ഫുട്ബോൾ ടീം തോറ്റാൽ കോളജിലെ ആണവറിയാക്ടർ തകർക്കുമെന്ന് പറഞ്ഞ യുവതി അറസ്റ്റിൽ
text_fieldsഫുട്ബോൾ ടീം തോറ്റാൽ ആണവറിയാക്ടർ തകർക്കുമെന്ന് പറഞ്ഞ കോളജ് വിദ്യാർഥിനിയെ പൊലീസ് അറസ്റ്റ് ചെയ്തു. വരുംവരായ്കകൾ ഓർക്കാതെ ആവേശം മൂത്ത് ഓരോന്ന് പറയുന്നവർക്ക് മുന്നറിയിപ്പാണീ വാർത്ത. ശനിയാഴ്ചയാണ് സംഭവം. സാൻ ഡീഗോ സ്റ്റേറ്റ് യൂനിവേഴ്സിറ്റിക്കെതിരായ മത്സരത്തിൽ ഫുട്ബോൾ ടീം വിജയിച്ചില്ലെങ്കിൽ യുട്ട കോളജിലെ ആണവ റിയാക്ടർ തകർക്കുമെന്നായിരുന്നു യുവതി സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തത്.
യിക് യാക് എന്ന ആപ് വഴി തമാശക്കാണ് പോസ്റ്റിട്ടതെന്നായിരുന്നു പൊലീസ് ചോദ്യം ചെയ്തപ്പോൾ യുവതി പറഞ്ഞത്. ആപ് പോസ്റ്റ് ചെയ്യുന്നവരുടെ ഐഡന്‍റിറ്റി പരസ്യമാക്കില്ല. എന്നാൽ ഭീഷണിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ആരാണ് പോസ്റ്റിട്ടതെന്ന് പൊലീസ് കണ്ടെത്തി.
ഇത്തരത്തിലുള്ള ഭീഷണികൾ ഒരു നിലക്കും അനുവദിക്കില്ലെന്ന് യൂനിവേഴ്സിറ്റി അധികൃതർ വ്യക്തമാക്കി. യൂനിവേഴ്സിറ്റിയുടെ മെറിൽ എൻജിനീയറിങ് കെട്ടിടത്തിലാണ് ആണവ റിയാക്ടർ ഉള്ളത്. ഇതിനെ കുറിച്ച് വിദ്യാർഥിക്ക് അറിയാമായിരുന്നുവെന്നും പൊലീസ് പറഞ്ഞു. നേരത്തേ ഇതേ യൂനിവേഴ്സിറ്റിയിലെ മറ്റൊരു വിദ്യാർഥി സമൂഹ മാധ്യമം വഴി ബോംബ് ഭീഷണി മുഴക്കിയിരുന്നു. ഏതായാലും ഫുട്ബോൾ മത്സരത്തിൽ യൂട്ടാ യൂനിവേഴ്സിറ്റി സാൻ ഡീഗോ സ്റ്റേറ്റ് യൂനിവേഴ്സിറ്റിയെ പരാജയപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.