'ആർഷി'; യു.പിയിൽ നിന്നൊരു മലയാളം ടീച്ചർ
text_fieldsനാലാം ക്ലാസിൽ പഠിക്കുമ്പോൾ ഉത്തർപ്രദേശിലെ സഹാറൻപുരിൽനിന്ന് കുടുംബത്തോടൊപ്പം കേരളത്തിലെ എറണാകുളം കോതമംഗലത്ത് വന്നിറങ്ങിയപ്പോൾ ചുറ്റുമുള്ളവർ പറയുന്ന വർത്തമാനം കേട്ട് അന്തംവിട്ടുനിന്നൊരു പെൺകുട്ടിയായിരുന്നു ആർഷി സലീം. വർഷങ്ങൾ പിന്നിടുമ്പോൾ മലയാളികളെപ്പോലെത്തന്നെ മണിമണിയായി മലയാളം പറയാനും എഴുതാനും വായിക്കാനും മാത്രമല്ല ഈ പെൺകുട്ടിക്കറിയാവുന്നത്, അന്തർസംസ്ഥാന തൊഴിലാളികളുടെ മക്കളെ മലയാളം പഠിപ്പിക്കാനുമറിയാം.
സഹാറൻപുർ സ്വദേശിയും കോതമംഗലം നെല്ലിക്കുഴിയിലെ ഫർണിച്ചർ കടയിലെ കൊത്തുപണിക്കാരനുമായ സലീം അൻസാരിയുടെയും മെഹറുന്നീസയുടെയും മകളായ ആർഷി സമഗ്രശിക്ഷാ കേരളത്തിെൻറ (എസ്.എസ്.കെ) കീഴിൽ എജുക്കേഷൻ വളൻറിയറാണ്. നെല്ലിക്കുഴി ഗവ. സ്കൂളിലെ ആറാംക്ലാസു മുതലുള്ള യു.പിക്കാരും അസംകാരുമായ 15 കുട്ടികളെയാണ് മലയാളമുൾെപ്പടെ ഈ മിടുക്കി പഠിപ്പിക്കുന്നത്.
യു.പിയിൽനിന്നാണെന്നു പറയുമ്പോൾ പെട്ടെന്നാരും വിശ്വസിക്കാത്തവിധം മലയാളത്തോടും ഈ നാടിനോടും അവൾ ഇണങ്ങിക്കഴിഞ്ഞു
മൂന്നാംക്ലാസ് കഴിഞ്ഞയുടനാണ് ആർഷിയും കുടുംബവും മലയാളമണ്ണിലെത്തിയത്. അതുവരെ മലയാളമെന്ന ഭാഷയുണ്ടെന്നുപോലും അവൾക്കറിയില്ലായിരുന്നു. ഇവിടെ താമസം തുടങ്ങിയതോടെ നാലാംക്ലാസിലേക്ക് ജി.എച്ച്.എസ് നെല്ലിക്കുഴിയിൽ ചേർത്തു. തുടക്കത്തിൽ മലയാളം പഠിക്കുകെയന്നത് ആ കൊച്ചുപെൺകുട്ടിയെ സംബന്ധിച്ചിടത്തോളം ഒരു ഹിമാലയൻ ടാസ്ക് ആയിരുന്നു. ചുറ്റുമുള്ളവരോടും സഹപാഠികളോടുമൊന്നും സംസാരിക്കാനാവാതെ കുഴങ്ങിയ നാളുകളിൽനിന്ന് പതിയപ്പതിയെ അവൾ മലയാളത്തോട് അടുക്കാൻ ശ്രമിച്ചു. മലയാളത്തിലെ ചില്ലക്ഷരങ്ങളായിരുന്നു ഏറെ കഷ്ടപ്പെടുത്തിയത്. ഒടുവിൽ മൂന്നാലു വർഷങ്ങൾക്കുള്ളിൽ അവൾ മലയാളത്തെ മെരുക്കി. ഏഴാം ക്ലാസുവരെ മലയാളത്തിലെ ചോദ്യങ്ങൾക്ക് അധ്യാപകരുടെ സഹായത്തോടെ ഹിന്ദിയിൽ ഉത്തരമെഴുതിയ ആർഷി ആദ്യമായി ഏഴാം ക്ലാസിലാണ് മലയാളത്തിൽ പരീക്ഷയെഴുതിയത്. പത്രവായന, ബാലപ്രസിദ്ധീകരണങ്ങളിലെയും പാഠപുസ്തകങ്ങളിലെയും കഥാവായന തുടങ്ങിയവയാണ് ഭാഷയോടടുപ്പിച്ചത്.
പഠിച്ചുപഠിച്ച് പത്താംക്ലാസിലെ മലയാളം വിഷയങ്ങൾക്ക് എ പ്ലസും നേടി. പ്ലസ്ടു ഹ്യൂമാനിറ്റീസ് 82 ശതമാനം മാർക്കോടെയാണ് ജയിച്ചത്. ഇതിനിടെ ലോക്ഡൗൺ പ്രതിസന്ധിയെതുടർന്ന് നാട്ടിലേക്കു മടങ്ങാനിരിക്കുമ്പോൾ പണ്ടു പഠിപ്പിച്ച അധ്യാപികയും മുൻ ബി.ആർ.സി കോഓഡിനേറ്ററുമായ ഷമീദയാണ് ആർഷിയെ വിളിച്ച് ഇങ്ങനെയൊരു ജോലിയുണ്ട്, ഏറ്റെടുക്കൂ എന്നാവശ്യപ്പെടുന്നത്. ചെറുതെങ്കിലും സ്വന്തമായൊരു വരുമാനമുണ്ടാക്കാനായി മറ്റൊന്നും ചിന്തിക്കാതെ ജോലി സ്വീകരിക്കുകയായിരുന്നു.
യു.പിയിൽനിന്നാണെന്നു പറയുമ്പോൾ പെട്ടെന്നാരും വിശ്വസിക്കാത്തവിധം മലയാളത്തോടും ഈ നാടിനോടും അവൾ ഇണങ്ങിക്കഴിഞ്ഞു. ഹിന്ദി മാത്രം അറിയുന്ന കുട്ടികൾക്ക് മലയാളം എളുപ്പത്തിൽ മനസ്സിലാക്കാനായി ഓരോ വാക്കും പഠിപ്പിക്കുമ്പോൾ അതിെൻറ ഹിന്ദി വാക്കും പറഞ്ഞുകൊടുക്കുകയാണ് ഈ അധ്യാപികയുടെ രീതി. ഓൺലൈൻ പഠനം അന്തർസംസ്ഥാന വിദ്യാർഥികൾക്ക് ബുദ്ധിമുട്ടായതോടെയാണ് എസ്.എസ്.കെ ഇത്തരമൊരു പ്രത്യേക പഠനപദ്ധതി ആവിഷ്കരിച്ചത്.
മലയാളം അധികമറിയാത്ത അബു (പിതാവ്) സലീമിനും അമ്മി (ഉമ്മ) മെഹറുന്നീസക്കും വേണ്ടി മറ്റുള്ളവരോട് സംസാരിക്കുന്നതും ആർഷി തന്നെ. അനിയത്തിമാരായ സീനത്ത് മതപഠന വിദ്യാലയത്തിലും സന ഏഴാംക്ലാസിലും പഠിക്കുന്നു. ഒന്നരവയസ്സുകാരൻ മുഹമ്മദ് ഹുസൈനാണ് അനിയൻ.
നാട്ടിൽ ഏറെ അധ്വാനിച്ചു സ്വന്തമാക്കിയ തുണ്ട് ഭൂമിയിൽ ഒരു വീടു പണിയണമെന്നാണ് ആർഷിയുടെ ഏറ്റവും വലിയ ആഗ്രഹം. രണ്ടര വർഷം മുമ്പാണ് അവസാനമായി പോയി വന്നത്, പോയാൽതന്നെ ബന്ധുക്കളുടെ വീട്ടിലും മറ്റും താമസിക്കണം. കുടുംബത്തിലെ കല്യാണങ്ങളും മറ്റുമാണ് ഏറെ മിസ് ചെയ്യുന്നത്. എങ്കിലും സ്വന്തം നാട്ടിനേക്കാൾ സുരക്ഷിതത്വവും സമാധാനവുമുള്ളത് കേരളത്തിലാണെന്ന് ആർഷി സാക്ഷ്യപ്പെടുത്തുന്നു.
ഈ 21കാരിയുടെ ജോലിയിൽനിന്ന് കിട്ടിക്കൊണ്ടിരുന്ന ചെറിയ വരുമാനംകൊണ്ടാണ് ലോക്ഡൗൺ കാലത്ത് കുടുംബം പിടിച്ചുനിന്നത്. അധ്യാപന മേഖലയിൽതന്നെ മുന്നേറാനാണ് ആർഷിക്കാഗ്രഹം. നിലവിൽ ആറുമാസത്തെ കമ്പ്യൂട്ടർ കോഴ്സ് പഠിക്കുന്നതിനൊപ്പമാണ് കുട്ടികളെ പഠിപ്പിക്കുന്നത്. വൈകാതെ ടി.ടി.സിക്കു ചേരാനാണ് പദ്ധതിയെന്നും അവൾ പറഞ്ഞു.
●
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.