‘‘ഒരു ഇന്ത്യൻ ചെക്കനെ വേണം’’
text_fields‘ഒരു ഇന്ത്യൻ ചെക്കനെ വേണ’മെന്ന മോസ്കോക്കാരി ദിനാറയുടെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ ആവേശം കേറി സമ്മതമറിയിച്ചത് ലക്ഷക്കണക്കിനാളുകൾ. എവിടെയാണെന്ന് പറയാതെ, ഒരു ഇന്ത്യൻ ഷോപ്പിങ് മാളിൽ പുരുഷ മാനിക്യൂനുകൾക്കരികിൽ നിൽക്കുന്ന തന്റെ ഫോട്ടോ സഹിതമാണ് വ്ലോഗറായ ദിനാറ പോസ്റ്റിട്ടത്. ‘‘ലുക്കിങ് ഫോർ ആൻ ഇന്ത്യൻ ഹസ്ബൻഡ് (അൺമാരീഡ്)’’ എന്നെഴുതി, തന്റെ ഇൻസ്റ്റ പ്രൊഫൈലിന്റെ ക്യു.ആർ കോഡും ചേർത്ത പോസ്റ്ററും പിടിച്ച് ചുവന്ന സാരിയിലാണ് ഈ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുടെ നിൽപ്. ‘‘ഒരാളെ കണ്ടെത്താൻ സഹായിക്കാമോ’’ എന്ന് കാപ്ഷനും ചേർത്തിരുന്നു. ശരിക്കും പയ്യനെ കിട്ടാനാണോ അതോ വ്യൂവും ലൈക്കും കിട്ടാനാണോ ദിനാറയുടെ പോസ്റ്റ് എന്ന സംശയം തീർന്നില്ലെങ്കിലും, ചാൻസ് മിസ് ചെയ്യേണ്ട എന്നു കരുതിയാവണം യുവാക്കളുടെ തള്ളിക്കയറ്റമായിരുന്നു. 78 ലക്ഷം വ്യൂവും 85000 ലൈക്കുമായി ദിനാറയുടെ കല്യാണാന്വേഷണം അതോടെ രാജ്യത്തെ ഇളക്കിമറിച്ചു. ‘‘എന്നെ കെട്ടൂ’’, ‘‘ഞാൻ റെഡി’’, ‘‘അരേ അരേ വിൽ യു മാരി മീ..’’ എന്നൊക്കെ ചോദിച്ച് കമന്റുകൾ ചറപറ. ചിലർ വയസ്സു ചോദിക്കുന്നു. ‘‘എന്റെ അമ്മാവന് 75 ആയി, പുള്ളി റെഡി’’ എന്നായിരുന്നു ഒരാളുടെ റിപ്ലൈ. എന്തുകൊണ്ട് ഇന്ത്യൻ ഭർത്താവ് എന്ന ചോദ്യത്തിന് ദിനാറയുടെ മറുപടി ഇങ്ങനെ: ‘‘വർഷങ്ങൾക്കുമുമ്പേ ഇന്ത്യൻ സംസ്കാരത്തെക്കുറിച്ചും കുടുംബത്തിന് നൽകുന്ന പ്രാധാന്യത്തെക്കുറിച്ചും ഞാനറിഞ്ഞിരുന്നു.’’
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.