‘തൊപ്പി മരിച്ചു, ഇനി നിഹാദായി ജീവിക്കും.. അതേ ഉള്ളൂ വഴി’ -പിറന്നാൾ ദിനത്തിൽ യൂട്യൂബർ തൊപ്പി
text_fieldsകൊച്ചി: താൻ കടുത്ത മാനസിക വിഷമത്തിലൂടെ കടന്നുപോവുകയാണെന്നും തന്റെ ‘തൊപ്പി’ എന്ന ക്യാരക്ടർ അവസാനിപ്പിക്കുകയാണെന്നും വിവാദ യൂട്യൂബർ നിഹാദ്. കഴിഞ്ഞ മാസം വീട്ടിൽ പോയപ്പോൾ വീട്ടുകാർ തന്റെ മുഖത്തുനോക്കി വാതിൽ അടച്ചുവെന്നും എത്രപണവും പ്രശസ്തിയുമുണ്ടാക്കിയിട്ടും സ്വന്തം വീട്ടുകാർ കൂടെയില്ലെങ്കിൽ പിന്നെ എന്തുകാര്യമെന്നും നിഹാദ് തന്റെ യൂട്യൂബ് ലൈവിൽ ചോദിച്ചു.
‘സമയമായി, സമയമായി. എല്ലാം അവസാനിപ്പിക്കാൻ സമയമായി. പലരും ഞാൻ കഞ്ചാവെന്ന് പറയുന്നു. കഞ്ചാവൊന്നുമല്ല. ഉമ്മയാണെ സത്യം കഞ്ചാവ് അടിച്ചിട്ടില്ല. കഴിഞ്ഞ ഒരുമാസമായി എന്റെ എല്ലാ ദിവസവും ഇങ്ങനെയാണ്. ഒരുമാസമായി ലൈവ് വന്നിട്ട്. അന്ന് വീട്ടിൽ പോയി തിരിച്ചുവന്നു. ആ ദിവസം വിഷമിച്ചത് പോലെ എന്റെ ജീവിതത്തിൽ വിഷമിച്ച മറെറാരു ദിവസവുമില്ല. ഞാൻ എല്ലാ ദിവസവും വന്നിട്ട് ഇക്കാര്യം ലൈവിടണോ? ഈ ക്യാരക്ടർ എനിക്ക് മടുത്തു...’ -പിറന്നാൾ ദിനത്തിലെ യൂട്യൂബ് സ്ട്രീമിങ്ങിൽ തൊപ്പി പറഞ്ഞു.
'ഇന്ന് സ്ട്രീമിങ്ങില്ല. ഇന്നെൻ്റെ പിറന്നാളായിട്ട് രാവിലെ മുതൽ ഇങ്ങനെ തന്നെയാണ്. കിടന്ന് ഉറങ്ങുന്നു, എഴുന്നേൽക്കുന്നു, ഉറങ്ങുന്നു, എഴുന്നേൽക്കുന്നു... ഇതുതന്നെ പണി. ഭ്രാന്തുപിടിച്ചപ്പോൾ ലൈവിട്ടതാണ്. ഒറ്റ കാര്യമേ പറയാനുള്ളൂ. പിറന്നാൾ സമ്മാനം, ആഘോഷം ഒന്നുമില്ല.. ഒന്നിനും ഞാനില്ല. പിറന്നാളിന് പലതും പ്ലാൻ ചെയ്തതായിരുന്നു. എല്ലാം ഒഴിവാക്കി. എനിക്ക് പിറന്നാൾ സമ്മാനമായി തരാനുദ്ദേശിക്കുന്ന പണം വേറെ എന്തിനെങ്കിലും ഉപയോഗിക്കുക. പോയി ഭക്ഷണം കഴിക്കൂ, അല്ലെങ്കിൽ ആർക്കെങ്കിലും ഭക്ഷണം വാങ്ങിക്കൊടുക്കൂ. എനിക്ക് പണം അയക്കണ്ട.
ലൈവ് വരാനാണെങ്കിൽ എന്നും വരാമായിരുന്നു. കഴിഞ്ഞ ഒരുമാസമായി ഞാനിവിടെ കിടന്ന് ഉരുളുകയാണ്. വിഷാദത്തിലേക്ക് പോയ എന്റെ ജീവിതം നിങ്ങളെ കാണിച്ചിട്ട് എന്തിനാണ്. കേൾക്കുമ്പോൾ തമാശയായിട്ട് തോന്നും. ഞാനീ ക്യാരക്ടർ അവസാനിപ്പിക്കാൻ പോവുകയാണ്. അവസാനം ലൈവ് വന്നിട്ട് വീട്ടിൽ പോവുകയാണെന്ന് പറഞ്ഞ് പോയത് ഓർക്കുന്നുണ്ടോ? അന്ന് സ്വന്തം കുടുംബം മുഖത്ത് നോക്കി ഡോർ അടച്ചു. വീട്ടുകാർ ഒപ്പമില്ലെങ്കിൽ എത്ര പണവും പ്രശസ്തിയുമുണ്ടാക്കിയിട്ട് എന്താണ് കാര്യം. എല്ലാം അവസാനിപ്പിക്കാൻ സമയമായി. എനിക്ക് മടുത്തു’ -തൊപ്പി പറയുന്നു.
‘എൻ്റെ അവസ്ഥ എങ്ങനെയാണ് നിങ്ങളെ പറഞ്ഞ് മനസിലാക്കുക എന്നറിയില്ല. എനിക്ക് മുന്നിലുള്ള അവസാനത്തെ ഒരേ ഒരു വഴി 'തൊപ്പി' എന്ന കഥാപാത്രത്തെ ഒഴിവാക്കലാണ്. ഈ ‘തൊപ്പി’ എന്ന ചങ്ങാതിയില്ലേ, ഈ ചങ്ങാതിയെ കൊന്നുവിടുക. നിഹാദ് എന്ന എന്നിലേക്ക് തിരിച്ച് പോവുക. നിങ്ങൾക്കെല്ലാം ഞാനൊരു കോമാളി’ -നിഹാദ് പറഞ്ഞു. ലൈവിനിടെ ആരാധകർ സൂപ്പർ ചാറ്റ് വഴി ഗിഫ്റ്റായി പണം നൽകുന്നത് ശ്രദ്ധയിൽപെട്ടപ്പോൾ തൊപ്പി ആ ഓപ്ഷൻ ഓഫ് ചെയ്തു. അതിന് ശേഷം വീണ്ടും സംസാരം തുടർന്നു.
‘തനിക്ക് ഗിഫ്റ്റ് ചെയ്യുന്ന പണം ആർക്കെങ്കിലും കൊണ്ടുപോയി കൊടുക്കുക. വേറൊന്നും പറയാനില്ല. ഈ ക്യാരക്ടർ വിടുക എന്നതാണ് പരിഹാരം. ഞാൻ എന്റെ റിയൽ ക്യാരക്ടറിലേക്ക് തിരിച്ചുപോകുകയാണ്. ആളുകൾ എന്തെങ്കിലും കരുതട്ടേ. സ്വന്തം കുടുംബം അംഗീകരിക്കുന്നില്ലെങ്കിൽ പിന്നെ ജീവിച്ചിരുന്നിട്ട് എന്താണ് കാര്യം? ഇങനെയെല്ല ജീവിക്കേണ്ടത്. ഇത് ഞാൻ കുറേ ഉറപ്പിച്ചെടുത്ത തീരുമാനമാണ്. അഞ്ച് നേരം നിസ്കരിച്ചാൽ ശരിയാകുമെന്ന് പറഞ്ഞു. ഈ അവസ്ഥയിൽ നിന്ന് പുറത്തുകടക്കാൻ ഞാൻ ട്രൈ ചെയ്യാത്ത വഴികളില്ല. ജിമ്മിലും പോയി. ഓരോ തവണയും ഞാൻ ഹാപ്പിയാകാനാണ് നിങ്ങളുടെ മുന്നിൽ വന്നത്. എന്റെ ശരിയായ മുഖം മറച്ചിട്ടാണ് വന്നത്. ഇതിൽ കൂടുതൽ എനിക്ക് പറ്റില്ല. ഒന്നൊന്നൊര കൊല്ലത്തെ എന്റെ അധ്വാനമാണ് എന്റെ മുടി. ഇത് ഞാൻ മുറിക്കുകയാണ് (ശേഷം കത്രിക ഉപയോഗിച്ച് മുറിച്ചു കളഞ്ഞു). ഇനി നമ്മൾ കാണുന്നുണ്ടെങ്കിൽ തൊപ്പി മരിച്ചു, ഇനി നിഹാദായി കാണാം.. നിഹാദേ ഉള്ളൂ.. ഈ ക്യാരക്ടർ വിട്ടാൽ വീട്ടിൽ കയറ്റാൻ 90 ശതമാനം സാധ്യതയുണ്ട്. എനിക്കറിയില്ല. നമുക്ക് ചെയ്യാൻ പറ്റുന്നതിന്റെ മാക്സിമം നമ്മൾ ചെയ്യുക. എന്റെ ലൈഫ് ഇങ്ങനെയാകും എന്ന് ഞാൻ വിചാരിച്ചിട്ടില്ല... തൊപ്പി മരിച്ചു. അതേ ഉള്ളൂ വഴി. നോർമൽ ലൈഫിലേക്ക്, നോർമൽ മനുഷ്യനായി തിരിച്ചു പോവുക.. ലൈവ് നിർത്താൻ തോന്നുന്നില്ല, നിർത്തിയാൽ വല്ലാത്ത ഏകാന്തതയാണ്. മതി. എല്ലാം നിർത്തുകയാണ്..’ -എന്ന് പറഞ്ഞാണ് നിഹാദ് യൂട്യൂബ് ലൈവ് അവസാനിപ്പിക്കുന്നത്.
Mrz Thoppi എന്ന പേരിലുള്ള യൂട്യൂബ് ചാനലിലൂടെയാണ് കണ്ണൂർ സ്വദേശിയായ നിഹാദ് ചുരുങ്ങിയ കാലം കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലായത്. 8.72 ലക്ഷം സബ്സ്ക്രൈബേഴ്സ് ഉണ്ട്. സ്ത്രീത്വത്തെ അപമാനിച്ചതിന്റെയും അശ്ലീല പദപ്രയോഗങ്ങൾ നടത്തിയതിന്റെയും പേരിൽ നിരവധി തവണ വിവാദത്തിലായിട്ടുണ്ട്. സ്കൂൾ വിദ്യാർഥികളാണ് തൊപ്പിയുടെ വിഡിയോകളുടെ സ്ഥിരം കാഴ്ചക്കാർ. തൊപ്പി പങ്കെടുത്ത ഉദ്ഘാടന ചടങ്ങുകളിൽ കുട്ടികൾ കൂട്ടമായെത്തിയതും റോഡ് ബ്ലോക്കായതും വിവാദമായിരുന്നു. പൊതുസ്ഥലത്ത് അശ്ലീല പരാമർശങ്ങൾ നടത്തിയതിനും ഗതാഗതം തസപ്പെടുത്തിയതിനും 'തൊപ്പി'ക്കെതിരെ കേസെടുക്കുകയും താമസസ്ഥലത്തിന്റെ വാതിൽ തകർത്ത് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.