ഇതാണ് മൈക്ക് സിറ്റിയുടെ യഥാർഥ കഥ
text_fieldsചെറുതോണി: ഇടുക്കിയിൽ നാലാളുകൂടിയാൽ അതൊരു സിറ്റിയായി മാറുമെന്നാണ് ചൊല്ല്. തങ്കപ്പൻ സിറ്റി, നായർ സിറ്റി, മൈനർ സിറ്റി, എൻ.ആർ സിറ്റി, തങ്കപ്പൻ സിറ്റി, കുട്ടപ്പൻ സിറ്റി മുതൽ കുവൈത്ത് സിറ്റിവരെ നീണ്ടുകിടക്കുന്നു. ഇതിൽ ഇടുക്കിക്ക് പുറത്തുള്ളവർക്ക് ഏറെ പരിചയമുള്ള രണ്ട് സിറ്റികളാണ് ‘മൈക്ക് സിറ്റി’യും ‘പ്രകാശ് സിറ്റി’യും. ‘മഹേഷിന്റെ പ്രതികാരം’ എന്ന സിനിമയിലൂടെ ഇടുക്കിയിലെ സ്ഥലനാമങ്ങൾ കുറേയേറെ ലോകം പരിചയപ്പെട്ടിട്ടുണ്ട്.
എന്നാൽ, അതിനു മുമ്പ് വെള്ളിത്തിരയിൽ പതിഞ്ഞ പേരാണ് മൈക്ക് സിറ്റി. മൈക്ക് കവലയെന്നും മൈക്ക് സിറ്റിയെന്നും തരംപോലെ നാട്ടുകാർ വിളിക്കുന്ന പ്രദേശത്തിന്റെ പേര്, ജയരാജ് സംവിധാനം ചെയ്ത് മമ്മൂട്ടി അഭിനയിച്ച ‘ലൗഡ് സ്പീക്കർ’ എന്ന സിനിമയിലൂടെയാണ് പ്രശസ്തമായത്. ഹൈറേഞ്ചിന്റെ കുടിയേറ്റകാലത്തോളം പഴക്കമുള്ള പേരാണ് മൈക്ക് കവല.
കാമാക്ഷി പഞ്ചായത്തിലെ അഞ്ചാം വാർഡിൽ സ്ഥിതിചെയ്യുന്നു. ശാന്തിഗ്രാം തടിയമ്പാട് റോഡ് കടന്നുപോകുന്നത് മൈക്കുകവലയിലൂടെയാണ്. ഇവിടെ നിന്ന് ശാന്തിഗ്രാമിനും ഉദയഗിരിക്കും തിരിഞ്ഞു പോകാം. രണ്ട് റോഡുകൾ സന്ധിക്കുന്ന കവലയാണ് മൈക്ക് കവല. മൈക്ക് കവലയുടെ യഥാർഥ കഥയല്ല സിനിമയെന്ന് മൈക്ക് കവലക്കാർക്കറിയാം.
ഈ പേരിനു പിന്നിൽ ഒരു കഥയുണ്ട്. ചെവിക്ക് കേൾവി കുറവുള്ള ഗോപാലൻ എന്നൊരാൾ നാല് പതിറ്റാണ്ട് മുമ്പ് കുടിയേറ്റത്തിന്റ പ്രാരംഭകാലത്ത് ഈ കവലയിൽ താമസിച്ചിരുന്നു.
റേഡിയോ അപൂർവമായ അക്കാലത്ത് വാങ്ങിയ റേഡിയോയായിരുന്നു ഗോപാലന്റെ സന്തത സഹചാരി. എപ്പോഴും റേഡിയോ വലിയ ശബ്ദത്തിൽ പ്രവർത്തിച്ചുകൊണ്ടിരിക്കും. താൻ പറയുന്നത് മറ്റുള്ളവർക്ക് കേൾക്കാമോ എന്ന് ശങ്കയുള്ളതിനാൽ വളരെ ഉച്ചത്തിലാണ് അയാൾ സംസാരിച്ചിരുന്നത്. ഉച്ചഭാഷിണിക്ക് തുല്യമായി ഉച്ചത്തിൽ സംസാരിക്കുന്ന ഗോപാലൻ ചേട്ടനെ ആളുകൾ മൈക്ക് ഗോപാലൻ എന്ന് വിളിച്ചു. മൈക്ക് ഗോപാലൻ താമസിക്കുന്ന സ്ഥലമാണ് പിന്നീട് മൈക്ക് കവലയും മൈക്ക് സിറ്റിയുമായി. മൂന്നര പതിറ്റാണ്ട് മുമ്പ് ഗോപാലൻ ചേട്ടൻ ഓർമയായെങ്കിലും അദ്ദേഹത്തിന്റെ സ്മരണയിൽ മൈക്ക് കവല ഇന്നും നിലനിൽക്കുന്നു.
സംവിധായകൻ ജയരാജിന്റെ സഹോദരന് മൈക്ക് കവലക്കടുത്ത് കൃഷിഭൂമയുണ്ടായിരുന്നു. സിനിമയുടെ തിരക്കുകളിൽ നിന്നൊഴിഞ്ഞ് പലപ്പോഴും ജയരാജ് ഇവിടെ വന്ന് താമസിക്കാറുണ്ടായിരുന്നു. മൈക്ക് കവലക്കാർ അദ്ദേഹത്തെ തിരിച്ചറിഞ്ഞതുമില്ല. അങ്ങനെയാണ് മൈക്ക് ഗോപാലന്റെ കഥ ജയരാജിന്റെ മനസ്സിലും കയറിപ്പറ്റിയത്. മൈക്ക് ഗോപാലന്റെ ഭാഗം മമ്മൂട്ടി അവിസ്മരണീയമാക്കിയെങ്കിലും യഥാർഥ മൈക്ക് കവലക്ക് ചിത്രത്തിൽ റോളുണ്ടായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.