കടന്നലിനെ തിന്നാൻ ശ്രമം; ചൈനീസ് യൂട്യൂബർക്ക് കിട്ടിയത് മുട്ടൻ പണി
text_fieldsസമൂഹമാധ്യമങ്ങളിൽ വൈറലാവാനുള്ള ശ്രമം പലപ്പോഴും പലരേയും അപകടത്തിൽപ്പെടുത്താറുണ്ട്. ചൈനീസ് സോഷ്യമീഡിയ ഇൻഫ്ലുവൻസറായ യുവാവിനും പറ്റിയത് അതുതന്നെയാണ്. സൗത് ചൈന മോണിങ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് ചൈനീസ് വീഡിയോ പ്ലാറ്റ്‌ഫോമായ ഡൂയിനിൽ വന്നിരിക്കുന്ന വിഡിയോ ആണ് വൈറലായിരിക്കുന്നത്. ഈ മാസം ആദ്യമാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
വാങ് കാൻ എന്ന യുവാവ് ഒരു ജോടി ചോപ്സ്റ്റിക്കുകൾ കൊണ്ട് കടന്നലിനെ തിന്നാൻ ശ്രമിക്കുന്നതാണ് വിഡിയോയിലുള്ളത്. കടന്നലിനെ വായിൽ വച്ചതും അത് ആഞ്ഞ് കുത്തുന്നു. ഇതോടെ യുവാവ് വേദനയോടെ നിലവിളിക്കുകയാണ്. വീഡിയോ പിന്നീട് വാങിന്റെ മുഖത്തിന്റെ ക്ലോസപ്പ് കാണിക്കുന്നുണ്ട്. അതിൽ അയാളുടെ ചുണ്ടുകളും മുഖവും വീർത്തതായി കാണപ്പെടുന്നു.
മോണിങ് പോസ്റ്റ് റിപ്പോർട്ട് പ്രകാരം, 560,000 ഫോളോവേഴ്‌സ് ഉള്ളയാളാണ് വാങ് കാൻ. വാങിന്റെ പ്രാഥമിക ഡൂയിൻ അകൗണ്ട് വിവാദ വീഡിയോ അപ്‌ലോഡ് ചെയ്തതിന് തൊട്ടുപിന്നാലെ സസ്പെൻഡ് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ വിഡിയോ വീണ്ടും മറ്റൊരു അകൗണ്ടിൽ അപ്‌ലോഡ് ചെയ്‌തിട്ടുണ്ട്. ട്വിറ്ററിലും ടിക് ടോക്കിലും, ക്ലിപ്പിന്റെ പതിപ്പുകൾ വിവിധ ഉപയോക്താക്കൾ റീട്വീറ്റ് ചെയ്തു.
ജീവനുള്ളവയെ ഭക്ഷിക്കുന്നതുമായി ബന്ധപ്പെട്ട വിവാദ വീഡിയോകൾ പോസ്റ്റ് ചെയ്തതിന് ചൈനയിലെ ചില വ്ലോഗർമാർ നേരത്തേയും നടപടി നേരിട്ടിട്ടുണ്ട്. ഓഗസ്റ്റിൽ, ചൈനയിലെ സംരക്ഷിത ഇനമായ വെളുത്ത സ്രാവിനെ ഭക്ഷിക്കുന്ന വീഡിയോയെ തുടർന്ന് ചൈനീസ് സ്ട്രീമറെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ചൈന സെൻട്രൽ ടെലിവിഷൻ അനുസരിച്ച്, വംശനാശഭീഷണി നേരിടുന്ന കടൽ ഒച്ചിനെ ഭക്ഷിച്ചതിന് 2021 മെയ് മാസത്തിൽ, ഹൈനാൻ പ്രവിശ്യയിൽ നിന്നുള്ള ഒരു ഫുഡ് ബ്ലോഗറെ കസ്റ്റഡിയിലെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.