ബി.എ പരീക്ഷാ ഹാൾടിക്കറ്റിൽ മോദിയുടെ ഫോട്ടോ; കാരണം വിചിത്രം
text_fieldsപരീക്ഷാ ചോദ്യപ്പേപ്പറിലും ഉത്തരക്കടലാസിലുമൊക്കെ പലതരം അബദ്ധങ്ങൾ കടന്നുകൂടുന്നത് പതിവാണ്. എന്നാൽ ഇത്തവണ ഹാൾടിക്കറ്റാണ് വില്ലനായത്. ബിഹാറിലെ ദർഭംഗ ജില്ലയിലെ ലളിത് മിഥില സർവകലാശാല നൽകിയ ബി.എ പരീക്ഷയുടെ ഹാൾടിക്കറ്റിലാണ് പിഴവുപറ്റിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫോട്ടോ അടിച്ച ഹാൾടിക്കറ്റാണ് സർവ്വകലാശാല ഒരു വിദ്യാർഥിക്ക് നൽകിയത്. ബിഹാർ ഗവർണർ ഫാഗു ചൗഹാന്റെ ഫോട്ടോ അടിച്ച ഹാൾടിക്കറ്റും മറ്റൊരു വിദ്യാർഥിക്ക് നൽകിയിട്ടുണ്ട്.
നേരത്തേ ഇതേ സർവ്വകലാശാലയിൽ 100 മാർക്കിന്റെ പരീക്ഷക്ക് 151 മാർക്ക് വിദ്യാർഥിക്ക് നൽകിയ സംഭവവും ഉണ്ടായിട്ടുണ്ട്. ശനിയാഴ്ച, യൂനിവേഴ്സിറ്റി വിദ്യാർഥിയായ പെൺകുട്ടി വെബ്‌സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്ത ഹാൾടിക്കറ്റിലാണ് മോദിയുടെ ചിത്രം പതിച്ചിരിക്കുന്നത്. വിദ്യാർഥിനിയുടെ പേര് ഗുഡിയ കുമാരി എന്നാണ് എഴുതിയിരിക്കുന്നത്. ഫോട്ടോ ഒഴികെ മറ്റ് വിവരങ്ങളൊക്കെ കൃത്യമായാണ് നൽകിയിരിക്കുന്നത്. മറ്റൊരാൾക്ക് ഗവർണറുടെ ഫോട്ടോ പതിച്ച അഡ്മിറ്റ് കാർഡും നൽകിയിട്ടുണ്ട്. ഹാൾടിക്കറ്റുകളുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി.
വിദ്യാർഥികളുടെ പിഴവാണ് ഫോട്ടോ തെറ്റായി അടിച്ചുവരാൻ കാരണം എന്നാണ് യൂനിവേഴ്സിറ്റി അധികൃതർ പറയുന്നത്. വിദ്യാർഥികൾ രേഖകൾ സ്വയം അപ്‌ലോഡ് ചെയ്താണ് ഹാൾ ടിക്കറ്റ് തയ്യാറാക്കുന്നതെന്ന് സർവകലാശാല രജിസ്ട്രാർ ഡോ മുഷ്താഖ് അഹമ്മദ് പറഞ്ഞു. വിദ്യാർഥികൾ ഗവർണറുടെയും പ്രധാനമന്ത്രിയുടെയും ഫോട്ടോ അപ്‌ലോഡ് ചെയ്തതാണ് ഇത്തരം പിഴവിന് കാരണമെന്നും ഇക്കാര്യത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടതായും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.