാൻ വേണ്ടി കമ്പനി മുന്നോട്ടുവെക്കുന്ന #DriveLikeALady നിങ്ങളെ ശാക്തീകരിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യും' എന്ന തലക്കെട്ടോടെയാണ് കോടക് ജനറൽ ഇൻഷുറൻസ് യുട്യൂബിലൂടെ വീഡിയോ പങ്കുവച്ചത്.
ഏഴ് ലക്ഷം പേരാണ് ഇതുവരെ വീഡിയോ കണ്ടത്. യോഗിതയുടെ ധീരതക്ക് ആശംസകളർപ്പിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.