'തക്കാളി മഞ്ഞയും ചുവപ്പും കലർന്നത് വേണം, സവാള ഉരുണ്ടതും ചെറുതും, ഉരുളക്കിഴങ്ങിൽ പച്ച നിറം പാടില്ല' -പച്ചക്കറി വാങ്ങാൻ ഭാര്യ ഭർത്താവിന് കൊടുത്തുവിട്ട കുറിപ്പ് വൈറൽ
text_fieldsവീട്ടിലേക്കുള്ള പച്ചക്കറി വാങ്ങാനായി ഭാര്യ ഭർത്താവിന് കൊടുത്തുവിട്ട കുറിപ്പാണ് സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നത്. ഇന്ത്യൻ ഫോറിൻ സർവീസിൽ നിന്ന് വിരമിച്ച ഭർത്താവ് തന്നെയാണ് കുറിപ്പ് സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ചത്. മോഹൻ പാർജിയൻ എന്നാണ് അദ്ദേഹത്തിന്റെ പേര്.
പച്ചക്കറികൾ വാങ്ങുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണമെന്ന് ഭാര്യ കുറിപ്പിൽ പ്രത്യേകം എഴുതിയിട്ടുണ്ട്. മാത്രമല്ല, പച്ചക്കറികളുടെ ആകൃതിയിലും ശ്രദ്ധ വേണമെന്ന് പറയുന്നുമുണ്ട്. തക്കാളി വാങ്ങുമ്പോൾ മഞ്ഞയും ചുവപ്പും കലർന്നതായിരിക്കാൻ ശ്രദ്ധിക്കണം. എങ്കിൽ മാത്രമേ കൂടുതൽ ദിവസം തക്കാളി കേടു കൂടാതെ ഇരിക്കുകയുള്ളൂ. മാത്രമല്ല തക്കാളിയിൽ ദ്വാരമില്ലെന്നും ഞെങ്ങുന്നില്ലെന്നും ഉറപ്പാക്കണം. സവാള ഉരുണ്ടതും ചെറുതുമായിരിക്കണം തെരഞ്ഞെടുക്കേണ്ടത്.
ഉരുളക്കിഴങ്ങിൽ ഒരിക്കലും പച്ചനിറമുണ്ടായിരിക്കരുത്. വെണ്ടക്ക വാങ്ങുമ്പോൾ അധികം മൃദുവായതും കട്ടിയുള്ളതും ആകാതിരിക്കാൻ ശ്രദ്ധിക്കണം. പച്ചമുളക് കടുംപച്ച നിറത്തിലുള്ളതായിരിക്കണം. പാലക് വാങ്ങുമ്പോൾ നല്ല ഇലകൾ ഉണ്ടായിരിക്കണം. അതിൽ ദ്വാരങ്ങൾ പാടില്ല... ഇങ്ങനെ ഓരോ സാധനത്തിന്റെയും നേർക്ക് പ്രത്യേകം ചിത്രങ്ങളും വരച്ചു ചേർത്തിട്ടുണ്ട്.
കുറിപ്പ് ശ്രദ്ധയിൽ പെട്ട പലരും ഭാര്യയെ അഭിനന്ദിക്കാൻ മറന്നില്ല. ഭാര്യമാരായാൽ ഇങ്ങനെ കാര്യശേഷിയുള്ളവരായിരിക്കണമെന്നാണ് പ്രധാന അഭിപ്രായം. പച്ചക്കറി വാങ്ങുന്നവർക്ക് കുറിപ്പ് പ്രയോജനപ്പെടുമെന്നും ചിലർ പറയുന്നുണ്ട്. ഒരു ഭർത്താവിനെ സംബന്ധിച്ച അൽപം പേടിയുണ്ടാക്കുന്ന ഒന്നാണെങ്കിലും കുറിപ്പ് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച് നന്നായി എന്നും ചിലർ അഭിപ്രായപ്പെട്ടു.
'കുറിപ്പടി കൊള്ളാം...അതിൽ പറഞ്ഞതു പോലെ സാധനങ്ങൾ വാങ്ങണം. എന്തെങ്കിലും തെറ്റുപറ്റിയാൽ പിന്നെ വീട്ടിൽ കയറാൻ സാധിക്കില്ലെന്നും'' മറ്റൊരാൾ മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.