Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
അഭ്രപാളിയിലെ ജീവിതാസക്​തികൾ; ‘ലസ്റ്റ്​ ഫോർ ലൈഫി’ൽനിന്ന്​ ‘നെസൗ’വിലേക്കുള്ള ദൂരം
cancel
Homechevron_rightSpecialchevron_rightഅഭ്രപാളിയിലെ...

അഭ്രപാളിയിലെ ജീവിതാസക്​തികൾ; ‘ലസ്റ്റ്​ ഫോർ ലൈഫി’ൽനിന്ന്​ ‘നെസൗ’വിലേക്കുള്ള ദൂരം

text_fields
bookmark_border

അമേരിക്കൻ പത്രപ്രവർത്തകനായ ഇർവിൻ സ്റ്റോൺ വിഖ്യാത ചിത്രകാരനായ വിൻസന്റ് വാൻഗോഗിന്റെ ജീവിതത്തെ ആധാരമാക്കി എഴുതിയ നോവലാണ് ലസ്റ്റ്​ ഫോർ ലൈഫ്​(ജീവിതാസക്തി). ഉൻമാദിയായ ചിത്രകാരന്റെ ജീവിതം ചിത്രീകരിക്കുന്ന നോവൽ പിന്നീട് ബെസ്റ്റ് സെല്ലറായി. അത് വെള്ളിത്തിരയിലുമെത്തി. നോവലിന്റെ അഞ്ചാം അധ്യായത്തിൽ ചിത്രകാരൻ റെംബ്രാന്റിനെ വിവരിക്കുന്ന ഒരു രംഗമുണ്ട്.

റെംബ്രാൻറിന്റെ പഴയ വീടിനു മുന്നിൽ കൂടി പോകുകയാണ് വാൻഗോഗും സുഹൃത്ത് മെൻഡസും.

പട്ടിണിയിലും ദാരിദ്ര്യത്തിലും പെട്ട് വലഞ്ഞ റെം ബ്രാന്റ് ആരാലും അറിയപ്പെടാതെ, ഏകനായാണ് ജീവിച്ചതും മരിച്ചതുമെന്ന് മെൻഡസ്. അങ്ങനെയാണെങ്കിൽ അദ്ദേഹം ജീവിതകാലം മുഴുവൻ അസന്തുഷ്ടനായിരുന്നിരിക്കും അല്ലേ- വാൻഗോഗ് ചോദിച്ചു.

‘അല്ല അദ്ദേഹം ഓരോ നിമിഷവും ജീവിതം ആസ്വദിക്കുകയായിരുന്നു. തന്നെത്തന്നെ അദ്ദേഹം പൂർണ്ണമായി ആവിഷ്കരിച്ചു. തന്റെയും സൃഷ്ടികളുടെയും മൂല്യമെന്തെന്ന് അദ്ദേഹത്തിനറിയാമായിരുന്നു. അതിനാൽ അക്കാലത്ത് ജീവിച്ചിരുന്നവരിൽ ഒരു പക്ഷെ ഏറ്റവുമധികം സന്തോഷവാൻ അദ്ദേഹമാമിരുന്നിരിക്കാം’.-മെൻഡസ്.

ഉൻമാദത്തിന്‍റേയും വിഭ്രാന്തിയുടെയും പരകോടിയിലായിരുന്ന വാൻഗോഗിന് ജീവിതാസക്തിയുടെ സ്ഫുരണം ലഭിച്ചതിവിടെ നിന്നാണെന്ന് ഇർവിൻ സ്റ്റോൺ പറഞ്ഞു വെക്കുന്നു. ചുരുങ്ങിയതെങ്കിലും പിന്നീടുള്ള വാൻ ഗോഗിന്റെ ജീവിതം തൃഷ്ണയുടെ മനോഹരമായ ആവിഷ്കരണങ്ങളായിരുന്നു.

മഞ്ഞക്കതിരുകൾ വസന്തം തീർക്കുന്ന ഗോതമ്പു പാടത്തും ഖനികളിലും ഉരുളക്കിഴങ്ങ് തിന്നുന്നവരുടെയിടയിലും മനുഷ്യ - പ്രകൃതി സാന്ദര്യങ്ങളുടെ ഉദാത്തത തേടി അദ്ദേഹമലഞ്ഞു. ചെവിയുടെ ഒരു ഭാഗം മുറിച്ച് പ്രണയിനിക്ക് സമ്മാനിക്കുന്ന മസ്തിഷ്ക ലഹരിക്കിടയിലും സൗന്ദര്യം തേടിയുള്ള യാത്ര. ഒടുവിൽ വരക്കപ്പെടാനിരിക്കുന്ന അനേകം മനോഹര ചിത്രങ്ങൾ ബാക്കി വെച്ചു കൊണ്ട് വാൻഗോഗ് കാൻവാസിന് പിന്നിലേക്ക് വിടവാങ്ങുകയും ചെയ്തു.


1956 ൽ ലസ്റ്റ്​ ഫോർ ലൈഫ്​ സിനിമയാകുന്നു. നോവലിനൊപ്പമെത്തി അഭ്രപാളിയിലെ ഈ കാവ്യം എന്ന് പിൽക്കാലത്ത് വിലയിരുത്തപ്പെട്ടു. അന്ന് അത്ര പ്രശസ്തനല്ലായിരുന്ന ആൻറണി ക്വിന്നാണ് വാൻഗോഗിന്റെ സുഹൃത്തും മറ്റൊരു വിഖ്യാത ചിത്രകാരനുമായിരുന്ന പോൾ ഗോഗിന്റെ വേഷം ചെയ്തത്. ആ ചിത്രത്തിലെ അഭിനയത്തിന് ആന്റണി ക്വിൻ ഓസ്കാർ നേടി.

ജീവിതാസക്തിയുടെ പര്യായമായിരുന്നു ഹോളിവുഡിന് ആൻറണി ക്വിൻ .ഒരു പക്ഷെ വാൻ ഗോഗിന്റെ ജീവിതം ചിത്രീകരിച്ച സിനിമയായിരിക്കും ആൻറണി ക്വിന്നിന്റെ തുടർന്നുള്ള വീക്ഷണം രൂപപ്പെടുത്തിയത്. കസാൻ ദ് സാക്കിസിന്റെ സോർബ ദ ഗ്രേറ്റിലെ സോർബയായും ഹെമിംഗ് വേയുടെ കിഴവനും കടലിലെ കിഴവനായും ലോറൻസ് ഓഫ് അറേബ്യയിൽ അറബ് ഗോത്രത്തലവനായും ക്രിസ്തുവിനൊപ്പം ക്രൂശിക്കപ്പെട്ട മോഷ്ടാവ് ബറാബാസായുമെല്ലാം ആൻറണി ക്വിൻ പകർന്നാടിയിട്ടുണ്ട്.

ദാരിദ്യത്തിന്റെ കയത്തിൽ നിന്ന് സമ്പന്നതയുടേയും പ്രശസ്തിയുടേയും കൊടുമുടിയിലേക്ക് മുതലക്കൂപ്പ് നടത്തുമ്പോഴും ജീവിത തൃഷ്ണയുടെ പരകോടിയിലായിരുന്നു ക്വിൻ.

ജീവിതത്തെ പ്രസാദാത്മകമായി ചിത്രീകരിക്കാൻ എപ്പോഴും കലാകാരന്, അല്ലെങ്കിൽ ചലച്ചിത്രകാരന് സാധ്യമാകണമെന്നില്ല. ചൂഷണത്തിനും ദാരിദ്യത്തിനുമൊപ്പം അസ്തിത്വ പ്രതിസന്ധിയും മാനസിക സംഘർഷങ്ങളും സാംസ്കാരികയുടെയും ദേശീയതയുടെയും വൈരുദ്ധ്യങ്ങളും സദാ കലുഷിതമാക്കുന്ന ഭൂമികയിലാണ് മനുഷ്യന്റെ എന്നത്തേയും ജീവിതം.

ഈ കണ്ണുനീർക്കുത്തിലും നേരമ്പോക്കിന്റെ വെള്ളിമീൻ ചാട്ടം കാണുന്ന പ്രസാദാത്മക വീക്ഷണമാണ് മനുഷ്യകുലത്തെ മുന്നോട്ടു നയിക്കുന്നത്.ഈ ജീവിതലഹരിയുടെ കഥ പറഞ്ഞ സാഹിത്യസൃഷ്ടികളും സിനിമയും എന്നും അനുവാചക മനസ്സുകളിൽ അമരത്വം നേടുന്നതും മറ്റൊന്നുകൊണ്ടുമല്ല. ഇന്ത്യൻ സിനിമയും ഈ ദിശയിൽ ആദ്യ കാലത്തുതന്നെ ചിന്തിച്ചിട്ടുണ്ട്.

1971 ൽ ഹിന്ദി ഭാഷയിലെ മികച്ച ചിത്രത്തിനുള്ള ദേശീയ അവാർഡ് ഋഷികേശ് മുഖർജി സംവിധാനം ചെയ്ത ‘ആനന്ദ്’ എന്ന ചിത്രത്തിനായിരുന്നു.അർബുദം ബാധിച്ച ആനന്ദ് എന്ന യുവാവും അയാളെ ചികിൽസിച്ച ഡോ. ഭാസ്കർ ബാനർജിയും തമ്മിലുള്ള ബന്ധത്തിന്റെ കഥ പറയുന്ന സിനിമ.

ആനന്ദായി രാജേഷ് ഖന്നയും ഡോക്ടറായി അന്ന് തുടക്കക്കാരനായിരുന്ന അമിതാബ് ബച്ചനും. തന്റെ ജീവിതം എണ്ണപ്പെട്ടിരിക്കുന്നു എന്ന് മനസ്സിലാക്കിയ ആനന്ദ് ബാക്കിയുള്ള ദിനങ്ങളെ ഉൽസവമാക്കി മാറ്റുന്നു. ഡോക്ടർക്കിത് അംഗീകരിക്കാനാവുന്നില്ല. പക്ഷെ ആനന്ദിന്റെ പ്രസന്നതയും ചുറുചുറുക്കും ഡോക്ടറുടെ ചിന്തകളെ മാത്രമല്ല, ആശുപത്രിയിലെ രോഗികളേയും സ്വാധീനിക്കുന്നു.


ഡോക്ടറിന്റെ ഡയറിക്കുറിപ്പുകളിൽനിന്ന‌് പിന്നീട് ആനന്ദ് എന്ന നോവൽ രൂപമെടുക്കുന്നു. ആനന്ദിന്റെ ജീവിതതൃഷ്ണയുടെ ആഖ്യാനമാണ് ഈ നോവൽ. ജീവിതത്തെ ആഘോഷമാക്കിയ ഇത്തരം ദുരന്തപാത്രങ്ങൾ പിന്നീട് പലതവണ ആവർത്തിക്കപ്പെട്ടിട്ടുണ്ട്.അർബുദം പ്രമേയമാക്കി കണ്ണീരിന്റെ പശ്ചാത്തലത്തിൽ പിന്നീട് പല സിനിമകളും വന്നിട്ടുണ്ട്. പക്ഷെ പുതുമ കൊണ്ടും സമീപനം കൊണ്ടും ആനന്ദ് വ്യതിരിക്‌തമായി നിൽക്കുന്നു.

ആനന്ദായി അക്ഷരാർത്ഥത്തിൽ ജീവിക്കുകയായിരുന്ന രാജേഷ് ഖന്നയും ഈ ജീവിതാസക്തിയുടെ ബ്രാൻഡ് അംബാസഡറായിരുന്നെന്ന് ഖന്നയുടെ മരണവേളയിൽ അമിതാബ് ബച്ചൻ അനുസ്മരിക്കുന്നുണ്ട്. 69 ാം വയസ്സിൽ അർബുദബാധിതനായായിരുന്നു രാജേഷ് ഖന്നയുടേയും മരണം. പക്ഷെ അദ്ദേഹം ആനന്ദിനെപ്പോലെ ജീവിതത്തെ ആഘോഷമാക്കുകയായിരുന്നു.

ലോകസാഹിത്യത്തിലും ഈ ജീവിതാഘോഷം പലകുറി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പൗലോ കൊയ്‍ലയുടെ ‘വെറോണിക്ക ഡിസൈഡ്സ് ടു ഡൈ’ എന്ന നോവൽ അ്പ്രതീക്ഷിതമായ വായനാനുഭവം നൽകുന്ന ഒന്നാണ്. വെറോണിക്ക എന്ന 24 കാരിയാണ് കേന്ദ്രകഥാപാത്രം. സ്ലൊവേനിയയിലാണ് വെറോണിക്ക താമസിക്കുന്നത്. സുന്ദരി. മികച്ച ജോലി,സ്നേഹമുള്ള മാതാപിതാക്കൾ, കാമുകൻ. പക്ഷെ പെട്ടെന്നൊരു നിരാശ വെറോണിക്കയെ ബാധിക്കുന്നു. എല്ലാം തകിടം മറിയുമോ എന്ന ഭയം മസ്തിഷ്‍കത്തെ മഥിക്കുന്നു.

ഭയത്തിന്റെ കൊടുമുടിയിൽ എത്തിയ ഒരാൾ ആദ്യം ചിന്തിക്കുക ആത്മഹത്യയെപ്പറ്റിയായിരിക്കുമല്ലോ. പക്ഷെ ആതമഹത്യാ പദ്ധതി പരാജയപ്പെടുന്നു. പിന്നീട് വെറോണിക്കയെ കാണുന്നത് ഒരു മാനസികരോഗാശുപത്രിയിലാണ്. അവളുടെ ആത്മഹത്യാശ്രമം പരാജയപ്പെട്ടുവെന്നും പക്ഷെ അതിന്റെ പ്രത്യാഘാതം ഏറ്റുവാങ്ങിയത് അവളുടെ ഹൃദയമാണെന്നും ഡോക്ടർ അറിയിക്കുന്നു.

ജീവിതം ഇനി ഒരാഴ്ച മാത്രമേയുള്ളൂവെന്ന് വെറോണിക്ക കണ്ടെത്തുന്നതാണ് നോവലിന്റെ വഴിത്തിരിവ്. യാഥാർത്ഥ്യങ്ങൾ അംഗീകരിക്കുന്ന വെറോണിക്ക ജീവിതത്തിന്റെ അവസാന ദിവസങ്ങൾ സന്തോഷകരമാക്കാൻ തീരുമാനിക്കുകയാണ്. ചിത്തഭ്രമം ബാധിച്ച അനേകരുടെ മനസ്സിൽ കാമുകിയായി അവൾ ഉയർത്തെഴുന്നേൽക്കുന്നു. നഴ്സായി അവൾ മരുന്നുപുരട്ടുന്നു.

അവളുടെ പിയാനോ വാദനം ചിത്തരോഗാശുപത്രിയുടെ അകത്തളങ്ങളിൽ പുതുജീവിതത്തിന്റെ താളമായി മാറുന്നു. വീണ്ടും ജീവിക്കാനുള്ള അഭിനിവേശം അവളിൽ മാത്രമല്ല തളിർക്കുന്നത്. ഇനിയാണ് കഥയിലെ ട്വിസ്റ്റ് കടന്നുവരുന്നത്. ഡോ. ഇഗോർ സ്വന്തം വൈദ്യശാസ്ത്ര സിദ്ധാന്തം വെറോണിക്കയിൽ പരീക്ഷിക്കുകയായിരുന്നു.

നിരാശ ബാധിച്ച ഒരാളെ, മരണം ആസന്നമാണെന്ന് ബോധ്യപ്പെടുത്തി വീണ്ടും ജീവിക്കാനുള്ളള ത്വര ഉണർത്തുക. ജീവിതത്തിന്റെ സൗന്ദര്യം വെറോണിക്കക്ക് മുമ്പിൽ അനാവൃതമാകുന്നു. വെറോണിക്കക്ക് മാത്രമല്ല വായനക്കാർക്കും പൗലോകെയ്ലോ ജീവിതാഭിവാഞ്ച പകരുന്നു.

വെറോണിക്കയുടേതിന് സമാനവും ഒരുപക്ഷെ അതിനുമപ്പുറമെത്താവുന്നതുമായ മാനസികതലം സൃഷ്ടിക്കപ്പെടാവുന്ന അന്തരീക്ഷത്തിലാണ് സിറിയൻ സംവിധായിക സൗദാഡെ കാദന്റെ പുതിയ ചിത്രം ‘നെസൗ’വിന്റെ കഥ നടക്കുന്നത്. സിറിയൻ ആഭ്യന്തര സംഘർഷങ്ങളുടെ പശ്ചാത്തലം കാഴ്ചക്കാരനിലുണ്ടാക്കുന്ന പ്രതീക്ഷ അസ്ഥാനത്തല്ല. പക്ഷെ അതിൽനിന്ന് വ്യത്യസ്ഥമായ തലമാണ് സിനിമ ചർച്ചചെയ്യുന്നത് എന്നതാണ് ‘നെസൗ’ വിനെ കാലാതിവർത്തിയാക്കുന്നത്.


അമ്മ ഹല (കിൻഡ അല്ലൂഷ്), പിതാവ് മൊതാസ് (സമീർ അൽ-മസ്‌രി) എന്നിവരോടൊപ്പം ഡമാസ്കസിൽ താമസിക്കുന്ന 14 വയസ്സുള്ള സീന (ഹാല സെയ്ൻ) ആണ് പ്രധാന കഥാപാത്രം. ആഭ്യന്തയുദ്ധം വീടിനുചുറ്റമുള്ള ഭൂമിയെ ശവപ്പറമ്പാക്കി മാറ്റുന്നു. മിസൈലുകളും ബോംബുകളും തകർത്ത കെട്ടിടങ്ങളുടെ ശവപ്പറമ്പിൽനിന്ന് അയൽക്കാർ പലായനംചെയ്യുന്നു.

മൊതാസിന്റെ കുടുംബവും പലായനം ആഗ്രഹിക്കുന്നു. എന്നാൽ മൊതാസ് അതിന് തയാറാകുന്നില്ല. അതിനയാൾക്ക് കാരണങ്ങളുണ്ട്. പിതൃഭൂമി അയാൾക്കും പ്രിയപ്പെട്ടതാണ്. കുടുംബമഹിമയിൽ അയാൾ അഭിരമിക്കുന്നുണ്ട്. അഭയാർഥിയായി ജീവിക്കുന്നത് മരണത്തേക്കാൾ സങ്കടകരമാണ്. കുടുംബത്തെ അവിടെത്തന്നെ നിലനിർത്താൻ ജീവൻ പണയപ്പെടുത്തി ഭക്ഷണവും വെള്ളവും അയാൾ ശേഖരിക്കുന്നുണ്ട്. തന്റെ വീടിന്റെ ഭിത്തിയും മേൽക്കൂരയും തകർന്നത് മാനസികമായി അംഗീകരിക്കാൻ അയാൾ തയാറാകുന്നില്ല.

തന്റെ കണ്ണിൽ പൊടിയുന്ന നീർ പൊടി വീണുണ്ടായതാണെന്ന് മറ്റുള്ളവരെ വിശ്വസിപ്പിക്കാൻ ശ്രമിക്കുന്ന പാട്രിയാർക്കിയൽ ഭാവം അയാളിലുണ്ട്. മറ്റ് പെൺമക്കളെപ്പോലെ സീനയെ ഒരു പോരാളിയെ കൊണ്ട് വിവാഹം കഴിപ്പിക്കാൻ മൊതാസ് ശ്രമിക്കുന്നുണ്ടെങ്കിലും ഹല അത് സമ്മതിക്കുന്നില്ല. മറ്റു മക്കൾക്ക് സംഭവിച്ച ദുർവിധിയാകാം കാരണം. താൻ പ്രായപൂർത്തിയായ കാര്യം ആരോടും പറയരുതെന്ന് സീന അമ്മയോട് അഭ്യർത്ഥിക്കുന്നുണ്ട്. അത് തന്നെ അപകടത്തിലാക്കുമെന്ന ബോധം അവൾക്കുണ്ട്.

ബോംബ് സ്ഫോടനം വീടിന്റെ മേൽക്കൂരയിൽ വലിയൊരു വിടവ് സൃഷ്ടിക്കുന്നു. അതിലൂടെ ദൃശ്യമാകുന്ന ആകാശം അവളെ സംബന്ധിച്ചിടത്തോളം പുതിയതാണ്. അതുവരെ നിഷേധിക്കപ്പെട്ടിരുന്ന പുറംലോകക്കാഴ്ചകളാണ് പെട്ടെന്ന് ദൃശ്യമാകുന്നത്. ബോംബ് സ്ംഫാടനം സമ്മാനിച്ചതാണ് അവളുടെ ആകാശം. അത് കടലാണെന്ന് അവൾക്ക് തോന്നുന്നു. ആ കടലിൽ അവൾ കല്ല് പായിച്ചു രസിക്കുന്നു.

സീനക്കൊപ്പം പ്രേക്ഷകരും ഈ സർറിയലിസ്റ്റ് ഭാവനാചിത്രത്തിൽ മതിമറക്കുന്നു. മാന്ത്രികത ഒളിഞ്ഞിരിക്കുന്ന മേൽക്കൂരയിലേക്ക്ക്ക് അവളെ അയൽവാസിയായ കൗമാരക്കാരൻ അമീർ നയിക്കുന്നു. യുദ്ധം ഭയന്ന് ഓടിപ്പോയവരുടെ ഉപേക്ഷിക്കപ്പെട്ട മാധ്യമ ഉപകരണങ്ങൾ ഉപയോഗിച്ച് സ്വന്തം സിനിമ നിർമ്മിക്കുന്നവനാണ് അമീർ. അമീറും ശുഭാപ്തിവിശ്വാസത്തിന്റെ പ്രതീകമാണ്. അമീറിന്റെ സിനിമ കാണാൻ തയാറാകുന്നുണ്ടെങ്കിലും സങ്കടകരമായ അവസാനം സീന ഇക്ഷ്ടപ്പെടുന്നില്ല.

ആരും മരിക്കാത്ത ഒരു സിനിമ സിറിയയിൽ സാധ്യമാകുമോ എന്നാണ് അമീറിന്റെ ചോദ്യം. ബോംബുകൾക്ക് പക്ഷെ നക്ഷത്രങ്ങളെ ഒന്നും ചെയ്യാനാവില്ല എന്ന സ്റ്റേറ്റ്മെന്റാണ് സിനിമയെ യുദ്ധസിനിമകളുടെ സാധാരണ ദൃശ്യപരിസരത്തുനിന്ന് ഉയരത്തിലേക്കെത്തിക്കുന്നത്. മൊതാസിന്റെ പാട്രിയാർക്കൽ തടവറയിൽനിന്നും പുറത്തുചാടുന്ന ഹലയെയും സീനയെയുമാണ് പിന്നീട് കാണുന്നത്.


അയാളുടെ സ്നേഹപ്രകടനങ്ങളും കരുതലുമൊന്നും അതിൽനിന്ന് അവരെ തടയുന്നില്ല. അവ വെറും പ്രകടനങ്ങൾ മാത്രമാണ് .സ്നേഹം തീർത്ത തടവറയിൽ നിന്നുള്ള രക്ഷപെടൽ കൂടിയാണ് ഒീവിതം. ഉപേക്ഷിക്കപ്പെട്ട തെരുവുകളിലും സ്കൂളുകളിലും ഇതുവരെ കാണാതിരുന്ന ദൃശ്യങ്ങളുണ്ട്. ധരിക്കാത്ത ഒരു ജോടി ചുവന്ന ഹൈ ഹീലുകൾ ഹല തെരുവിൽ ഉപേക്ഷിക്കുന്നു. മനോഹരമാണവ. പക്ഷെ ധരിക്കാനുള്ള അവസരം ഇതുവരെയുണ്ടായട്ടില്ല.പലായനം അവസാനിക്കുന്നില്ല. പ്രലോഭനങ്ങളുമായി മൊതാസ് പിന്നാലെയുണ്ട്. പക്ഷെ ഹലയ്ക്കറിയാം അതിന്റെ അപകടം.തിരിഞ്ഞ് നോക്കരുത് എന്ന് അവൾ സീനയോട് പറയുന്നു. അതെ തിരിഞ്ഞുനോക്കരുത്. തിരിഞ്ഞുനോക്കിയ പാണ്ഡവർക്ക് സംഭവിച്ചത് ദുരന്തമാണ്. ശുഭാപ്തി വിശ്വാസം മാത്രം കൈമുതലായുള്ള യാത്രയാണിത്. ജീവിതമാണത്. നാളെ കരഗതമാകുന്ന സ്വപ്നസാഫല്യമല്ല അത്. ഓരോ അണുവിലും ജീവിക്കുന്ന മനുഷ്യരാണിത്. സൗദാ കാഡൻ മുന്നോട്ടുവയ്ക്കുന്ന ദർശനമിതാണ്.


കുടുംബത്തിനു വേണ്ടി സ്വന്തം ജീവിതം ബലി കഴിക്കുന്ന വല്യേട്ടൻമാരും ഏടത്തി മാരും നിറഞ്ഞു നിൽക്കുന്ന ആദർശാത്മക പരിസരത്തിലാണ് മലയാള സിനിമയും സാഹിത്യവും നിലകൊള്ളുന്നത്. പാൻ ഇന്ത്യൻ പരിസരവും വ്യത്യസ്ഥമല്ല. വേദനയുടെ ലോകത്ത് ജീവിക്കുകയും ലഹരി പിടിപ്പിക്കുന്ന വേദനയിൽ ആണ്ടു മുങ്ങി സന്തോഷം കണ്ടെത്തുന്ന കാൽപനികതയുടെ വേരുകൾക്ക് ഇപ്പോഴും ആഴത്തിൽ വേരോട്ടമുണ്ട്.

മേഘ താക്ക താരയിലെ നായിക ഇങ്ങനെ കുടുംബത്തിനായി ഹോമിക്കപ്പെട്ട യുവ തലമുറയുടെ പ്രതിനിധിയാണ്. ഒടുവിൽ ക്ഷയരോഗ ബാധിതയായി സാനിട്ടോറിയത്തിൽ കഴിയുന്ന നായിക അവിടെ വെച്ചാണ് ജീവിതത്തിലുള്ള അദമ്യമായ ആഗ്രഹം പ്രകടിപ്പിക്കുന്നത്. നാലുകെട്ടുകളിലും അകത്തളങ്ങളിലും പുരുഷ മേധാവിത്വം തീർത്ത തടവറകളിലും കിടപ്പറകളിലും അടുക്കളകളിലുമായി എരിഞ്ഞു തീർന്ന സ്ത്രീയുടെ ഉയർത്തെഴുന്നേൽപുകൾ സമകാലിക സിനിമക്ക് നൽകിയ ഊർജം വിസ്മരിക്കാവുന്നതല്ല.

പക്ഷെ ജീവിക്കാൻ മറന്നു പോയവരുടെ എണ്ണം കുറയുന്നില്ലെന്നതും പുതിയ രീതിയിൽ, പുതിയ തലങ്ങളിൽ അത് തുടരുകയാണെന്നതുമായ വസ്തുതകൾ ചോദ്യചിഹ്നമായി നിൽക്കുന്നു. മതപൗരോഹിത്യവും പാട്രിയാർക്കിയും രാഷ്ട്രീയ വിശ്വാസങ്ങളും തീർക്കുന്ന ഭൗതികവും മാനസ്സികവുമായ അടിമത്തത്തിൽ നിന്ന് കുതറി മാറാനുള്ള സാംസ്കാരികവും കലാപരവുമായ ശ്രമങ്ങളെ പ്രതീക്ഷയോടെ നോക്കുമ്പോൾ തന്നെ, മറ്റൊരു തരം അടിമത്തത്തിൽ ആണ്ടു മുങ്ങുകയാണ് സമൂഹം.

ഇടച്ചേരിയുടെ വ്യാപനം അതിനിടയാക്കിയിട്ടുണ്ട്. മക്കൾക്കുവേണ്ടി ജീവിക്കുന്നവരാണ് മധ്യവർഗ്ഗം. വാർധക്യത്തിലെ വിശ്രമജീവിതത്തിനുള്ള വക ഒരുക്കാൻ വേണ്ടിയാണ് യൗവനം. വാർധക്യത്തിൽ മാത്രം അവസാനിക്കുന്ന അലച്ചിൽ. ജീവിക്കാൻ മറന്നുപായവരുടേതാണ് ഈ ലോകം. അതിൽനിന്ന് വ്യത്യസ്ഥമായ ഒരുലോകമുണ്ടെന്ന് കാണിച്ചു തരുന്ന സിനിമകളും സാഹിത്യവും അപൂർവമാണ്.

മലയാള സിനിമയിലും തൃഷ്ണയുടെ വ്യത്യസ്ഥ ആഖ്യാനങ്ങൾ പല കുറി ചലച്ചിത്ര രൂപമെടുത്തിട്ടുണ്ട്. എന്നാൽ അവ ഉപരിവർഗ്ഗമാകാൻ ശ്രമിച്ചു കൊണ്ടിരിക്കുന്ന മധ്യവർഗ്ഗത്തിന്റെ ദിവാസ്വപ്നങ്ങളെയാണ് എപ്പോഴും ചിത്രീകരിച്ചിട്ടുളളത്.

കുടുംബ ഘടനയിൽ അടിയുറച്ചു നിൽക്കുമ്പോഴും അരാജകജീവിതത്തിന്റെ മോഹിപ്പിക്കുന്ന മായികതയാണ് ഇടച്ചേരിയുടെ മനസ്സിലുള്ളത്. അനുദിനം നഗരവൽകൃതമാക്കുന്ന സാമൂഹിക, രാഷ്ട്രീയ സാഹചര്യങ്ങളിൽ ഇടച്ചേരി വളർന്നുകോണ്ടേയിരിക്കുന്നു. പൊതു ബോധം രൂപപ്പെടുത്തുന്നതു പോലും മധ്യവർഗ്ഗമാണെന്നതിൽ തർക്കമുണ്ടാകില്ല. സർക്കാർ ജീവനക്കാരും അധ്യാപകരും ഇടത്തരം ബിസിനസ്സുകാരും അഭിഭാഷകരുമടങ്ങുന്ന മധ്യവർഗ്ഗം പ്രസംഗ വേദികളിൽ ലെനിനായും പൂജാമുറികളിൽ പൂന്താനമായും വേഷപ്പകർച്ച നടത്തുന്നു. കുല മഹിമയും കുടുംബ മഹിമയും പ്രഘോഷിക്കുന്ന നാട്ടുപ്രമാണി ചമയുമ്പോഴും ഒത്തു വന്നാൽ പട്ടായയിൽ പോയി സുഖിക്കണം എന്ന സ്വപ്നം പേറുന്ന വനാണവൻ.


ജീവിത തൃഷ്ണയുടെ ചിത്രീകരണം മലയാള സിനിമയിൽ ആവിഷ്കരിക്കപ്പെട്ടിട്ടുള്ളത് അടിച്ചമർത്തപ്പെട്ട ലൈംഗികതയിൽ നിന്നുള്ള സ്വാതന്ത്ര്യ പ്രഖ്യാപനം മാത്രമായാണ് . 30 വർഷത്തിനു ശേഷവും മണ്ണാറത്തൊടി ജയകൃഷ്ണൻ മലയാളിയുടെ മനസ്സിൽ കാൽപനിക ഹീറോ പരിവേഷത്തോടെ നിലനിൽക്കുന്നതും മറ്റൊന്നു കൊണ്ടുമല്ല. ഗ്രാമത്തിലും നഗരത്തിലും ഇരട്ട വ്യക്തിത്വം നയിക്കുന്ന ജയകൃഷ്ണൻ സ്ത്രീപക്ഷ കാഴ്ചപ്പാടിൽ ഇതുവരെ വിലയിരുത്തപ്പെട്ടിട്ടില്ല.

ജൻമിയുടെ പിശുക്കും മുതലാളിയുടെ ധൂർത്തും മധ്യവർഗ്ഗത്തിന്റെ സ്വഭാവ സവിശേഷതയാണ്. കുടുംബ മറിയാതെയുള്ള ഇത്തരം തീർഥയാത്ര കളാണ് മലയാള സിനിമയിലെ ലിബറലിസങ്ങൾ. ജയകൃഷ്ണൻ ചലച്ചിത്ര ലോകത്തെ വേട്ടയാടുന്നത് പിൽക്കാലത്തും നിർബാധം തുടരുന്നുണ്ട്. പരമേശ്വരനായും ഉസ്താദായുമെല്ലാമുള്ള ഭാവപ്പകർച്ചകളിൽ അടിച്ചമർത്തി വെച്ചിരിക്കുന്ന അധോതല തൃഷ്ണകൾ ബഹിർഗമിക്കുന്നു. ആണധികാരം ഒഴിച്ചുകൂടാനാവാത്തതായി നിലനിൽക്കുകയും മുതലാളിത്ത യുക്തികളാൽ നിയന്ത്രിക്കപ്പെടുകയും ചെയ്യുന്ന സമൂഹത്തിൽ നിന്ന് ഇതിനപ്പുറമൊരു കലാവിഷ്കാരം പ്രതീക്ഷിക്കാമോ എന്ന ചോദ്യം ഉയരുക സ്വാഭാവികമാണ്.

ഫ്യൂഡൽ അധികാര ഘടനകളിൽ നിന്ന് ഇനിയും മുക്തമല്ലാത്ത, ഭയമുൽപാദിപ്പിച്ചു കൊണ്ട് സ്ത്രീകളെയും നിരാലംബരേയും വിധേയരാക്കി നിലനിർത്തുന്ന സാമുദായിക യുക്തികൾക്കെതിരെയുള്ള ചോദ്യം ചെയ്യലുകളുടെ ചിത്രീകരണങ്ങൾക്ക് പ്രേക്ഷകപ്രീതി ലഭിക്കുന്നു എന്നത് ശുഭകരമായ മാറ്റമാണ്. എങ്കിലും പതിവു കാഴ്ചാശീലങ്ങളുടെ കുടുംബ പരിസരത്ത് ചുറ്റിക്കറങ്ങുന്ന അവസ്ഥയിൽ നിന്ന് സിനിമ ഏറെയൊന്നും മുന്നോട്ടു പോയിട്ടില്ല.അവിടെയാണ് നെസൗ വഴികാട്ടുന്നത്.

വംശീയതയുടേയോ യുദ്ധത്തിന്റെയോ വിഘടന വാദത്തിന്റെയോ പ്രശ്ന സങ്കീർണതമായ സാഹചര്യം അനുഭവിക്കാത്തവരാണ് മലയാളികൾ. അതുകൊണ്ടു തന്നെ മലയാള സിനിമകളിലും സാഹിത്യത്തിലും സങ്കീർണതകളുടെ ഭൗതിക പരിസരം ദൃശ്യമല്ല. വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന സിനിമയിൽ ജയറാമിന്റെ കഥാപാത്രം പിതാവായ തിലകനോട് ഒരു ചോദ്യം ഉന്നയിക്കുന്നുണ്ട്. ‘ഞാൻ വളർന്നപ്പോഴേക്കും അപ്പന് കാശായി പോയി. അതുകൊണ്ട് എനിക്ക് ദാരിദ്ര്യത്തിന്റെയും പട്ടിണിയുടെയുമൊന്നും അനുഭവമുണ്ടായില്ല. സ്വാഭാവികമായും എന്റെ പ്രതിഭ വളർന്നില്ല’.

സമൂഹമേൽപിക്കുന്ന ആഘാതത്തിൽനിന്ന് വിമോചിതമാകാൻ വെമ്പുന്ന വ്യക്തിയുടെ മാനസികഭാവങ്ങളുടെ പ്രത്യയശാസ്ത്രമുക്തമായ ആവിഷ്‍കരണങ്ങളേക്കാൾ മലയാളിസമൂഹത്തിന് രാഷ്ട്രീയസംഘർഷങ്ങളുടെ ചലനാത്മകത നിറഞ്ഞ ചലച്ചിത്രങ്ങളോട് പ്രത്യേക മമതയുണ്ട്. പക്ഷെ സംഘർഷഭൂമിയിലും അതിന്റെ നേർചിത്രണത്തിലൂടെ കേവലം പ്രൊപ്പഗാൻഡയായി സിനിമ ചുരുങ്ങിപ്പോകാതെ കലാപരമായ പുതിയ ഭൂമികകൾ കണ്ടെത്താൻ പ്രേക്ഷകനെ സഹായിക്കുന്നു എന്നതും ‘നെസൗ’വിനെ ശ്രദ്ധേയമാക്കുന്നു. മലയാളസിനിമ ഇനിയും കണ്ടെത്താത്ത ആവിഷ്‍കാരശ്രേണിയാണിത്

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lust for lifenezouh
Next Story