തെലങ്കാന ബി.ജെ.പി മുക്തമാക്കാനുറച്ച് ബി.ആർ.എസ്; വിദ്വേഷ പ്രചാരകൻ രാജാസിങിനെ കെട്ടുകെട്ടിക്കുമെന്ന് പ്രഖ്യാപനം
text_fieldsഹൈദരാബാദ്: തെലങ്കാനയെ ബി.ജെ.പി മുക്തമാക്കുമെന്ന് പ്രഖ്യാപിച്ച് ഭാരതീയ രാഷ്ട്ര സമിതി (ബി.ആർ.എസ്). വിദ്വേഷ പ്രസ്താവനകളിലൂടെ കുപ്രസിദ്ധനായ ടി. രാജ സിങ് ആണ് തെലങ്കാനയിലെ നിലവിലെ ഏക ബി.ജെ.പി എം.എൽ.എ. ഗോഷാമഹൽ എം.എൽ.എയായ രാജാസിങ് തന്നെയാണ് ഇത്തവണത്തേയും മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർഥി. ഇയാളെ പരാജയപ്പെടുത്തുമെന്നാണ് ബി.ആർ.എസ് പ്രഖ്യാപിച്ചിരിക്കുന്നത്.
കുപ്രസിദ്ധൻ രാജാ സിങ്
2018ൽ തെലങ്കാനയിൽ ബി.ജെ.പി വിജയിച്ച ഏക നിയമസഭാ സീറ്റാണ് ഗോഷാമഹൽ. സെൻട്രൽ ഹൈദരാബാദിലെ ഈ മണ്ഡലത്തിൽ നിന്ന് തുടർച്ചയായി രണ്ട് തവണയാണ് രാജാസിങ് വിജയിച്ചത്. നിലവിൽ മണ്ഡലത്തിലെ മൂന്നാം വിജയത്തിനുള്ള ശ്രമത്തിലാണ് രാജാസിങും ബി.ജെ.പിയും.
തെലങ്കാനയുടെ മതേതര പ്രതിച്ഛായയ്‌ക്ക് മേലുള്ള കളങ്കമായി ബി.ആർ.എസ് കാണുന്നത് ഈ ബി.ജെ.പി എം.എൽ.എയെയാണ്. സംസ്ഥാനത്ത് തുടർച്ചയായി മൂന്നാം തവണയും അധികാരത്തിൽ വരാൻ ശ്രമിക്കുന്ന ബി.ആർ.എസ്, കഴിഞ്ഞ 10 വർഷത്തിനിടയിലെ പ്രധാന നേട്ടങ്ങളായി ഉയർത്തിക്കാട്ടുന്നത് സാമുദായിക സൗഹാർദ്ദവും സമാധാനവുമാണ്. പരസ്പരം യോജിപ്പിൽ ജീവിക്കുന്ന വിവിധ വിശ്വാസങ്ങളിൽപെട്ട ആളുകളുമായി 'ഗംഗാ ജമുന തഹ്‌സീബിന്റെ' മികച്ച മാതൃകയായാണ് തെലങ്കാനയെ ബി.ആർ.എസ് കാണുന്നത്.
രാജാസിങ്ങിന്റെ വിദ്വേഷ പ്രസംഗങ്ങൾ സാമുദായിക സൗഹാർദത്തിൽ ഉണ്ടാക്കുന്ന ആഘാതത്തിൽ ഭരണകക്ഷി നേതാക്കൾ ആശങ്കയിലാണ്. ഗോഷാമഹൽ പാർട്ടി പിടിച്ചെടുക്കുമെന്ന് ബി.ആർ.എസ് വർക്കിങ് പ്രസിഡന്റ് കെ.ടി. രാമറാവു പറയുന്നു.
ക്രിമിനൽ എം.എൽ.എ
രാജാസിങിനെതിരേ ഇതുവരെ ആകെ 101 ക്രിമിനൽ കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ ഹൈദരാബാദിലെ വിവിധ പൊലീസ് സ്റ്റേഷൻ പരിധികളിലെ 18 വർഗീയ കുറ്റകൃത്യങ്ങളും ഉൾപ്പെടുന്നു. 38 വിദ്വേഷ പ്രസംഗ കേസുകളും ഇതിൽ ഉൾപ്പെടുന്നു. മുഹമ്മദ് നബിക്ക് എതിരായ വർഗീയ പരാമർശങ്ങളുടെ പേരിൽ ഇടക്കാലത്ത് രാജാസിങിനെ ബി.ജെ.പി പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. കഴിഞ്ഞ മാസം സസ്‌പെൻഷൻ പിൻവലിച്ച പാർട്ടി ഗോഷാമഹലിൽ നിന്ന് ഇയാളെ വീണ്ടും മത്സരിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു.
കേസുകളുടെ പേരിൽ ഹൈദരാബാദ് പോലീസ് ഇടക്കാലത്ത് ഇയാളെ അറസ്റ്റ് ചെയ്തെങ്കിലും അതേ ദിവസം തന്നെ കോടതി ജാമ്യം അനുവദിച്ചിരുന്നു. തുടർച്ചയായ പ്രതിഷേധങ്ങൾെക്കാടുവിൽ, ഹൈദരാബാദ് പോലീസ് കമ്മീഷണർ പ്രിവന്റീവ് ഡിറ്റൻഷൻ (പിഡി) ആക്ട് പ്രയോഗിച്ചതിനെത്തുടർന്ന് ഓഗസ്റ്റ് 25 ന് ഇയാളെ വീണ്ടും അറസ്റ്റ് ചെയ്യുകയും ജയിലിലാക്കുകയും ചെയ്തു.
തെലങ്കാന ഹൈക്കോടതി പിഡി ആക്ട് നടപടികൾ റദ്ദാക്കിയതിനെ തുടർന്ന് നവംബറിൽ രാജാ സിങിനെ മോചിപ്പിച്ചു. ഏതെങ്കിലും മതത്തിനെതിരെ പ്രകോപനപരമായ പ്രസംഗങ്ങൾ നടത്തരുതെന്നും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ അപകീർത്തികരവും അപമാനകരവുമായ പോസ്റ്റുകൾ ഇടരുതെന്നും കോടതി ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ പിന്നീടും മഹാരാഷ്ട്ര, രാജസ്ഥാൻ, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലെ മതപരമായ റാലികളിൽ രാജ സിങ് വിദ്വേഷ പ്രസംഗങ്ങൾ തുടർന്നു.
ഗോഷാമഹൽ മത്സരം
തെലങ്കാനയിലെ ബി.ജെ.പി ശക്തി കേന്ദ്രമാണ് ഗോഷാമഹൽ. രാജസ്ഥാൻ, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള കുടിയേറ്റ വ്യവസായികളാണ് മണ്ഡലത്തിലെ പ്രബല വോട്ടർമാർ. 1994-ൽ ആദ്യമായി ഒരു ബി.ജെ.പി സ്ഥാനാർഥിയെ (രാമസ്വാമി) തിരഞ്ഞെടുത്ത മണ്ഡലവുമാണിത്. രാജസിങ് ഉൾപ്പെടുന്ന ലോധ സമുദായമാണ് ഇവിടത്തെ പ്രബലമായ കുടിയേറ്റ വിഭാഗം.
രാജാ സിംഗ് 2014-ൽ ആണ് ആദ്യമായി എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ടത്. 46,793 വോട്ടുകളുടെ ഭൂരിപക്ഷത്തിന് കോൺഗ്രസ് മുൻ മന്ത്രി എം. മുകേഷ് ഗൗഡിനെയാണ് പരാജയപ്പെടുത്തിയത്. രാജാ സിംഗ് 92,757 വോട്ടുകൾ (58.9%) നേടിയപ്പോൾ മുകേഷ് ഗൗഡിന് 45,964 വോട്ടുകൾ (29.2%) ലഭിച്ചു.
2018ൽ ഗോഷാമഹലിൽ ടി.ആർ.എസ് ശക്തമായ ശക്തിയായി ഉയർന്നുവെങ്കിലും 17,734 വോട്ടിന്റെ ഭൂരിപക്ഷത്തിൽ രാജ സിങും ബി.ജെ.പിയും സീറ്റ് നിലനിർത്തി. രാജ സിങ് 61,854 വോട്ടുകൾ (45.18%) നേടിയപ്പോൾ, ടി.ആർ.എസിലെ പ്രേം സിങ് റാത്തോഡ് 44,120 വോട്ടുകൾ (32.23%) നേടി റണ്ണറപ്പായി. കോൺഗ്രസിലെ മുകേഷ് ഗൗഡ് 26,322 വോട്ടുകൾ (19.23%) നേടി മൂന്നാം സ്ഥാനത്തായി.
ഇത്തവണ ബി.ആർ.എസ് നന്ദ് കിഷോർ വ്യാസിനെ മത്സരിപ്പിക്കുമ്പോൾ കോൺഗ്രസ് മഹിളാ കോൺഗ്രസ് അധ്യക്ഷ മൊഗിലി സുനിതയെയാണ് മത്സരിപ്പിക്കുന്നത്. നന്ദ് കിഷോർ വ്യാസ് 2014 ൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുകയും 7,123 വോട്ടുകൾ (4.49%) നേടി മൂന്നാമതെത്തുകയും ചെയ്തിരുന്നു. മണ്ഡലത്തിലെ നന്ദ് കിഷോർ വ്യാസിന്‍റെ ഈ സ്വധീനം വിജയമാക്കി മാറ്റാനാണ് ഇത്തവണ ബി.ആർ.എസ് ശ്രമിക്കുന്നത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തെലങ്കാനയിൽ ബിആർഎസ്, ഇന്ത്യൻ നാഷണൽ കോൺഗ്രസ്, ബിജെപി എന്നിവയായിരുന്നു പ്രധാന പാർട്ടികൾ. ബി.ആർ.എസ് 119 ൽ 88 സീറ്റുകൾ നേടി സർക്കാർ രൂപീകരിച്ചു. കോൺഗ്രസിന്റെ സീറ്റ് വിഹിതം 21 ൽ നിന്ന് 19 ആയി കുറഞ്ഞു, അതേസമയം അസദുദ്ദീൻ ഉവൈസിയുടെ എ.ഐ.എം.ഐ.എം ഏഴ് സീറ്റുകൾ നേടുകയും ചെയ്തു. ഇത്തവണയും ബിആർഎസ് അധികാരം നിലനിർത്തിയാൽ ദക്ഷിണേന്ത്യയിൽ തുടർച്ചയായി മൂന്നാം തവണയും മുഖ്യമന്ത്രിയാകുന്ന ആദ്യ നേതാവായി ബി.ആർ.എസിന്‍റെ നേതാവായ കെ.സി.രാമറാവു മാറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.