‘ലയണൽസി’ന്റെ വിജയരഹസ്യം
ഡിസംബർ 18ന് സമാപിച്ച ലോകകപ്പ് ഫുട്ബാൾ മത്സരം എന്താണ് കളിേപ്രമികൾക്കും കാൽപന്തിനും നൽകിയത്? പുതിയ ചരിത്രം എഴുതപ്പെട്ടോ? ആരാണ് യഥാർഥ വിജയികൾ? -ഖത്തറിൽനിന്ന് ലോകകപ്പ് റിപ്പോർട്ട് ചെയ്ത ‘മാധ്യമം’ ന്യൂസ് എഡിറ്റർ എഴുതുന്ന വിശകലനം.
ലുസൈൽ സ്റ്റേഡിയത്തിൽ മീഡിയ ഗാലറിയിലെ 507ാം േബ്ലാക്ക്. വെളുത്ത പ്ലാസ്റ്റിക് കസേരകൾ നിറഞ്ഞ ‘E’ എന്ന വരിയിലെ 21ാം നമ്പർ സീറ്റിൽ ഇരിപ്പുറക്കാത്ത നിമിഷങ്ങൾ. നിശ്ചിത സമയവും എക്സ്ട്രാ ടൈമും ഇഞ്ചോടിഞ്ച് പോരടിച്ച ശേഷം വിധിനിർണയം ടൈബ്രേക്കറിന്റെ നൂൽപാലത്തിൽ. ലോകകിരീടത്തിനും നഷ്ടസ്വപ്നങ്ങൾക്കുമിടയിലെ നേർത്ത കണികയിൽ അപ്പോൾ സ്കോർ നില 3-2. അവസാന കിക്കെടുക്കാനെത്തുന്നത് അർജന്റീനയുടെ നാലാം നമ്പറുകാരൻ ഗോൺസാലോ മോണ്ടിയൽ. മധ്യവരയിൽ ഒരുഭാഗത്ത് തൂവെള്ളയും ആകാശനീലിമയും നിറമണിഞ്ഞ് വരിവരിയായി ലയണൽ മെസ്സിയും കൂട്ടുകാരും. ആ വരക്കിപ്പുറം സമാന്തരമായി കടുകട്ടി നീലയിൽ കിലിയൻ എംബാപ്പെയും സംഘവും. മോണ്ടിയലിന്റെ ആ കിക്ക് വലയിലെത്തിയാൽ അർജന്റീന പുതിയ ചരിത്രമെഴുതും. ഹ്യൂഗോ ലോറിസ് അത് തടഞ്ഞിടുകയോ പന്ത് ഗതിമാറിപ്പറക്കുകയോ ചെയ്താൽ ഫ്രാൻസ് സാധ്യതകളിലേക്ക് വീണ്ടും തിരിച്ചുവരും. ആ കിക്കിൽ അടങ്ങിയിരിക്കുന്നത് മൂന്നര ദശാബ്ദത്തോളം നീണ്ട ഒരു രാജ്യത്തിന്റെ കാത്തിരിപ്പാണ്. അതിലേറെ, ലോകം മുഴുവൻ നേടിയിട്ടും വിശ്വവിജയത്തിന്റെ മഹാമുദ്ര പതിഞ്ഞിട്ടില്ലാത്തതിനാൽ ലയണൽ മെസ്സിയുടെ ഇതിഹാസ സമാന കരിയറിന് പൂർണതയായില്ലെന്ന വാദങ്ങളും. ഒന്നുപാളിയാൽ ഉടഞ്ഞുപോകുന്നത് ഒരായുസ്സുകൊണ്ടും തിരിച്ചുപിടിക്കാനാവാത്ത കനകകിരീടമാണെന്ന് മോണ്ടിയൽ തിരിച്ചറിഞ്ഞേ തീരുമായിരുന്നുള്ളൂ... അല്ലെങ്കിൽ ഒരു മാത്രകൊണ്ട് അയാൾ എടുത്തെറിയപ്പെടുന്നത് വില്ലൻ പരിവേഷത്തിലേക്കാകുമായിരുന്നു.
‘‘ഡീഗോ... സ്വർഗത്തിൽനിന്ന് വന്നൊന്ന് അനുഗ്രഹിക്കൂ...’’ അതിസമ്മർദങ്ങളുടെയും ഉദ്വേഗത്തിന്റെയും പരകോടിയിൽ ലോകം ആ മുഹൂർത്തത്തിലേക്ക് കണ്ണിമ ചിമ്മാതെ നോക്കിയിരിക്കേ ലയണൽ മെസ്സി മന്ത്രിച്ചത് അതായിരുന്നുവത്രെ. മോണ്ടിയലിനു മുന്നിൽ അപ്പോൾ നീലാകാശംപോലെ ഗാലറി പരന്നുകിടന്നു. സമ്മർദങ്ങളെല്ലാം കുടഞ്ഞുകളഞ്ഞ് അയാൾ ആ കിക്കെടുത്തു, ഒരു മനശ്ചാഞ്ചല്യവുമില്ലാതെ. വലത്തേ പോസ്റ്റിനോടുചേർന്ന് പന്ത് വലയുടെ കോണിലേക്ക് ഉരുണ്ടുകയറുമ്പോൾ ലോറിസ് കൈകൾ നീട്ടിവിരിച്ച് ചാടിയത് ഇടത്തേക്കായിരുന്നു. ഒരു ചരിത്രരചനയുടെ ആവേശകരമായ ൈക്ലമാക്സ്. അർജന്റീനക്ക് മൂന്നാം കിരീടം. മെസ്സിയുടെ ശിരസ്സിൽ മഹാമുദ്രയുടെ അലങ്കാരം. അർജന്റീനയാൽ നിറഞ്ഞ ഗാലറി അതിരുകളില്ലാത്ത ആഹ്ലാദത്തിലേക്ക് ആരവങ്ങളുടെ അമിട്ടുപൊട്ടിച്ചു. സ്റ്റേഡിയം ഉന്മാദങ്ങളിൽ മുങ്ങുകയായിരുന്നു പിന്നെ. മധ്യവരയിൽനിന്ന് മെസ്സിയും കൂട്ടുകാരും ആമോദത്താൽ ഓടിയെത്തി ആഘോഷങ്ങളെ ആളിക്കത്തിച്ചു. ലുസൈലിൽനിന്ന് ലോകമൊട്ടാകെ ആ സന്തോഷം പരക്കുകയായിരുന്നു.
‘ലയണൽസി’ന്റെ വിജയരഹസ്യം
രണ്ടു ‘ലയണലു’കളാണ് അർജന്റീനയെ മൂന്നാം കിരീടത്തിലേക്ക് നയിച്ചത്. കളത്തിൽ ലയണൽ മെസ്സി കരുനീക്കങ്ങൾക്ക് നായകത്വം നൽകിയപ്പോൾ കളത്തിനുപുറത്ത് ലയണൽ സ്കലോണി എന്ന പരിശീലകന്റെ കുറിക്കുകൊള്ളുന്ന തീരുമാനങ്ങൾ അവരുടെ കുതിപ്പിന് കരുത്ത് പകരുകയായിരുന്നു. ഉദ്വേഗവും സമ്മർദങ്ങളും അതിന്റെ പരമമായ രീതിയിൽ കളംഭരിച്ചപ്പോൾപോലും സ്കലോണി കീഴടങ്ങിയില്ല. രണ്ടു ഗോൾ ലീഡ് കളഞ്ഞുകുളിച്ചിട്ടും ഷൂട്ടൗട്ടിൽ നെതർലൻഡ്സിനും ഫ്രാൻസിനുമെതിരായ വമ്പൻ പോരാട്ടങ്ങൾ ടൈബ്രേക്കറിൽ ജയിച്ചുകയറാൻ അർജന്ററീനയെ തുണച്ചത് ആ മനസ്സാന്നിധ്യമായിരുന്നു. പഴയ അർജന്റീനയിൽനിന്ന് പുതിയ അർജന്റീനയിലേക്കുള്ള സഫലമായ ട്രാൻസിഷന്റെ സാക്ഷ്യപത്രം കൂടിയായിരുന്നു ആ വിജയങ്ങൾ.
സൗദി അറേബ്യക്കെതിരായ ആദ്യ മത്സരത്തിൽ അർജന്റീന വീണുപോയത് അതിശയകരമായിരുന്നു. ലുസൈൽ സ്റ്റേഡിയത്തിലെ നട്ടുച്ച വെയിലിനുകീഴെ ചിരപരിചിതമല്ലാത്ത അന്തരീക്ഷമാണെങ്കിലും മെസ്സിക്കും കൂട്ടുകാർക്കും സൗദി ഒരു ‘ഇര’യേ ആയിരിക്കില്ലെന്ന് അതിനകം വിധിയെഴുതിക്കഴിഞ്ഞിരുന്നു ലോകം. അർജന്റീനയിൽനിന്ന് ആൽബിസെലസ്റ്റെ പറന്നിറങ്ങിയതാകട്ടെ, 35 അപരാജിത മത്സരങ്ങളുടെ പകിട്ടും സാധ്യതയിൽ മുമ്പന്മാരെന്ന വിശേഷണവും സഹിതം. ഗ്രൂപ് ‘സി’യിൽ അർജന്റീനക്ക് ജയസാധ്യത ഏറ്റവുമേറെയുള്ള കളിയുമായിരുന്നു സൗദിക്കെതിരെ. മെസ്സിയുടെ ഗോളിൽ ആദ്യപകുതിയിൽ മുന്നിലെത്തിയപ്പോൾ വമ്പൻ ജയത്തിലേക്കെന്ന് തോന്നിച്ചാണ് തുടങ്ങിയതും. എന്നാൽ, രണ്ടാം പകുതി തുടങ്ങിയതിനു പിന്നാലെ അഞ്ചു മിനിറ്റിനിടെ സാലിഹ് അൽശഹ്രിയും സലീം അൽദൗസരിയും മുൻ ലോകചാമ്പ്യന്മാരുടെ നെഞ്ചകം പിളർന്ന് നിറയൊഴിച്ചപ്പോൾ ലോകം ഞെട്ടി. വിദൂര ചിന്തകളിൽപോലും കടന്നുവരാതിരുന്ന ആ പ്രഹരം, 88,000ലേറെ കാണികളുടെ മുന്നിൽ മുഖമടച്ച് കിട്ടിയപ്പോൾ അർജന്റീനക്ക് ആ മത്സരത്തിൽ തിരിച്ചുവരാൻ കഴിഞ്ഞതേയില്ല. അത്രമാത്രം തളർന്നുപോയിരുന്നു അവർ.
ആ ഇടർച്ചക്ക് മറ്റൊരു കാരണം കൂടിയുണ്ടായിരുന്നു. ലിയാൻഡ്രോ പരേഡസും റോഡ്രിഗോ പോളും ജിയോവാനി ലോ ചെൽസോയും അണിനിരന്ന ഒരു മധ്യനിരയെ വാർത്തെടുത്തായിരുന്നു സ്കലോണി പുതിയ അർജന്റീന ടീമിനെ കെട്ടിപ്പടുത്തത്. എന്നാൽ, ലോകകപ്പിന് തൊട്ടുമുമ്പ് പരിക്കേറ്റ് ലോ ചെൽസോക്ക് പിന്മാറേണ്ടിവന്നു. അത് അർജന്റീനാ ക്യാമ്പിൽ സൃഷ്ടിച്ച അങ്കലാപ്പ് ഏറെയായിരുന്നു. ആ പൊസിഷനിലേക്ക് ഒരു പകരക്കാരനെ ശക്തമായി പരീക്ഷിച്ചിട്ടുപോലുമുണ്ടായിരുന്നില്ല. പാപു ഗോമസിനെയാണ് സൗദിക്കെതിരെ അണിനിരത്തിയത്. ഫലം, അർജന്റീനാ മധ്യനിര ആടിയുലഞ്ഞു. ലോ ചെൽസോ പോയതോടെ, കളിച്ചു പരിചയിച്ച ഫോർമേഷനിൽ അതിമിടുക്കനായിട്ടും ഡീ പോൾ ഉൾപ്പെടെയുള്ളവർ വിറങ്ങലിച്ചുനിന്നു. മധ്യനിരയിൽനിന്ന് നീക്കങ്ങൾ ഒഴുകിപ്പരക്കുന്നതിൽ അടങ്ങിയിരിക്കുന്ന പതിവ് വിജയസൂത്രങ്ങളൊന്നും മൈതാനത്ത് പുലരാതെ പോയി. മെസ്സിക്ക് പഴയ കാലങ്ങളിലേതുപോലെ പിന്നണിയിലേക്കിറങ്ങിവന്ന് പന്തെടുത്ത് മുൻനിരയിലെത്തി അത്യധ്വാനം ചെയ്യേണ്ടിവന്നു. ആധിയിലാണ്ട ടീമിനുമേൽ സൗദി പ്രതിരോധം മേൽക്കൈ നേടി. അവരുടെ ഗോളിയും അർജന്ററീനക്കു മുന്നിൽ പടുകോട്ട കെട്ടി.
എൻസോ വരുന്നു, എല്ലാം നേരെയാവുന്നു
ജീവന്മരണ പോരാട്ടങ്ങളുടെ കളങ്ങളിലേക്കാണ് ആ ഒരൊറ്റ തോൽവിയോടെ അർജന്റീന എടുത്തെറിയപ്പെട്ടത്. ഗ്രൂപ്പിലെ ശേഷിക്കുന്ന രണ്ട് മത്സരങ്ങളുടെ സ്വഭാവം അപ്പോഴേക്ക് നോക്കൗട്ടിന്റെ രൂപത്തിലേക്ക് മാറ്റപ്പെട്ടു കഴിഞ്ഞിരുന്നു. തോറ്റാൽ, നാണംകെട്ട് നാട്ടിലേക്ക് മടങ്ങാം. ജയിച്ചാൽ കിരീടസ്വപ്നങ്ങളെ ജ്വലിപ്പിച്ചുനിർത്തി ഖത്തറിൽ തുടരാം. അടുത്ത കളിയും ലുസൈലിലായിരുന്നു. എതിരാളികൾ സൗദിയേക്കാൾ കരുത്തേറെയുള്ള മെക്സികോ. ആദ്യപകുതി സൗദിക്കെതിരായ മത്സരത്തിന്റെ തുടർച്ച പോലെയായിരുന്നു. മധ്യനിരയിൽ ലോ ചെൽസോയുടെ അഭാവം വീണ്ടും നിഴലിച്ചു. ഗ്വിഡോ റോഡ്രിഗ്വസിനെയായിരുന്നു അർജന്റീന ഇക്കുറി പരീക്ഷിച്ചത്. അതും ഫലിച്ചില്ല. മിഡ്ഫീൽഡിൽ അർജന്റീനക്ക് പിടിമുറുക്കാൻ കഴിയാതെപോയി. ഒടുവിൽ രണ്ടാം പകുതിയിൽ കളി 57ാം മിനിറ്റിൽ. റോഡ്രിഗ്വസിനെ പിൻവലിച്ച് ബെൻഫിക്കക്ക് കളിക്കുന്ന 21കാരൻ പയ്യൻ എൻസോ ഫെർണാണ്ടസ് കളത്തിലേക്ക്.
ഖത്തറിൽ അർജന്റീനയുടെ ഭാവി നിർണയിച്ച നീക്കമായിരുന്നു അത്. പരിചയസമ്പത്തിന്റെ അഭാവത്തിലും പ്രതിഭയുടെ തിളക്കത്തിൽ റോഡ്രിഗോ ഡീ പോളിനൊപ്പം എൻസോ ചേരുംപടി ചേർന്നു. മൂന്നു മത്സരങ്ങളുടെ പാകത മാത്രമായിരുന്നു അതിന് മുമ്പ് അർജന്റീന നിരയിൽ എൻസോക്കുണ്ടായിരുന്നത്. എന്നാൽ, മെക്സികോക്കെതിരെ ടീമിന്റെ എണ്ണംപറഞ്ഞ രണ്ടാംഗോൾ അവന്റെ ബൂട്ടിൽനിന്നായിരുന്നു. ആക്രമിക്കാനും അതുപോലെ പ്രതിരോധിക്കാനും എൻസോ മിടുക്കനായിരുന്നു. അത്തരമൊരു യൂട്ടിലിറ്റി െപ്ലയറുടെ വരവ് ടീമിനാകെ ഉണർവും കരുത്തും നൽകി. പരേഡെസിനു പകരം 23കാരനായ അലക്സിസ് മക്അലിസ്റ്ററുമെത്തി. അവിടുന്നങ്ങോട്ട് അർജന്റീന ഉണർന്നെണീറ്റു. ഖത്തറിലെ ആദ്യ 147 മിനിറ്റിൽ കളത്തിലുണ്ടായിരുന്ന അർജന്റീനയായിരുന്നില്ല പിന്നീട്. ഡീ പോളും എൻസോയും മക്അലിസ്റ്ററും ചേർന്ന് മധ്യനിരക്ക് ജീവൻ വെപ്പിച്ചപ്പോൾ പിന്നീടുള്ള കളികളിലെല്ലാം കൂടുതൽ മേധാവിത്വം അർജന്റീനക്കുതന്നെയായിരുന്നു. ഖത്തറിലെ ഏറ്റവും പ്രായക്കൂടുതലുള്ള വയസ്സൻ പട അർജന്റീനയുടേതായിരുന്നു. എന്നാൽ, യുവതാരങ്ങളും പരിചയസമ്പന്നരും കൈകോർത്തതോടെ അതിന്റെ ചേരുവകൾ കൃത്യമായി.
പരിശീലകനെന്ന നിലയിൽ സ്കലോണി ലോക ഫുട്ബാളിന്റെ മുൻനിരയിലാണെന്ന് അടയാളപ്പെടുത്തിയ ലോകകപ്പായിരുന്നു ഇത്. കളിയെക്കുറിച്ചുള്ള അറിവിനുപുറമെ, ഭാവനാ സമ്പന്നതയും കുശാഗ്രതയും ഒത്തുചേർന്ന നീക്കങ്ങൾ. ഓരോ മത്സരത്തെയും അതിനനുസരിച്ച് സമീപിച്ചു. പൊസഷൻ ഫുട്ബാൾ കളിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് ക്രൊയേഷ്യക്കെതിരെ സെമിയിൽ അണിനിരക്കുന്നത്. അവിടെ തന്ത്രം പൊടുന്നനെ മാറ്റിപ്പിടിച്ചു. കേവലം 39 ശതമാനം മാത്രം സമയം പന്തിെന്റ കൈവശാവകാശം. പക്ഷേ, ക്രൊയേഷ്യയെക്കാൾ ഇരട്ടി ഷോട്ടുകളും മത്സരത്തിൽ സമഗ്രാധിപത്യവും അർജന്റീനക്കുതന്നെയായിരുന്നു. ഒപ്പം, മൂന്നു ഗോളിന്റെ വിജയവും. അർജന്റീന കളിക്കാനിരിക്കുന്ന ശൈലിയിൽ മറുതന്ത്രങ്ങൾ പഠിച്ചുവെച്ച ലൂക്കാ മോഡ്രിച്ചിനും കൂട്ടുകാർക്കും പുതിയ നീക്കങ്ങൾക്ക് മറുപടിയുണ്ടായില്ല.
ഫൈനലിൽ മുനകൂർത്ത തങ്ങളുടെ മുന്നേറ്റനിരക്കെതിരെ ഡിഫൻസിൽ ലിസാൻഡ്രോ മാർട്ടിനെസിനെയോ ഹോൾഡിങ് മിഡ്ഫീൽഡറായി ലിയാൻഡ്രോ പരേഡെസിനെയോ കളത്തിലിറക്കുമെന്ന കണക്കുകൂട്ടലിലായിരുന്നു ഫ്രഞ്ച് കോച്ച് ദിദിയർ ദെഷാംപ്സ്. എന്നാൽ, 4-4-2 ഫോർമേഷനിൽ കളത്തിലിറങ്ങിയെന്നു മാത്രമല്ല, ടൂർണമെന്റിൽ അതുവരെ വലതുവിങ്ങിൽ കളിച്ച ഏയ്ഞ്ചൽ ഡി മരിയയെ ഇടതു വിങ്ങിലേക്ക് കളംമാറ്റിയാണ് സ്കലോണി പൊടുന്നനെ സ്ട്രാറ്റജി മാറ്റിയത്. ഇതിൽ ഫ്രാൻസ് പെട്ടുപോയെന്ന് ഫൈനലിലെ തീർത്തും ഏകപക്ഷീയമായ ആദ്യ ഒരു മണിക്കൂർ തെളിയിച്ചു. പ്രതിരോധം ശക്തമാക്കാൻ ഡി മരിയയെ സ്കലോണി പിൻവലിച്ചതോടെയാണ് മത്സരത്തിൽ ഫ്രാൻസിന് സ്പേസ് കിട്ടിയത്. സബ്സ്റ്റിറ്റ്യൂഷൻ നടത്തുമ്പോൾ ഫൈനലിലെ ടൈബ്രേക്കർ പോലും സ്കലോണിയുടെ ഓർമയിലുണ്ടായിരുന്നു. അതുകൊണ്ടാണ് പൗളോ ഡിബാലയെ അവസാന നിമിഷം കളത്തിലേക്ക് പറഞ്ഞയച്ചത്. മറുവശത്ത്, ഏതുവിധേനയും പിടിച്ചുകയറാനുള്ള തത്രപ്പാടിൽ ദെഷാംപ്സിൽ ടൈബ്രേക്കറിനെക്കുറിച്ചുള്ള ഉൾക്കാഴ്ചയില്ലാതെ പോയി. ഷൂട്ടൗട്ട് എത്തുമ്പോഴേക്ക് അന്റോയിൻ ഗ്രീസ്മാൻ, ഒലിവിയർ ജിറൂഡ്, ഉസ്മാൻ ഡെംബലെ എന്നീ പരിചയസമ്പന്നരായ കളിക്കാർ ബെഞ്ചിൽ തിരിച്ചെത്തിക്കഴിഞ്ഞിരുന്നു. കിക്കെടുത്ത രണ്ട് യുവതാരങ്ങളുടേത് പാഴായപ്പോൾ കളിയിലെ സൂക്ഷ്മതലങ്ങളിൽപോലും മുൻകരുതലും മുന്നൊരുക്കവും വേണ്ടതിന്റെ പ്രാധാന്യം ദെഷാംപ്സിന് മനസ്സിലായിക്കാണും.
സബ്സ്റ്റിറ്റ്യൂഷനുകളിലും സ്കലോണിയുടെ തീരുമാനങ്ങൾ കുറിക്കുകൊണ്ടു. എൻസോയും മക്അലിസ്റ്ററും വന്നതുപോലെ ഫോമിലല്ലാത്ത ലൗതാറോ മാർട്ടിനെസിനെ മാറ്റി പകരം മാഞ്ചസ്റ്റർ സിറ്റിക്ക് കളിക്കുന്ന യുവതാരം യൂലിൻ ആൽവാരെസിനെ മുൻനിരയിൽ വിന്യസിച്ചു. ഫലപ്രദമായിരുന്നു ആ മാറ്റം. നാലു ഗോളുകളുമായി ലോകകപ്പിൽ ആൽവാരെസ് മെസ്സിക്കൊത്ത പങ്കാളിയായി. സൗദിക്കെതിരെ തോറ്റ ശേഷം അടുത്ത കളിയിൽ അഞ്ചു മാറ്റങ്ങളുമായാണ് ഇറങ്ങിയത്. പോളണ്ടിനെതിരെ വീണ്ടും രണ്ടു മാറ്റങ്ങൾ കൂടി വരുത്തി. അതുമാത്രമല്ല, ഈ ലോകകപ്പിൽ ഒരേ കളിയിൽ സാഹചര്യത്തിനനുസരിച്ച് ഫോർമേഷനുകൾ സ്കലോണി മാറ്റിപ്പണിതുകൊണ്ടിരുന്നു. 4-4-2ൽനിന്ന് 4-3-3ലേക്കും അവിടന്ന് 5-3-2ലേക്കും അർജന്റീന മാറിമാറിക്കളിച്ചു. ക്രൊയേഷ്യയുടെ പരിചയസമ്പത്താർന്ന മധ്യനിരയെ നിർവീര്യമാക്കി മേൽക്കൈ നേടുന്നതിന് മൈതാനത്ത് സ്ക്വയർ േബ്ലാക്ക് സൃഷ്ടിക്കാൻ 4-2-2-2 വരെ അർജന്റീന വിജയകരമായി പരീക്ഷിച്ചു.
ജോർജ് സാംപോളിയെ പുറത്താക്കിയ ഒഴിവിലാണ് 2018ൽ സ്കലോണിയെ അർജന്റീന ഫുട്ബാൾ അസോസിയേഷൻ താൽക്കാലികമായി കോച്ചിന്റെ കുപ്പായമിടുവിക്കുന്നത്. സീനിയർ തലത്തിൽ പരിശീലന പരിചയം ഒട്ടുമില്ലാതിരുന്ന അദ്ദേഹത്തിന് കുറച്ചു കാശ് നൽകിയാൽ മതിയെന്നതിനാലായിരുന്നു ആ തീരുമാനം. ഡീഗോ മറഡോണ ഉൾപ്പെടെ അർജന്റീനയിലെ കളി വിദഗ്ധരെല്ലാം ആ തീരുമാനത്തിനെതിരെ നിശിത വിമർശനവുമായി രംഗത്തുവന്നു. എന്നാൽ, വെല്ലുവിളി ഏറ്റെടുക്കാൻ തന്നെയായിരുന്നു സ്കലോണിയുടെ തീരുമാനം. അയാൾ അതിനുള്ള മുന്നൊരുക്കങ്ങൾ കൃത്യമായി നടത്തി. രാജ്യാന്തര ഫുട്ബാളിൽനിന്ന് വിരമിക്കാനുള്ള മെസ്സിയുടെ തീരുമാനം തിരുത്തിക്കുകയാണ് ആദ്യം ചെയ്തത്. കാരണം, മെസ്സിതന്നെയായിരുന്നു അയാളുടെ സ്വപ്നങ്ങളുടെ കേന്ദ്രബിന്ദു. ഒരു ‘പുതിയ‘ മെസ്സിയും അയാളെ ചുറ്റിപ്പറ്റി ‘പുതിയ’ ഒരു ടീമുമായിരുന്നു സ്കലോണിയുടെ മനസ്സിൽ. തന്റെ പരിശ്രമങ്ങൾക്ക് പിന്തുണയേകാൻ റോബർട്ടോ അയാള, വാൾട്ടർ സാമുവൽ, പാേബ്ലാ അയ്മർ എന്നീ മിടുക്കരായ മുൻ കളിക്കാരെ തന്റെ കോച്ചിങ് സംഘത്തിൽ ഉൾപ്പെടുത്തിയായിരുന്നു സ്കലോണിയുടെ പടയൊരുക്കം. ഏറെ വിശാരദരായ കളിവിദഗ്ധർ സ്കലോണിയുടെ തന്ത്രങ്ങൾക്കും തീരുമാനങ്ങൾക്കും നൽകിയ പിന്തുണയും ഊർജവും ചില്ലറയല്ല.
മെസ്സിയുടെ ‘ലിബറേറ്റഡ് വേർഷൻ’
കണ്ടുപരിചയിച്ച, അധ്വാനഭാരം പേറിത്തളർന്നതു പോലെ തോന്നിച്ച ലയണൽ മെസ്സിയേ ആയിരുന്നില്ല ഖത്തറിൽ. കളത്തിൽ എവിടെയും നിറഞ്ഞുകളിക്കാൻ വെമ്പുകയും പാറിപ്പറക്കുകയും ചെയ്ത മെസ്സിയായിരുന്നു 35ാം വയസ്സിൽ വിശ്വമേളയുടെ പുൽമേട്ടിലിറങ്ങിയ മെസ്സി. അയാൾ എല്ലാ അർഥത്തിലും യഥാർഥ നായകനായിരുന്നു. ആ ടീം മുഴുവൻ അയാളെ ചുറ്റിപ്പറ്റി സഞ്ചരിച്ചു. എല്ലാം സ്കലോണി മനസ്സിൽ കണ്ടപോലെയായിരുന്നു. മെസ്സിയെ കേന്ദ്രബിന്ദുവായി കോച്ച് ടീമിനെ ചലിപ്പിച്ചു. അതിരുകളില്ലാത്ത ടീം സ്പിരിറ്റ് അവരിൽ കുത്തിവെച്ചു. മെസ്സിക്കുവേണ്ടി, അദ്ദേഹത്തിന് ലോകം ജയിക്കാൻ വേണ്ടി മരിച്ചുകളിക്കുന്ന താരങ്ങളുടെ നിരയായിരുന്നു ചുറ്റും. അയാൾ ‘ഫാൾസ് നയൻ’ പോലെ എവിടെയും സാന്നിധ്യമറിയിച്ച് ഒഴുകിപ്പരന്നു. തന്ത്രപരമായ പൊസിഷനുകളിൽ അയാൾ പൊടുന്നനെ പ്രത്യക്ഷപ്പെട്ടപ്പോൾ നിരന്നുനിന്ന പ്രതിരോധത്തിനിടയിലൂടെ അസാധ്യമെന്നു തോന്നുന്ന വിസ്മയങ്ങൾ പിറന്നു. ഡ്രിബ്ലിങ്ങിന്റെ മാസ്മരിക ഭാവങ്ങളാൽ, ജോസ്കോ ഗ്വാർഡിയോളുമാരുടെ പ്രതിരോധങ്ങളെ കാലങ്ങളോളം ഓർത്തുവെക്കാവുന്ന രീതിയിൽ വകഞ്ഞുമാറ്റി അതിശയങ്ങൾ തീർത്തു.
ഖത്തറിൽ നവംബർ 21ന് ഖത്തർ യൂനിവേഴ്സിറ്റി ഗ്രൗണ്ടിൽ മെസ്സിയുടെയും അർജന്റീനയുടെയും പരിശീലനം റിപ്പോർട്ട് ചെയ്യാൻ പോയ വേളയിൽ പക്ഷേ, മെസ്സിയില്ലാത്ത ടീമായിരുന്നു പ്രാക്ടീസ് ഗ്രൗണ്ടിൽ. പരിക്കുപറ്റിയ മെസ്സി ഒറ്റക്കായിരുന്നു. അയാൾ അന്ന് പരിശീലനത്തിനിറങ്ങിയില്ല. വമ്പൻ വേദിയിലെ ആദ്യ ഒരുക്കം അന്ന് കേവലവ്യായാമത്തിൽ മാത്രമൊതുങ്ങി. സൗദിക്കെതിരെ കളിക്കുമോയെന്ന് സന്ദേഹിച്ചെങ്കിലും ലോകകപ്പിനോടുള്ള അടങ്ങാത്ത പ്രിയത്താലാവണം, മെസ്സി ലുസൈലിലിറങ്ങി. എന്നിട്ടും അർജന്റീന തോറ്റു. ചരിത്രം ഞെട്ടിയ തോൽവിയിൽ പരിക്കിന്റെ വർത്തമാനങ്ങളകന്നു. മെക്സികോക്കെതിരെ മെസ്സി വീണ്ടുമെത്തി. ‘‘ഞങ്ങളിൽ വിശ്വസിക്കൂ’’ എന്ന് മാധ്യമപ്രവർത്തകരോട് പറയുമ്പോൾ മെസ്സിയിൽ ആത്മവിശ്വാസം പ്രകടമായിരുന്നു. ലോകകപ്പിന്റെ ചരിത്രത്തിലെ തങ്ങളുടെ എക്കാലത്തേയും വലിയ ദുരന്തമുഖത്ത്, അരങ്ങേറ്റം കളിക്കുന്ന പുതിയ ചെറുപ്പക്കാർ ചങ്കുറപ്പോടെ എഴുന്നേറ്റുനിന്നു. മധ്യനിരയിലെ പ്രശ്നങ്ങൾ പരിഹരിച്ച് അർജന്റീന അവസരത്തിനൊത്തുയർന്നു. മെസ്സി എല്ലാറ്റിനും നെടുനായകത്വം നൽകി പടയോട്ടത്തിന് ചുക്കാൻ പിടിച്ചു. ഒടുക്കം ഏഴു ഗോളും മൂന്ന് അസിസ്റ്റുമായി ഖത്തറിലെ ഏറ്റവും മികച്ച കളിക്കാരനുള്ള സുവർണപന്ത് കൈയിലിരിക്കേയാണ് അയാൾ, ആ കനകകിരീടത്തിൽ ലോകം മുഴുവൻ കാൺകെ മുത്തമിട്ടത്.
ആവേശം ആകാശത്തോളം...
സൗദി അറേബ്യക്കെതിരെ അർജന്റീനയുടെ തോൽവി ഒരു സൂചന മാത്രമായിരുന്നില്ല. മറ്റെല്ലാവർക്കുമുള്ള മുന്നറിയിപ്പു കൂടിയായിരുന്നു. അതെല്ലാവരും പക്ഷേ, അവഗണിച്ചു. അവർ മെസ്സിയെയും കൂട്ടരെയും ട്രോളാനുള്ള ഉപാധിയായി ആ തോൽവിയെ കണ്ടു. എന്നാൽ, ഖത്തർ ഒളിപ്പിച്ചുവെച്ച അതിശയങ്ങൾ വലുതായിരുന്നു. ഈ മണ്ണിൽ ദുർബലരും ശക്തരുമൊന്നുമില്ലായിരുന്നുവെന്ന് പതിയെ എല്ലാവരും കൊണ്ടറിഞ്ഞു. ആദ്യ രണ്ടു മത്സരങ്ങൾ ജയിച്ച് കാര്യങ്ങളെല്ലാം ഭദ്രമെന്ന് കരുതിയ ബ്രസീലും ഫ്രാൻസും വരെ അറേബ്യൻ മണ്ണിൽ മൂക്കുകുത്തി വീണു. തുനീഷ്യയെ ചെറുതായിക്കണ്ട് പകരക്കാരെ കളത്തിലേക്ക് പറഞ്ഞയച്ച ഫ്രാൻസ് എതിരില്ലാത്ത ഒരു ഗോളിന് കൊമ്പുകുത്തി. അതേ ആത്മവിശ്വാസവുമായി ഫ്രഞ്ചുകാരുടെ വഴിയേ സഞ്ചരിച്ച ബ്രസീലിന്റെ മുഖമടച്ച് പ്രഹരിച്ചത് കാമറൂണായിരുന്നു. അബൂബക്കറിന്റെ ഗോളിൽ അവർ ഐതിഹാസിക ജയത്തിലേറി. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർചുഗലിന് അടികിട്ടിയത് തെക്കൻ കൊറിയക്കാരിൽനിന്നായിരുന്നു.
പലതും കാണാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. ജർമനിയെ മലർത്തിയടിച്ച ജപ്പാന്റെ ശൗര്യം ‘വൺ ഗെയിം വണ്ടറി’ലേക്ക് ചുരുക്കിക്കെട്ടാൻ നോക്കിയവർക്കു മുന്നിൽ സ്പെയിനിനെയും കൊമ്പുകുത്തിച്ച് ഉദയസൂര്യന്റെ നാട്ടുകാർ കത്തിക്കാളി. ലോകം ജയിക്കാൻ കോപ്പുകൂട്ടിയെത്തിയ ജർമനി ആദ്യറൗണ്ട് ജയിക്കാനാകാതെ നാട്ടിലേക്ക് മടങ്ങുന്നതായിരുന്നു അതിശയ കാഴ്ച. സ്പെയിനിനോട് മറുപടിയില്ലാത്ത ഏഴു ഗോളുകൾക്ക് തോറ്റ കോസ്റ്ററീക ജയന്റ് കില്ലർമാരായ ജപ്പാനെ വീഴ്ത്തി അതിന് ഒന്നുകൂടി അടിവരയിട്ടു -‘ഖത്തറിൽ ഒന്നും അനായാസമല്ല’. ആരും ആരെയും തോൽപിക്കാവുന്ന രീതിയിൽ ആവേശകരമായ മത്സരങ്ങളായിരുന്നു ഖത്തർ ലോകകപ്പിന്റെ സവിശേഷത. ക്ലബ് ലീഗുകളുടെ ഒരാഴ്ചത്തെ ഇടവേളക്കിടെ ലോകകപ്പിന്റെ കളത്തിലെത്തിയ താരങ്ങൾക്ക് ഫിറ്റ്നസ് ലെവലും എനർജിയുമൊക്കെ കൂടുതലായിരുന്നു. അത് ലോകകപ്പിൽ ഉജ്ജ്വലമായി പ്രതിഫലിച്ചു.
ലോകകപ്പുകൾ ഒരു മാരത്തൺ ഓട്ടം പോലെയാണ് മുമ്പ് ഫീൽ ചെയ്തിരുന്നതെങ്കിൽ ഖത്തറിലേത് മാരത്തണും സ്പ്രിന്റും ഇടകലർന്നതുപോലുള്ള ചടുലത പ്രസരിപ്പിച്ചവയായിരുന്നു. പ്രവചനാതീതമായി കളിയരങ്ങുകൾ മാറിയപ്പോൾ, ആസ്ട്രേലിയ ഡെന്മാർക്കിനെയും ഇറാൻ വെയ്ൽസിനെയും വീഴ്ത്തി. അതുകൊണ്ടുതന്നെ ഖത്തറിലെ ഗ്രൂപ് റൗണ്ടിൽ 32 ടീമുകളിൽ ഒന്നിനുപോലും മൂന്നു കളിയും ജയിക്കാൻ കഴിഞ്ഞില്ല. ഈ വിശ്വമേളയുടെ ടീമായി മാറി വിസ്മയം വിതച്ച മൊറോക്കോയുടെ ആഫ്രിക്കൻ ശൗര്യത്തിനു മുന്നിൽ ലോക രണ്ടാം നമ്പറുകാരായ ബെൽജിയം ആദ്യ കടമ്പയിൽതന്നെ ഇടറിവീണു. പിന്നാലെ സ്പെയിനും പോർചുഗലും അറ്റ്ലസ് ലയൺസിന്റെ കളിമിടുക്കിനുമുന്നിൽ നാടണഞ്ഞു. ക്രിസ്റ്റ്യാനോ റൊണാൾഡോയെന്ന ഇതിഹാസ താരം പോർചുഗൽ ടീമിന്റെ അവഗണനക്കൊപ്പം തോൽവിയുടെ കണ്ണീരുമണിഞ്ഞ് വിശ്വപോരാട്ടങ്ങളുടെ വീറുറ്റ വേദിയിൽനിന്ന് പടിയിറങ്ങി.
ബ്രസീലിന്റെ പതനം അപ്രതീക്ഷിതമായിരുന്നു. ലോകകപ്പ് നേടാൻ ഏറ്റവുമധികം സാധ്യത കൽപിക്കപ്പെട്ട ടീം അവസാന നാലിൽപോലുമെത്താതെ മടങ്ങി. ക്വാർട്ടറിൽ ജയത്തിന്റെ തൊട്ടടുത്തെത്തിയിട്ടും അധികവേളയുടെ നാലു മിനിറ്റ് പ്രതിരോധിക്കാൻ കഴിഞ്ഞില്ല. സമനില ഗോളും പിന്നെ ഷൂട്ടൗട്ടിലെ മികവും തുണച്ചപ്പോൾ ക്രൊയേഷ്യ ഈ ലോകകപ്പിലെ വമ്പൻ അട്ടിമറികളിലൊന്ന് നടത്തി അവസാന നാലിലെത്തി. ടൂർണമെന്റിലെ ആവേശകരമായ മത്സരങ്ങളുടെ അങ്ങേയറ്റത്തെ പ്രതിഫലനമായിരുന്നു ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ആവേശകരമായ ആ കലാശക്കളിയും.
‘‘മുചാചോ, ആവോര നോൾവിമോ ഇല്യൂസനാർ...’’
അർജന്റീനയിൽനിന്നുള്ള കാണികളായിരുന്നു ആ ടീമിന്റെ ആത്മാവ്. ഈ കപ്പിലേക്ക് അവരെ പ്രചോദിപ്പിച്ച് വഴിനടത്തിയത് അവരായിരുന്നു. കളിയിൽ വ്യക്തമായ മേധാവിത്വം നേടുകയും പിന്നീട് നിനച്ചിരിക്കാതെ ഗോൾ വഴങ്ങി ആധിയിലാണ്ടുപോവുകയും ചെയ്യുന്ന അർജന്റീന ഖത്തറിലെ പതിവു കാഴ്ചയായിരുന്നു. ആകെ കളിച്ച ഏഴു കളികളിൽ നാലിലും -സൗദി അറേബ്യ, ആസ്ട്രേലിയ, നെതർലൻഡ്സ്, ഫ്രാൻസ്- അത്തരം സങ്കീർണതകളിലൂടെ അവർ കടന്നുപോയി. ഡച്ചുകാർക്കെതിരായ ക്വാർട്ടറിലും ഫ്രഞ്ചുകാർക്കെതിരായ ഫൈനലിലും ഏറക്കുറെ സമാനമായിരുന്നു തിരക്കഥകൾ. സുരക്ഷിത ജയത്തിന്റെ ആധികാരികതയിലേക്കെന്ന് തോന്നിച്ച ശേഷം പൊടുന്നനെ സമനിലക്കുരുക്കിലേക്കും പിന്നെ ടൈബ്രേക്കറിലേക്കും വീണുപോയ മുഹൂർത്തങ്ങൾ. പക്ഷേ, അവ രണ്ടും എമിലിയാനോ മാർട്ടിനെസിനെ മുൻനിർത്തി അർജന്റീന അതിജീവിച്ചുകയറിയത് കിരീടത്തിലേക്ക് തന്നെയായിരുന്നു. അതിന് ‘‘മുചാചോ, ആവോര നോൾവിമോ ഇല്യൂസനാർ...’’ എന്ന് ഈണത്തിൽ പിന്നണി പാടി ആ കാണികളുണ്ടായിരുന്നു. മറ്റു കാണികളിൽനിന്ന് അവരെ വേറിട്ടുനിർത്തിയത് അതായിരുന്നു. ടീം പതറുന്നുവെന്ന് തോന്നുമ്പോൾ അവരുടെ സ്തുതിഗീതങ്ങൾ ഉച്ചസ്ഥായിയിലായിരുന്നു.
ആരാധകരുമായി മെസ്സിക്കും കൂട്ടുകാർക്കുമുണ്ടായിരുന്ന ആ ‘ബോണ്ട്’ പരമപ്രധാനമായിരുന്നു. ഓരോ മത്സരത്തിനുശേഷവും അവർ കാണികളുടെ അരികിലേക്കോടിയെത്തി. അവരുടെ ഈണങ്ങൾക്കൊത്ത് സ്വതഃസിദ്ധമായ ശൈലിയിൽ നൃത്തം ചെയ്തു. ആരാധകരുടെ സന്തോഷങ്ങളെ വിലമതിച്ചും അവരുയർത്തുന്ന പ്രചോദനങ്ങളെ അടയാളപ്പെടുത്തിയും മെസ്സി വാർത്താസമ്മേളനങ്ങളിൽ വാചാലനായി.
അർജന്റീന കാണികൾക്കു നടുവിൽ നിൽക്കുമ്പോഴുള്ള എനർജി ലെവൽ ഒന്നുവേറെ തന്നെയായിരുന്നു. അത് സ്റ്റേഡിയത്തിലായാലും മെട്രോയിലായാലും നിരത്തുകളിലായാലും. അർജന്റീനക്ക് ഫുട്ബാൾ വളരെ ആവേശഭരിതവും ദേശസ്നേഹത്താൽ വിജൃംഭിതവുമെന്ന് തോന്നുന്നതിനപ്പുറത്ത് അത് ‘ഭക്തിനിർഭരമാ’ണെന്ന് ബോധ്യമാവുന്നതായിരുന്നു നാൽപതിനായിരത്തോളം കാണികളുടെ മാനറിസങ്ങളും ശരീരഭാഷയും പെരുമാറ്റവുമൊക്കെ. വലിയ ശതമാനം ബ്രസീലിയൻ കാണികൾക്കും പക്ഷേ, മത്സരങ്ങൾ ഒരു കാർണിവൽ പോലെയായിരുന്നു. ആഘോഷമായിരുന്നു അവർക്ക് മുഖ്യം. വിജയത്തിലേക്കു മാത്രം കണ്ണുനട്ട്, വികാരത്തള്ളിച്ചയിൽ മുങ്ങിയ അർജന്റീന കാണികളും ലോകകപ്പ് വേദിയിലേക്കുള്ള വരവ് ആഘോഷമായി പൊലിപ്പിച്ച ബ്രസീൽ ആരാധകരും തമ്മിൽ സമീപനത്തിൽ ഏറെ വ്യത്യാസങ്ങളുള്ളതുപോലെ തോന്നിച്ചു.
തെക്കനമേരിക്കയിൽനിന്നുള്ള ആരാധകർക്ക് പുറമെ, മൊറോക്കോയായിരുന്നു ഗാലറിയുടെ കാതൽ. സൗദിക്കു പിന്നാലെ തുനീഷ്യയും മടങ്ങിയതോടെ അറബ് രാജ്യങ്ങളുടെ മുഴുവൻ ടീമായി മൊറോക്കോ മാറി. സുഫിയാൻ അംറബത്തും അഷ്റഫ് ഹക്കീമിയും യാസീൻ ബോനുവും അവരുടെ പ്രിയതാരങ്ങളായി. സൂഖ് വാഖിഫിലും കോർണിഷിലും അൽ ബിദ്ദയിലും മ്യൂസിക് സിസ്റ്റവുമായെത്തി ആട്ടവും പാട്ടും കൊഴുപ്പിച്ച മൊറോക്കോ കാണികൾ ഗാലറിയിലും ആവേശത്തിന്റെ അലമാലകൾ തീർത്തു. വലിയ തൊപ്പിയുമണിഞ്ഞെത്തിയ മെക്സികോ ആരാധകരും കണ്ണിനിമ്പമേറിയ കാഴ്ചയായിരുന്നു.
ഖത്തർ, സംഘാടനത്തിന്റെ അത്ഭുത വിജയം
ഇക്കാലമത്രയും അരങ്ങേറിയ ലോകകപ്പുകളിൽ ഏറ്റവും മികച്ച സംഘാടനമായിരുന്നു ഖത്തറിലേതെന്ന് നിസ്സംശയം പറയാം. അത്ര ഗംഭീരമായാണ് അത് പെയ്തുതോർന്നത്. ചെറുരാജ്യങ്ങൾക്കും ലോകകപ്പ് ഭംഗിയായി നടത്താമെന്ന് ഖത്തർ തെളിയിച്ചു. ഖത്തറിന്റെ സാംസ്കാരിക പാരമ്പര്യങ്ങളെയും മൂല്യങ്ങളെയും ഉൾക്കൊണ്ടുതന്നെ, കളിയാസ്വാദനത്തിനായി ലോകം ഈ മണ്ണിലേക്ക് ഒഴുകിയെത്തി.
പാശ്ചാത്യൻ മാധ്യമങ്ങൾ നടത്തിയ നുണപ്രചാരണങ്ങളെ മുച്ചൂടും തള്ളിക്കളഞ്ഞ് യൂറോപ്യൻ രാജ്യങ്ങളിൽനിന്നും ഒട്ടേറെ കാണികൾ പറന്നിറങ്ങി. മനസ്സിൽ തങ്ങിനിൽക്കുന്ന ആതിഥ്യവും സൗകര്യങ്ങളും മത്സരങ്ങളുമൊക്കെ ഖത്തറിന്റെ സവിശേഷതയായി ചരിത്രത്തിൽ ഇടംനേടുകയായിരുന്നു. കളിയുടെ രസങ്ങളിലേക്ക് മാത്രം കേന്ദ്രീകരിച്ച ലോകകപ്പ്. ഒരു അനിഷ്ട സംഭവം പോലുമില്ലാതെ അത് മാതൃകാപരമായി കലാശിച്ചു. ചുരുങ്ങിയ കിലോമീറ്ററുകൾക്കുള്ളിലെ എട്ടു സ്റ്റേഡിയങ്ങൾ. ദിവസേന നാലു കളികൾ. എന്നിട്ടും, സ്റ്റേഡിയങ്ങളിലേക്കും തിരിച്ചുമുള്ള കാണികളുടെ ഒഴുക്ക് നേരിയ ഗതാഗത തടസ്സംപോലും സൃഷ്ടിച്ചില്ല. മെട്രോയും ബസ് സർവിസുമൊക്കെ തീർത്തും സൗജന്യമായി കാണികൾക്ക് തുറന്നുകൊടുത്തു. എല്ലാം ചേരുംപടി ചേർന്നപ്പോൾ അതിമികവാർന്ന സംഘാടനത്തിലൂടെ ഖത്തർ, ഈ ലോകകപ്പിന്റെ മറ്റൊരു വിജയിയായി.
l