ട്രംപും മിസോറാം ഗവർണറും തമ്മിലെന്തു ബന്ധം?
text_fieldsനിശിതമായ രാഷ്ട്രീയ വിമർശനങ്ങളുടെ കൂടി ഇടമാണ് സമൂഹമാധ്യമങ്ങൾ. യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപ് തോറ്റതോടെ മൂർച്ചയേറിയ പരിഹാസമാണ് നെറ്റിസൺസ് ഉയർത്തുന്നത്. അതുപക്ഷേ, വന്നു കൊള്ളുന്നത് ട്രംപിന് മാത്രമല്ല, ട്രംപിന്‍റെ സഹചാരി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി.ജെ.പിക്കും വരെ കൊള്ളുകയാണ് പരിഹാസങ്ങൾ.
'ട്രംപിനെ അടുത്ത മിസോറാം ഗവർണറാക്കിയേക്കും' എന്നാണ് ട്രോളന്മാരുടെ പ്രധാന പരിഹാസം. തെരഞ്ഞെടുപ്പു തോൽവിക്ക് പിന്നാലെ ബി.ജെ.പിക്ക് ആവശ്യമില്ലാത്തവരെ കൊണ്ടു തള്ളാനുള്ള ഇടമാണ് മിസോറാം ഗവർണർ സ്ഥാനമെന്ന ആക്ഷേപം മലയാളികൾക്കിടയിൽ മുമ്പേയുണ്ട്.
ബി.ജെ.പി മുൻ സംസ്ഥാന അധ്യക്ഷന്മാരായ കുമ്മനം രാജശേഖരൻ, പി.എസ്. ശ്രീധരൻ പിള്ള എന്നിവരാണ് അടുത്തിടെ മിസോറാം ഗവർണർമാരായ മലയാളികൾ. 2018 മേയിലാണ് കുമ്മനത്തെ മിസോറാം ഗവർണറായി നിയമിച്ചത്. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിലെ പാർട്ടിയുടെ പരാജയത്തിന് ശേഷമായിരുന്നു ഇത്. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് പി.എസ്. ശ്രീധരൻ പിള്ളയെ ഗവർണറാക്കിയത്. അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെയായിരുന്നു നിയമനം.
മോദിയുടെ ഉറ്റ ചങ്ങാതിയായ ട്രംപ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിച്ച് തോറ്റ സാഹചര്യത്തിൽ ഇനി മിസോറാം ഗവർണറാക്കുക മാത്രമേ വഴിയുള്ളൂവെന്നാണ് നെറ്റിസൺസിന്‍റെ കളിയാക്കൽ.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുമ്പായി ട്രംപ് മോദിയെ യു.എസിലെത്തിച്ച് വൻ പരിപാടികൾ നടത്തിയിരുന്നു. ഹൂസ്റ്റണിൽ നടന്ന ഹൗഡി മോഡി പരിപാടിയിൽ പതിനായിരങ്ങളാണ് പങ്കെടുത്തത്. ഇന്ത്യക്കാരുടെ വോട്ട് ഉറപ്പിക്കാനായിരുന്നു മോദിയെ മുൻനിർത്തിയുള്ള ട്രംപിന്‍റെ നീക്കം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.