Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSpecialchevron_rightമഷിയിൽ രക്തം ചിന്തി...

മഷിയിൽ രക്തം ചിന്തി കൊല്ലപ്പെട്ട മാധ്യമപ്രവർത്തകനിൽ നിന്നുള്ള പാഠങ്ങൾ

text_fields
bookmark_border
മഷിയിൽ രക്തം ചിന്തി കൊല്ലപ്പെട്ട   മാധ്യമപ്രവർത്തകനിൽ നിന്നുള്ള പാഠങ്ങൾ
cancel

താനും ദിവസം മുമ്പാണ് ഛത്തിസ്ഗഢിലെ ബസ്തറിൽ കാണാതായ യുവ മാധ്യമ പ്രർവർത്തകന്റെ മൃതദേഹം ഒരു സ്വകാര്യ കരാറുകാരന്റെ സെപ്റ്റിക് ടാങ്കിൽ നിന്ന് കണ്ടെടുത്തത്. വെറും 33 വയസ്സു മാത്രം പ്രായമുള്ള മുകേഷ് ചന്ദ്രാക്കർ ആദിവാസ മേഖലയെ കേന്ദ്രീകരിച്ചുള്ള സുപ്രധാന റിപ്പോർട്ടുകളാൽ ​മാധ്യമപ്രവർത്തനത്തിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകി വരികയായിരുന്നു. ഏറ്റവും ഒടുവിൽ ബസ്തറിലെ റോഡു നിർമാണത്തിലെ 120 കോടിയുടെ അഴിമതിയാണ് മുകേഷ് പുറത്തുകൊണ്ടുവന്നത്. അതിനു പിന്നാലെ കാണാതായ മുകേഷിനെ പിന്നെ ക​ണ്ടെത്തിയതാവട്ടെ ജീവനറ്റ നിലയിൽ റോഡു നിർമാണ കരാറുകാ​രന്റെ അധീനതയിലുള്ള സ്ഥലത്തെ ​സെപ്റ്റിക് ടാങ്കിലും.

മുകേഷിന്റെ കരൾ അരിഞ്ഞ് കഷ്ണങ്ങളാക്കുകയും ഹൃദയം ചൂഴ്‌ന്നെടുക്കുകയും ചെയ്തതായി പോസ്റ്റ്‌മോർട്ടം പരിശോധനയിൽ കണ്ടെത്തി. വാരിയെല്ലുകൾ ഒടിഞ്ഞ നിലയിലായിരുന്നു. തലയുടെ വിവിധ ഭാഗങ്ങളിൽ 15ഓളം പൊട്ടലുണ്ട്. കഴുത്ത് ഒടിഞ്ഞുതൂങ്ങിയ നിലയിലുമായിരുന്നുവെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. തങ്ങളുടെ കരിയറിൽ ഇത്രയും ക്രൂരമായൊരു കേസ് ഇതുവരെ കൈകാര്യം ചെയ്തിട്ടില്ലെന്നാണ് ഡോക്ടർമാർ വെളിപ്പെടുത്തിയത്.

മുകേഷ് എന്ന മാധ്യമപ്രവർത്തകൻ എന്തായിരുന്നുവെന്ന് വ്യക്തമാക്കുന്ന ലേഖനം ‘ദ ടെല​ഗ്രാഫ്’ ഓൺലൈൻ പ്രസിദ്ധീകരിച്ചിരിക്കുന്നു. മുകേഷിനൊപ്പം മധ്യേന്ത്യയിലെ ഒരു വനത്തിലൂടെയുള്ള താൻ നടത്തിയ യാത്രയുടെ അനുഭവം പങ്കുവെച്ചുകൊണ്ട് ഫിറോസ് എൽ. വിൻസെന്റ് ആണ് ഇതെഴുതിയത്. പത്രപ്രവർത്തനത്തെയും സമൂഹത്തെയും നോക്കിക്കാണുന്ന തന്റെ രീതിയെ മാറ്റിമറിച്ച യാത്ര എന്നാണ് ലേഖകൻ അതിനെ വിശേഷിപ്പിക്കുന്നത്. ആ ലേഖനം ഇവിടെ വായിക്കാം:

‘ബസ്തർ ജംഗ്ഷൻ’ എന്ന പേരിൽ ഛത്തീസ്ഗഡിലെ ജനപ്രിയവും സത്യസന്ധവും ആയ യൂ ടൂബ് ചാനൽ മുകേഷ് നടത്തിയിരുന്നു. ഒപ്പം എൻ.ഡി.ടി.വിയിലേക്കും അദ്ദേഹം വാർത്തകൾ സംഭാവന ചെയ്തു. മുകേഷ് അവതരിപ്പിച്ച വസ്‌തുതകൾ സമഗ്രമായിരുന്നുവെന്ന് മാത്രമല്ല എളുപ്പം വരുമാനം നേടാനുള്ള ഒരു ഉപാധിയായിട്ടും ആ മോഹത്തെ അദ്ദേഹം ചെറുത്തു തോൽപിക്കുകയും ചെയ്തു. എല്ലാറ്റിനുമുപരിയായി അവൻ ഏറ്റവും മാന്യനായ ഒരു മനുഷ്യനായിരുന്നു.

തൊഴിലിൽ ഞങ്ങളിൽ ആരോടും ‘പര വിദ്വേഷം’ അദ്ദേഹത്തിനുണ്ടായിരുന്നില്ല. ഭരണകൂടത്തോടും സായുധ സംഘങ്ങളോടും കോർപ്പറേറ്റുകളോടും രാഷ്ട്രീയ പാർട്ടികളോടും ജാഗ്രത പുലർത്തി. ഈ സ്ഥാപനങ്ങളെല്ലാം സൃഷ്ടിച്ച മാധ്യമപ്രവർത്തനത്തിനെതിരായ വെല്ലുവിളികൾക്കിടയിലും തന്റെ പ്രവർത്തനങ്ങളിലൂടെ ബസ്തറിലെ ആളുകളുടെ ജീവിതം മെച്ചപ്പെടുത്താൻ മുകേഷ് കഠിനമായി പരിശ്രമിച്ചു.

കഴിഞ്ഞ ആഴ്ച ഛത്തീസ്ഗഡിലെ ബിജാപൂരിലെ സെപ്റ്റിക് ടാങ്കിൽ മുകേഷിന്റെ മൃതദേഹം ക​ണ്ടെത്തി. മുകേഷിന്റെ കൊലപാതകത്തിന് പിന്നിലെ സൂത്രധാരനായ സുരേഷ് ചന്ദ്രാക്കർ, റോഡ് പദ്ധതിയിലെ അഴിമതി തുറന്നുകാട്ടിയതിന് പ്രതികാരമായി മുകേഷിനെ കൊലപ്പെടുത്തിയെന്നാണ് ഭണകക്ഷിയായ ബി.ജെ.പിയുടെയും പ്രതിപക്ഷമായ കോൺഗ്രസിന്റെയും ആരോപണം.

കുട്ടിയായിരുന്നപ്പോൾതന്നെ മുകേഷിന് പിതാവിനെ നഷ്ടപ്പെട്ടു. കലാപത്തെത്തുടർന്ന് അദ്ദേഹത്തിന്റെ ഗ്രാമം മാറ്റി സ്ഥാപിക്കപ്പെട്ടു. സൽവാ ജുദൂം വിജിലൻസ് നടത്തുന്ന ക്യാമ്പുകളിലാണ് പിന്നീട് താമസിച്ചിരുന്നത്. അംഗൻവാടി ജീവനക്കാരിയായ അമ്മ 20ാം വയസ്സിൽ മരിച്ചു. അതിനുശേഷം അവൻ തന്റെ സഹോദരങ്ങളെ ഒറ്റക്കു വളർത്തി. തളരാത്ത അധ്വാനത്തിനു പിന്നിലും മുകേഷിനു ചുറ്റും വിഷാദത്തിന്റെ അന്തരീക്ഷമുണ്ടായിരുന്നു.

കഴിഞ്ഞ വർഷം ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത് മുകേഷും ബീജാപ്പൂരിലെ മാധ്യമപ്രവർത്തകൻ പിനാകി രഞ്ജൻ ദാസും ഞാനും, സുരക്ഷാസേന മാവോയിസ്റ്റുകളിൽനിന്ന് തിരിച്ചുപിടിച്ചതിനെത്തുടർന്ന് ഒരു ദശാബ്ദത്തിന് ശേഷം പോളിങ് സ്റ്റേഷൻ പുനഃസ്ഥാപിച്ച പാൽനാർ ഗ്രാമത്തിലേക്ക് പോയി. ആ യാത്ര എനിക്ക് പത്രപ്രവർത്തനത്തിന്റെ ഒരു പാഠമായിരുന്നു.

ആദ്യം ജഗദൽപൂരിൽ നിന്ന് ഞാൻ യാത്ര ചെയ്ത് എത്തിയ എസ്‌.യു.വി ഉപേക്ഷിക്കാൻ മുകേഷ് നിർദേശിച്ചു. അദ്ദേഹത്തിന്റെ സെഡാനിൽ എനിക്ക് ലിഫ്റ്റ് വാഗ്ദാനം ചെയ്തു. വസ്തവത്തിൽ സമതലമല്ലാത്ത ഭൂപ്രദേശങ്ങളിലെ റോഡുകൾക്ക് അനുയോജ്യമായ ഒരു കാറല്ല സെഡാൻ. എന്നാലിത് ഒരു എസ്‌.യുവിയിൽ സഞ്ചരിക്കുന്നതിനേക്കാൾ സുരക്ഷിതമാണ്. കലാപത്തി​ന്റെ മുൻനിരയിലുള്ള മാവോയിസ്റ്റുകൾ എസ്.യു.വി പൊലീസ് വാഹനമാണെന്ന് തെറ്റിദ്ധരിക്കാനിടയുണ്ട്.

രണ്ടാമതായി, നമ്മൾ നന്നായി തയ്യാറെടുക്കുകയും നല്ല സ്റ്റൈലിൽ പോകുകയും ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു. മുകേഷ് തന്റെ നാടിന്റെ മുദ്രയായ ബന്ധാനി സ്കാർഫാണ് ധരിച്ചിരുന്നത്. ‘യേ അപ്നാ ബസ്തർ കാ സ്റ്റൈൽ ഹേ. എന്നെ കാണുന്നവർ ഈ നാടുമായി ബന്ധപ്പെടുത്തും’ -അദ്ദേഹം പറഞ്ഞു.

ഏതാനും മണിക്കൂറുകൾ മാത്രം ദൈർഘ്യമുള്ള യാത്രക്ക് ഓരോ ലിറ്റർ വെള്ളമെങ്കിലും എടുക്കണമെന്ന് മുകേഷ് നിർദേശിച്ചു. കാട്ടരുവിൽ നിന്ന് വെള്ളം കുടിച്ചും അതിജീവിക്കാം. എന്നാൽ, എന്തിലും അപകടസാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ബീജാപൂർ-ഗംഗളൂർ ഹൈവേയിലൂടെ ഡ്രൈവ് ചെയ്ത ശേഷം ‘ഖൂനി റസ്ത’ (രക്തത്തിന്റെ റോഡ്) എന്ന് വിളിക്കപ്പെടുന്നിടത്തെത്തി. വെടിവെപ്പിനെ തുടർന്നുള്ള സംഘർഷത്തിൽ കത്തിയമർന്ന വാഹനങ്ങളാൽ ചിതറിക്കിടക്കുന്ന ഒന്നായിരുന്നു അത്.

ഒരു സി.ആർ.പി.എഫ് ചെക്ക്‌പോസ്റ്റിൽ ഞങ്ങൾ തടയപ്പെട്ടു. മുന്നിൽ കുഴിബോംബുകളുണ്ടാകാമെന്ന് പറഞ്ഞ് ഞങ്ങളെ കൂടുതൽ ദൂരം പോകാൻ അധികൃതർ അനുവദിച്ചില്ല. എന്നാൽ, മുകേഷ് മാന്യമായി അവരുടെ മുന്നിൽ ഉറച്ചുനിന്നു. പൊലീസിനു മുന്നിൽ ഒരിക്കലും ശാന്തത കൈവിടരുത്. നമ്മുടെ കടമ നിർവഹിക്കാൻ അനുവദിക്കണമെന്ന് നല്ല നിലയിൽ അവരോട് പറയണമെന്നും അദ്ദേഹം എനിക്ക് മുമ്പ് മുന്നറിയിപ്പ് നൽകിയിരുന്നു.

ഞങ്ങളുടെ അടുത്തേക്ക് നടന്നുവന്ന ഒരു കോൺസ്റ്റബിൾ മുകേഷ് ശരിയായ ആളാണെന്ന് തിരിച്ചറിഞ്ഞു. അഴിമതിയെക്കുറിച്ചുള്ള റിപ്പോർട്ടുകൾ നന്നാവുന്നുണ്ടെന്നും അദ്ദേഹത്തിന്റെ സഹപ്രവർത്തകരിൽ പലരും യൂ ടൂബ് ചാനലായ ‘ബസ്തർ ജംങ്ഷൻ’ കണ്ടിട്ടുണ്ടെന്നും അറിയിച്ചു. ഞങ്ങളുടെയും തിരിച്ചറിയൽ കാർഡുകളുടെയും ഫോട്ടോ എടുത്ത ശേഷം ഉദ്യോഗസ്ഥർ യാത്ര പുനഃരാരംഭിക്കാൻ അനുവദിച്ചു.

2021ൽ മാവോയിസ്റ്റ് തടവിൽനിന്ന് ഒരു സി.ആർ.പി.എഫ് കോൺസ്റ്റബിളിനെ മോചിപ്പിക്കുന്നതിൽ മുകേഷ് നിർണായക പങ്കുവഹിച്ചിരുന്നു. ബന്ദിയെ തന്റെ ബൈക്കിൽ കാട്ടിൽനിന്ന് പുറത്തേക്കു കൊണ്ടുപോകുന്ന വിഡിയോ അദ്ദേഹത്തിന്റെ ‘എക്സ്’ പ്രൊഫൈലിൽ പിൻ ചെയ്തിട്ടുണ്ട്. ഞങ്ങൾ മടങ്ങിപ്പോരുമ്പോൾ മറ്റൊരു ചെക്ക്‌പോസ്റ്റിൽ മദ്യപിച്ചെത്തിയ ഛത്തീസ്ഗഡ് പൊലീസ് കോൺസ്റ്റബിളിനോട് മുകേഷിന് ദേഷ്യം വന്നു. ‘അവരെല്ലാം സമ്മർദത്തിലാണ്. അതുകൊണ്ടാണ് അവൻ മദ്യപിച്ചത്. ഇത്തരക്കാർക്ക് സർക്കാർ എന്തിന് തോക്ക് നൽകുന്നു?- അവൻ എന്നോട് ചോദിച്ചു.

പൾനാറിൽ എത്തിയപ്പോൾ ക്ഷയരോഗം ബാധിച്ച് എല്ലെട്ടിയ ഒരാളെ ഞങ്ങൾ കണ്ടു. അദ്ദേഹത്തെയും കുടുംബത്തെയും അഭിമുഖം നടത്തുന്നതിനിടെ രോഗത്തെക്കുറിച്ച് എനിക്ക് കൂടുതൽ അറിയാമോ എന്ന് മുകേഷ് എന്നോട് ചോദിച്ചു. ഞാനിതിനെക്കുറിച്ച് ഒരു ഡോക്ടറോട് സംസാരിക്കും. കൂടുതൽ വിവരങ്ങളുമായി ഫോളോ അപ്പ് ചെയ്യും. കൂടാതെ ഈ മനുഷ്യനെ സഹായിക്കാനും ശ്രമിക്കും -അദ്ദേഹം പറഞ്ഞു.

താമസിയാതെ ഞങ്ങളുടെ കയ്യിലെ വെള്ളം തീർന്നു. കടുത്തചൂട് എന്നെ ഒരു മാമ്പഴത്തിലേക്ക് അടുപ്പിച്ചു. അത് പറിക്കാൻ ഞാൻ ചാടിയപ്പോൾ മുകേഷ് എന്നോട് തിരിച്ചു വരാൻ ആക്രോശിച്ചു. ‘അവിടെ കുഴിബോംബുകൾ ഉണ്ടാകാം. സി.ആർ.പി.എഫ് റോഡുകൾ വൃത്തിയാക്കിയെങ്കിലും ബാക്കി കാടുകൾ വെട്ടിത്തെളിച്ചിട്ടില്ല’ -അദ്ദേഹം പറഞ്ഞു.

ദാഹിച്ചപ്പോൾ മുകേഷ് ഒരു കൂട്ടം കുട്ടികളോട് വെള്ളം ചോദിച്ചു. എന്നാൽ, അവരുടെ അടുത്ത് ‘ചാർ ബെറി’ കായ്കൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിൽ നിന്ന് വിലയേറിയ ‘ചിരോഞ്ചിദ’ വിത്തുകൾ അവർ വേർതിരിച്ചെടുക്കും. നീരുള്ള ബെറികൾ കഴിച്ച് ഞങ്ങളുടെ ദാഹം ശമിപ്പിച്ച ശേഷം മുകേഷ് ആ ഫലങ്ങളെക്കുറിച്ചും ബസ്തറിൽ അവയുടെ പ്രാധാന്യ​ത്തെക്കുറിച്ചുമുള്ള ഒരു ചെറിയ വിഡിയോ ചെയ്തു. ‘ചിരോഞ്ചി’ വിത്തുകൾക്ക് ആയിരക്കണക്കിനു രൂപ വില ലഭിക്കും. പക്ഷേ, ഈ കുട്ടികൾ പഠിക്കുന്ന സ്കൂളി​ന്റെ അവസ്ഥ നോക്കൂ’ എന്ന് അദ്ദേഹം കാമറ നോക്കി പറഞ്ഞത് ഞാനോർക്കുന്നു. തുടർന്ന് പോളിങ് ബൂത്തായിരിക്കേണ്ട സ്‌കൂളിലെ ശോച്യാവസ്ഥയിലായ ടോയ്‌ലറ്റിനുനേർക്ക് വിരൽചൂണ്ടി.

തിരിച്ചുപോരുമ്പോൾ, കുട്ടിക്കാലത്ത് താനും ഈ കായ്കൾ പറിച്ചെടുത്തതാണെന്ന് പറഞ്ഞു. ‘നമ്മളെപ്പോലെ പത്രപ്രവർത്തകരാകാൻ ആ കുട്ടികൾക്ക് ഭാഗ്യമുണ്ടായേക്കില്ല. നമ്മൾ അവരുടെ കഥ ശരിയായി പറഞ്ഞില്ലെങ്കിൽ പിന്നെ ആരു പറയും?

മുകേഷ് തന്നെ സ്വയം ബസ്തറിലെ ജനങ്ങൾക്ക് സമർപ്പിച്ചു. അവർ എന്താണ് ആഗ്രഹിക്കുന്നതെന്ന് അവനു മനസ്സിലായി. ‘മഹുവയും, ചാർ ബെറികളുമെല്ലാം നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാണ്. ഇവിടെ ഖനനം തുടങ്ങിക്കഴിഞ്ഞാൽ ഇതെല്ലാം ഇല്ലാതാകും. അതുകൊണ്ട് ഇതിന്റെ സ്റ്റോറി പ്രേക്ഷകർക്ക് ഇഷ്ടപ്പെടും -അദ്ദേഹം പറഞ്ഞു.

ഇത്തരം വാർത്തകൾ ലഭിക്കാൻ എത്രത്തോളം സ്വയം അർപ്പിക്കണം എന്നതിന് ഒരു ലൈൻ വരച്ചിട്ടുണ്ടോ എന്ന് ഞാൻ ചോദിച്ചു. അദ്ദേഹം ലളിതമായി മറുപടി പറഞ്ഞു. ‘ദാദാ, ബസ്തറിലെ എല്ലാവരെ സംബന്ധിച്ചിടത്തോളം ഇതൊക്കെ അപകടകരമാണ്. ഒരു റിപ്പോർട്ടർക്ക് ഇതിൽ നിന്നെല്ലാം എങ്ങനെ വിട്ടുനിൽക്കാനാകും?

ഞാൻ അവിടെ നിന്ന് പോന്നതിനുശേഷവും അദ്ദേഹം തന്റെ സ്റ്റോറികൾ എനിക്ക് അയച്ചുകൊ​ണ്ടേയിരുന്നു. ‘എല്ലാവർക്കും ബസ്തറിനെക്കുറിച്ചുള്ള വാർത്തകൾ ലഭിക്കണം. അപ്പോൾ മാത്രമേ ആളുകൾക്ക് ഞങ്ങളെ മനസ്സിലാകൂ’ എന്നു പറഞ്ഞുകൊണ്ട്. അത് അദ്ദേഹം ജീവിച്ചിരുന്നു എന്നതിന്റെയും പിന്നെ മരണത്തിന്റെയും അടയാളപ്പെടുത്തലായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mukesh ChandrakarChhattisgarh journalist
News Summary - Lessons from slain scribe Chhattisgarh journalist Mukesh Chandrakar
Next Story