യഥാര്‍ത്ഥ മാതാപിതാക്കളെ കണ്ടെത്തിയ കഥ ടിക് ടോകില്‍ വിവരിച്ച് യുവതി
text_fieldsഇതുവരെ ജീവിച്ച കുടുംബം, രക്തബന്ധമുള്ളവരാണെന്ന് കരുതിയിരുന്നവര്‍ സ്വന്തം മാതാപിതാക്കളല്ലെന്ന് അറിഞ്ഞാലുള്ള മാനസികാവസ്ഥയും യഥാര്‍ഥ മാതാപിതാക്കളെ കണ്ടെത്തിയ കഥയും വിവരിക്കുകയാണ് അമേരിക്കയില്‍നിന്നുള്ള യുവതി.
26-ാം വയസ്സിലാണ് തന്റെ യഥാര്‍ത്ഥ മാതാപിതാക്കളോടൊപ്പമല്ല താന്‍ ഇതുവരെ ജീവിച്ചത് എന്ന് യുവതി തിരിച്ചറിഞ്ഞത്. ഇത്രയും കാലം തന്റെ ജീവിത കഥ തേടി ഒടുവില്‍ അന്വേഷിച്ച് കണ്ടെത്തിയതാകട്ടെ 42-ാം വയസ്സിലും. ടിക് ടോകില്‍ പോസ്റ്റ് ചെയ്ത വീഡിയോകളിലൂടെയാണ് യുവതി തന്റെ കഥ വെളിപ്പെടുത്തിയത്.
അമ്മയും അച്ഛനും വിവാഹമോചനത്തിന് തീരുമാനിച്ചിരിക്കെ ഒരു ദിവസമാണ് ഇത് തന്റെ യഥാര്‍ത്ഥ മാതാപിതാക്കളല്ലെന്ന് ആദ്യമായി യുവതി അറിയുന്നത്. വിവാഹമോചനം സംബന്ധിച്ച തര്‍ക്കത്തിനിടെ, 'നീ ഞങ്ങളുടെ മകള്‍ അല്ല' എന്ന് അവര്‍ പറഞ്ഞപ്പോള്‍ ഞെട്ടിപ്പോയെന്ന് യുവതി വിവരിക്കുന്നു. കൂടെയുള്ളത് തന്റെ ജൈവപരമായ മാതാപിതാക്കളല്ലെന്ന് അറിഞ്ഞതോടെ, രക്തബന്ധുക്കളെക്കുറിച്ച് അറിയാനുള്ള ശ്രമത്തിന് തുടക്കമിടുകയായിരുന്നെന്ന് യുവതി പറയുന്നു.
താന്‍ ജനിച്ച നഗരത്തിലെ പൊലീസ് സ്റ്റേഷനിലേക്കാണ് യുവതി ആദ്യം പോയത്. സംഭവം അറിഞ്ഞ ഉദ്യോഗസ്ഥര്‍ പഴയ രേഖകള്‍ തപ്പി, യുവതി കുഞ്ഞായിരിക്കെ കാണാനില്ലെന്ന് പരാതി ലഭിച്ചിരുന്നതായി കണ്ടെത്തി. ഈ പരാതിയെ ചുറ്റിപ്പറ്റിയുള്ള തുടരന്വേഷണത്തില്‍ കാര്യങ്ങള്‍ വ്യക്തമായി.
പ്രസവിച്ച അമ്മ അവളെ മറ്റൊരു ദമ്പതികള്‍ക്ക് വില്‍ക്കുകയായിരുന്നു. തുടര്‍ന്ന്, തന്റെ കുഞ്ഞിനെ കാണാനില്ലെന്നും ആരോ തട്ടിക്കൊണ്ടുപോയെന്നും പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. അമ്മയുടെ കുടുംബത്തിലെ എല്ലാവരും കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി എന്നാണ് ഇക്കാലമത്രയും വിശ്വസിച്ചിരുന്നത്. അപ്പോഴും നിലവില്‍ തന്റെ അമ്മ എവിടെയാണ് ജീവിക്കുന്നതെന്ന് യുവതിക്ക് കണ്ടെത്താന്‍ കഴിഞ്ഞില്ല.
ഇത്രയും കാര്യങ്ങള്‍ മനസ്സിലാക്കിയ യുവതി 2006ല്‍ ഒരു സ്വകാര്യ അന്വേഷകനെ സമീപിച്ച് തന്റെ യഥാര്‍ത്ഥ അമ്മയെ കണ്ടെത്താന്‍ ഏല്‍പ്പിച്ചു. വര്‍ഷങ്ങള്‍ക്ക് ശേഷം അന്വേഷണത്തില്‍ പ്രസ്തുത സ്ത്രീയെ കണ്ടെത്തുകയും ചെയ്തു.
അടുത്തിടെ അമ്മയും മകളും തമ്മില്‍ കൂടിക്കാഴ്ച നടന്നെങ്കിലും നല്ല രീതിയില്‍ കാര്യങ്ങള്‍ നടന്നില്ലെന്നും യുവതി ടിക് ടോക് വീഡിയോയില്‍ പറയുന്നു.
ഒടുവില്‍, തന്റെ പിതാവിനെയും കണ്ടെത്തിയെന്നും എല്ലാം നന്നായിരിക്കുന്നുവെന്നും ഒടുവില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ യുവതി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.