അങ്ങനെയുള്ള അൻവറിനോട് രാഷ്ട്രീയമായി സഹകരിക്കുന്നതിൽ യു.ഡി.എഫിന് പ്രശ്നമുണ്ടാവില്ല -വി.ടി. ബൽറാം
text_fieldsപാലക്കാട്: രാത്രി വീടുവളഞ്ഞ് അറസ്റ്റ് ചെയ്ത നിലമ്പൂർ എം.എൽ.എക്ക് പിന്തുണയുമായി കൂടുതൽ യു്ഡി.എഫ് നേതാക്കൾ രംഗത്ത്. അറസ്റ്റിന് പിന്നാലെ ഇന്നലെ രാത്രി തന്നെ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, രമേശ് ചെന്നിത്തല അടക്കമുള്ള മുതിർന്ന നേതാക്കളും നിരവധി യുവനേതാക്കളും സർക്കാർ നടപടിയിലെ വിവേചനം ചൂണ്ടിക്കാട്ടി രംഗത്തുവന്നിരുന്നു. കൂടാതെ, അൻവറുമായുള്ള രാഷ്ട്രീയ സഹകരണത്തിന്റെ വ്യംഗ്യമായ സൂചനയും പലരുടെയും വാക്കുകളിലുണ്ടായിരുന്നു.
അതിന് പിന്നാലെ, മുൻ ആരോപണങ്ങൾ പിൻവലിച്ചാൽ അൻവറിനോട് രാഷ്ട്രീയമായി സഹകരിക്കാമെന്ന് കോൺഗ്രസ് നേതാവ് വി.ടി. ബൽറാമും വ്യക്തമാക്കി. ‘രാഹുൽ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമർശവും വി.ഡി. സതീശനെതിരായ 150 കോടിയുടെ വ്യാജ ആരോപണവും ചേലക്കര ഇലക്ഷൻ സമയത്ത് നടത്തിയ ജാതീയ പരാമർശങ്ങളും പിൻവലിച്ച് പി.വി.അൻവർ സ്വയം തിരുത്തണം. തൻപ്രമാണിത്തവും ധാർഷ്ഠ്യവും ഒരു പൊടിക്ക് കുറക്കണം. അങ്ങനെയുള്ള ഒരു അൻവറിനോട് രാഷ്ട്രീയമായി സഹകരിക്കുന്നതിൽ യുഡിഎഫിന് പ്രശ്നമുണ്ടാവേണ്ട കാര്യമില്ല’ -ബൽറാം ഫേസ്ബുക് പോസ്റ്റിൽ വ്യക്തമാക്കി.
വന്യമൃഗശല്യം പരിഹരിക്കാൻ ചെറുവിരലനക്കാത്ത വനം വകുപ്പിന്റെ വീഴ്ചയും പൊലീസിലെ സമ്പൂർണ സി.ജെ.പി വത്കരണവുമടക്കം അൻവർ സമീപകാലത്ത് ഉന്നയിക്കുന്ന രാഷ്ട്രീയ വിഷയങ്ങൾക്ക് നല്ല പ്രസക്തിയുണ്ട്. ഒരു ജനപ്രതിനിധി എന്ന നിലയിൽ അത്തരം ജനകീയ കാര്യങ്ങൾ ഉന്നയിക്കാനുള്ള അൻവറിന്റെ അവകാശത്തെ ആർക്കും ചോദ്യം ചെയ്യാനാവില്ല. അതിന്റെ പേരിൽ രാഷ്ട്രീയ വേട്ടയാടൽ നേരിടുന്ന അൻവറിന് നിരുപാധിക പിന്തുണയുണ്ടായിരിക്കും -അദ്ദേഹം കൂട്ടിച്ചേർത്തു.
നിലമ്പൂരിൽ ഫോറസ്റ്റ് ഓഫിസിൽ അതിക്രമിച്ചു കയറി നാശനഷ്ടം വരുത്തി എന്ന കേസിലാണ് അൻവറിനെ ഞായാറാഴ്ച രാത്രി നൂറോളം പൊലീസുകാർ വീട് വളഞ്ഞ് അറസ്റ്റ് ചെയ്തത്. പിന്നാലെ അർധരാത്രി തന്നെ മജിസ്രേടറ്റിന് മുന്നിൽ ഹാജരാക്കി തവനൂർ ജയിലിലടച്ചു. നാടകീയമായിരുന്നു അറസ്റ്റും തുടർ നടപടികളും. സർക്കാറിന്റെ പ്രതികാര അറസ്റ്റാണിതെന്ന പ്രതീതി അതിവേഗം പരന്നു.
പൊലീസിന് നോട്ടീസ് നൽകി വിളിപ്പിക്കാവുന്ന കേസിൽ വീട് വളഞ്ഞ് അറസ്റ്റ് വേണ്ടിയിരുന്നില്ല എന്ന അഭിപ്രായത്തിന് സ്വീകാര്യതയേറി. ഡി.എം.കെ രൂപവത്കരണവും ഉപതെരഞ്ഞെടുപ്പിലെ പ്രകടനങ്ങളും വേണ്ടത്ര ശോഭിച്ചില്ലെങ്കിലും ഇപ്പോഴത്തെ സംഭവങ്ങൾ അൻവറിന് ഗുണകരമായി എന്നാണ് ഇടതുകേന്ദ്രങ്ങൾ പോലും വിശ്വസിക്കുന്നത്. വനനിയമഭേദഗതി ബിൽ സംസ്ഥാനത്ത് വലിയ പ്രതിഷേധങ്ങൾക്ക് കാരണമാകാനിരിക്കെ ഈ വിഷയം ഉയർത്തി ആദ്യം തെരുവിലിറങ്ങിയ നേതാവെന്ന പരിവേഷം അൻവറിന് ഭാവിയിൽ ഗുണകരമാവും. അതേ സമയം പൊലിസിന്റെ കടുത്ത പ്രതികാര നടപടികളുടെ ഭാഗമായി മറ്റ് കേസുകളിലെ അറസ്റ്റും ഇനി രേഖപ്പെടുത്തുമോ എന്ന സംശയവുമുയർന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.