അനിയന്റെ പിണക്കം മാറ്റാൻ ചേച്ചി എഴുതി ഇമ്മിണി വല്യ ഒരു കത്ത്; കത്തിന്റെ നീളം 434 മീറ്റർ
text_fieldsപീരുമേട്: എല്ലാ വർഷവും അന്താരാഷ്ട്ര സഹോദര ദിനമായ മേയ് 24ന് കൃഷ്ണപ്രസാദും കൃഷ്ണ പ്രിയയും പരസ്പരം സന്ദേശമയക്കും. ഇത്തവണ ആദ്യം കൃഷ്ണപ്രസാദ് ചേച്ചിക്ക് വാട്സ് ആപ്പിൽ മെസേജയച്ചു. സഹോദരദിനത്തിൽ മറ്റുള്ളവർ അയച്ച സന്ദേശത്തിന്റെ സ്ക്രീൻ ഷോട്ടും ഒപ്പം അയച്ചുകൊടുത്തു. എന്നാൽ ഇതൊന്നും ജോലിത്തിരക്കായതിനാൽ കൃഷ്ണപ്രിയ കണ്ടില്ല. സഹോദര ദിനമാണെന്നും കൃഷ്ണപ്രസാദിന് മെസേജ് അയക്കണമെന്നതുമൊക്കെ മറന്നേ പോയി.
മണിക്കൂറുകളോളം തന്റെ മെസേജുകൾ വായിക്കപ്പെടാതെ തന്നെ കിടക്കുന്നതു കണ്ട് കൃഷ്ണപ്രസാദിന് കലി വന്നു. വാട്സ് ആപ്പിൽ കൃഷ്ണപ്രിയയെ ബ്ലോക് ചെയ്ത കൃഷ്ണപ്രസാദ് പിന്നീട് ചേച്ചി വിളിച്ചപ്പോൾ ഫോൺ എടുക്കുകയും ചെയ്തില്ല. സംഗതി മനസിലായപ്പോൾ കൃഷ്ണപ്രിയക്ക് വിഷമമായി. തുടർന്നാണ് അനിയന്റെ പിണക്കം മാറ്റാൻ കത്തെഴുതിക്കളയാം എന്ന് തീരുമാനിച്ചത്. അനിയനുമൊത്തുള്ള ഓർമകൾ കത്തിലൂടെ പങ്കുവെക്കുകയായിരുന്നു ലക്ഷ്യം.
എന്നാൽ എഴുതിത്തുടങ്ങിയപ്പോൾ സംഗതി കൈയിൽ നിന്നുപോയി. ഒന്നും രണ്ടും പേജുകളിൽ കത്തെഴുത്തു നിന്നില്ല. തുടർന്ന് ബില്ലുകൾ തയാറാക്കുന്ന 15 റോളുകൾ വാങ്ങി. 12 മണിക്കൂർ കൊണ്ട് കത്തെഴുതി തീർത്തു. വലിയൊരു ബോക്സിലാക്കി സഹോദരന് അയച്ചു. തനിക്ക് ചേച്ചി അയച്ച ഗിഫ്റ്റ് എന്താണെന്നറിയാൻ കൗതുകത്തോടെ പെട്ടി തുറന്ന കൃഷ്ണപ്രസാദ് ഞെട്ടി.
കത്തിന്റെ വലിപ്പം കണ്ട് അളന്നു നോക്കിയപ്പോൾ 434മീറ്ററുണ്ട്. ഭാരം അഞ്ചു കിലോയും. ഇത്രയും നീളമുള്ള കത്ത് റെക്കോഡ് ബുക്കിൽ കയറാൻ ഇടയുണ്ടെന്ന് കണ്ട കൃഷ്ണപ്രസാദ് ഇത് കൊൽക്കത്ത ആസ്ഥാനമായി പ്രവർത്തിക്കുന്ന യൂനിവേഴ്സൽ റെക്കോഡ് ഫോറം എന്ന സംഘടനക്ക് അയച്ചുകൊടുത്തു. കത്ത് റെക്കോഡാണെന്ന് മറുപടിയും ലഭിച്ചു. മാർ ബസേലിയോസ് കോളജ് എൻജിനീയറിങ് വിദ്യാർഥിയാണ് കൃഷ്ണപ്രസാദ്. പാമ്പനാർ പന്തലാട് വീട്ടിൽ ശശി-ശശികല ദമ്പതികളുടെ മക്കളാണിവർ. പെരുവന്താനം ഗ്രാമപഞ്ചായത്തിലെ എൻജിനീയറാണ് കൃഷ്ണ പ്രിയ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.