Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Why Do Indian Banknotes Feature Mahatma Gandhi and How Did the Practice Start
cancel
Homechevron_rightSpecialchevron_rightഇന്ത്യൻ കറൻസിയിൽ...

ഇന്ത്യൻ കറൻസിയിൽ ഗാന്ധി ചിത്രം വന്ന വഴി; അറിയാം, ചരിത്രവും നാൾവഴികളും

text_fields
bookmark_border

ഇന്ത്യൻ കറൻസിയായ റുപ്പിയെക്കുറിച്ച്​ ഓർക്കുമ്പോൾ ആദ്യം മനസിൽവരിക നമ്മുടെ രാഷ്ട്രപിതാവായ മഹാത്മഗാന്ധിയുടെ ചിത്രമാണ്​. ചിലരെങ്കിലും നമ്മുടെ നോട്ടുകളെ ഗാന്ധി എന്ന്​ വിശേഷിപ്പിക്കാറുമുണ്ട്​. സ്വതന്ത്ര ഇന്ത്യയുടെ കറൻസിയിൽ രാഷ്ട്രപിതാവായ മഹാത്മാവിന്‍റെ ചിത്രം വന്നത്​ അത്ര യാദൃശ്​ചികമായിരുന്നില്ല. അതിന്​ പിന്നിൽ നീണ്ട ചരിത്രവും നാൾവഴികളുമുണ്ട്​.

സ്വതന്ത്ര ഇന്ത്യയുടെ കറൻസികൾ

1935ലാണ് ആർ.ബി.ഐ രൂപീകരിച്ചത്. 1938ലാണ് ആദ്യമായി ഒരു രൂപ നോട്ട് രാജ്യത്ത് അച്ചടിക്കുന്നത്. 1947 ആഗസ്റ്റ് 15ന് സ്വതന്ത്ര ഇന്ത്യ നിലവിൽവന്നശേഷം ഏതാനും മാസങ്ങൾ കൂടി, ഇംഗ്ലണ്ടിലെ ജോർജ്ജ് ആറാമൻ രാജാവിന്റെ പേരിലുള്ള കൊളോണിയൽ കാലഘട്ടത്തിലെ നോട്ടുകൾ ആർ.ബി.ഐ വിതരണം ചെയ്തിരുന്നു. ഇന്ത്യാ ഗവൺമെന്റ് 1949-ൽ ഒരു രൂപ നോട്ടിന്റെ പുതിയ ഡിസൈൻ പുറത്തിറക്കി. ഈ നോട്ടിൽ ജോർജ്ജ് രാജാവിന് പകരം സാരാനാഥിലെ സിംഹ ചിഹ്നമുള്ള അശോക സ്തംഭം ആണ്​ ഉണ്ടായിരുന്നത്​.


1950ൽ, രണ്ട് , അഞ്ച്, 10, 100 എന്നീ മൂല്യങ്ങളിൽ നോട്ടുകൾ പുറത്തിറക്കി. കാലക്രമേണ, ഉയർന്ന മൂല്യങ്ങളുടെ കറൻസികൾ വന്നു. പുതിയ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന തരത്തിൽ നോട്ടുകളുടെ പിന്നിലെ രൂപങ്ങളും മാറിമാറിവന്നു. ആദ്യകാലങ്ങളിൽ കടുവ, സാമ്പാ മാൻ തുടങ്ങിയ രൂപങ്ങൾ മുതൽ കൃഷി, തേയില പറിക്കൽ തുടങ്ങി 1970 കളിലെ കാർഷിക മേഖലയിലെ പ്രവർത്തനങ്ങളെ ചിത്രീകരിക്കുന്ന രൂപങ്ങൾ വരെ വന്നു. 1980-കളിൽ ശാസ്ത്ര-സാങ്കേതിക മുന്നേറ്റങ്ങളുടെയും ഇന്ത്യൻ കലാരൂപങ്ങളുടെയും പ്രതീകങ്ങൾക്ക് ഊന്നൽ നൽകി. രണ്ട് രൂപ നോട്ടിൽ അവതരിപ്പിച്ച ആര്യഭട്ട സാറ്റലൈറ്റ്, അഞ്ച് രൂപയിൽ കാർഷിക മേഖലയിലെ യന്ത്രവൽക്കരണം, 20 രൂപയ്ക്ക് കൊണാർക്ക് വീൽ എന്നിങ്ങനെയുള്ള ചിത്രങ്ങൾ വന്നു.


ഇന്ത്യൻ കറൻസിയിലേക്ക്​ ഗാന്ധിജി വരുന്നൂ

ഇന്ത്യൻ കറൻസി നോട്ടുകളിൽ ഗാന്ധി ചിത്രം ആദ്യമായി പ്രത്യക്ഷപ്പെട്ടത് എപ്പോഴാണ്? ഗാന്ധിജിയുടെ നൂറാം ജന്മവാർഷികത്തോടനുബന്ധിച്ച് 1969-ൽ ഒരു പ്രത്യേക സീരീസ് കറൻസികൾ പുറത്തിറക്കിയപ്പോഴാണ് ഗാന്ധി ചിത്രം ആദ്യമായി ഇന്ത്യൻ കറൻസിയിൽ പ്രത്യക്ഷപ്പെട്ടത്. ആർ.‌ബി.‌ഐ ഗവർണർ എൽ‌.കെ. ഝാ ഒപ്പിട്ടിട്ടുള്ള, ആ നോട്ട് സീരിസിൽ സേവാഗ്രാം ആശ്രമ പശ്ചാത്തലത്തിലാണ് ഗാന്ധി ചിത്രം പകർത്തിയിരുന്നത്​. പിന്നീട്​ 1987 ഒക്ടോബറിൽ, ഗാന്ധിജിയെ ചിത്രീകരിച്ച 500 രൂപ കറൻസി നോട്ടുകളും റിസർവ്വ്​ ബാങ്ക്​ പുറത്തിറക്കി.

അന്നൊന്നും ഗാന്ധി ചിത്രങ്ങൾ നോട്ടുകളിൽ സ്ഥിരമായിരുന്നില്ല. 1990-കളോടെ കറൻസി നോട്ടുകളിലെ പരമ്പരാഗത സുരക്ഷാ സവിശേഷതകൾ അപര്യാപ്തമാണെന്ന് ആർ.ബി.ഐ തിരിച്ചറിഞ്ഞു. ഡിജിറ്റൽ പ്രിന്റിങ്, സ്കാനിങ്, ഫൊട്ടോഗ്രാഫി, സിറോഗ്രാഫി തുടങ്ങിയ റിപ്രോഗ്രാഫിക് ടെക്നിക്കുകളിലെ പുരോഗമിച്ചതോടെ വ്യാജ കറൻസി സാധ്യത വലുതായി വന്നു. മനുഷ്യ മുഖവുമായി താരതമ്യപ്പെടുത്തുമ്പോൾ നിർജീവ വസ്തുക്കൾ പ്രിന്‍റ്​ ചെയ്യുന്നത് താരതമ്യേന എളുപ്പമായിരുന്നു.

1996-ൽ അശോക സ്തംഭം അച്ചടിച്ച ബാങ്ക് നോട്ടുകൾക്ക് പകരമായി ആർ.ബി.ഐ ഒരു പുതിയ ‘മഹാത്മാഗാന്ധി സീരീസ്’ ആരംഭിച്ചു. സുരക്ഷാ ത്രെഡ്, ഒളിഞ്ഞിരിക്കുന്ന ചിത്രം, കാഴ്ചയില്ലാത്തവർക്കുള്ള ഇൻടാഗ്ലിയോ സവിശേഷതകൾ എന്നിവ ഉൾപ്പെടെ നിരവധി സുരക്ഷാ ഫീച്ചറുകളും ഈ നോട്ടുകളിൽ ഉൾപ്പെടുത്തി. അന്നുമുതലാണ്​ ഇന്ത്യൻ കറൻസിയിൽ ഗാന്ധിജി സ്​ഥിരം സാന്നിധ്യമായത്​. 2016-ൽ പുതിയ ‘മഹാത്മാഗാന്ധി സീരീസ്’ നോട്ടുകൾ പ്രഖ്യാപിച്ചു. അപ്പോഴും ഗാന്ധിയുടെ ചിത്രം തുടരുന്നു. ഇപ്പോൾ അധിക സുരക്ഷാ ഫീച്ചറുകൾ കൂടാതെ നോട്ടുകളുടെ പിൻഭാഗത്ത് സ്വച്ഛ് ഭാരത് അഭിയാൻ ലോഗോയും ചേർത്തിട്ടുണ്ട്.

കറൻസിയിലെ ഗാന്ധി ചിത്രം

കറൻസിയിലെ ഗാന്ധി ചിത്രം

നോട്ടുകളിൽ കാണുന്ന ഗാന്ധിയുടെ ചിത്രം കാരിക്കേച്ചർ അല്ല. 1946-ൽ എടുത്ത ഒരു ഫൊട്ടോയുടെ കട്ട് ഔട്ട് ആണ്. ഹെൻറി കാർട്ടിയർ-ബ്രെസ്സൻ, മാർഗരറ്റ് ബർക്ക്-വൈറ്റ്, മാക്സ് ഡെസ്ഫോർ തുടങ്ങിയ നിരവധി പ്രമുഖ ഫൊട്ടോഗ്രാഫർമാർ മഹാത്മാഗാന്ധിയെ അദ്ദേഹത്തിന്റെ ജീവിതകാലം മുഴുവൻ കാമറയിൽ പകർത്തിയിരുന്നു. ഇതിൽ ഗാന്ധിജിയുടെ ഏറ്റവും വ്യാപകമായി പ്രചരിച്ച ചിത്രം, ഇന്ത്യയുടെ കറൻസി നോട്ടുകളിലുള്ള അദ്ദേഹത്തിന്റെ ചിത്രമാണ്.

ബ്രിട്ടീഷ് രാഷ്ട്രീയക്കാരനായ ഫ്രെഡറിക് വില്യം ലോറൻസിനൊപ്പം ഗാന്ധി നിൽക്കുന്ന ചിത്രമാണ് ഇന്ന്​ കറൻസിയിൽ കാണുന്നത്​. ഗാന്ധിയുടെ പുഞ്ചിരിയുടെ ഏറ്റവും മനോഹരമായ ഭാവം ഉള്ളതിനാലാണ് ഈ ഫൊട്ടോ നോട്ടിനായി തിരഞ്ഞെടുത്തത്. യഥാർഥ ചിത്രത്തിന്‍റെ കട്ട് ഔട്ടിന്റെ മിറർ ഇമേജാണ് ഇന്ത്യൻ രൂപകളിൽ കാണുന്ന ഗാന്ധി ചിത്രം. ഈ ഫൊട്ടോ എടുത്ത ഫോട്ടോഗ്രാഫറുടെ പേര്​ ഇന്നും അജ്ഞാതമാണ്.

ആർബിഐയുടെ കറൻസി മാനേജ്‌മെന്റ് ഡിപ്പാർട്ട്‌മെന്റ് ആണ് ഇന്ത്യയിലെ നോട്ടുകളുടെ രൂപകൽപ്പന ചുമതലവഹിക്കുന്നത്. കേന്ദ്ര ബാങ്കിൽ (ആർ ബി ഐ) നിന്നും കേന്ദ്ര സർക്കാരിൽ നിന്നും ഡിസൈനുകൾക്ക് അനുമതി ലഭിക്കേണ്ടതുണ്ട്. 1934-ലെ ആർബിഐ നിയമത്തിലെ സെക്ഷൻ 25 അനുസരിച്ച്, ‘ബാങ്ക് നോട്ടുകളുടെ രൂപകൽപ്പനയും രൂപവും മെറ്റീരിയലും’ സെൻട്രൽ ബോർഡ് നൽകുന്ന ശിപാർശകൾ പരിഗണിച്ച് കേന്ദ്ര സർക്കാർ അംഗീകരിക്കുന്ന തരത്തിലായിരിക്കും.


ഗാന്ധിക്ക് പുറമെ വേറെയും ആളുകളെ നോട്ടുകളിൽ ഉൾപ്പെടുത്തണമെന്ന്​ ആവശ്യം

നിരവധി തവണ ഗാന്ധിയെ കൂടാതെ കറൻസി നോട്ടുകളിൽ മറ്റുപലരേയും ഉൾപ്പെടുത്തണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്​. നോബൽ സമ്മാന ജേതാവായ രവീന്ദ്രനാഥ ടാഗോറിനെയും മുൻ രാഷ്ട്രപതി എപിജെ അബ്ദുൾ കലാമിനെയും ഉൾപ്പെടുത്താൻ 2014ൽ, നിർദ്ദേശങ്ങളുണ്ടായിരുന്നു. 2022 ഒക്ടോബറിൽ ഡൽഹി മുനിസിപ്പൽ തിരഞ്ഞെടുപ്പിലെ മൂർധന്യത്തിലായിരന്നപ്പോൾ ഗണപതിയുടെയും ലക്ഷ്മി ദേവിയുടെയും ഫോട്ടോകൾ കറൻസി നോട്ടുകളിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ മുന്നോട്ടുവച്ചു. ഈ ആവശ്യം അദ്ദേഹം പ്രധാനമന്ത്രിയോടും കേന്ദ്ര സർക്കാരിനോടും ഉന്നയിക്കുകയും ചെയ്തിരുന്നു. കറൻസിയിൽ നിന്ന് ഗാന്ധിയെ ഒഴിവാക്കി ഹിന്ദുത്വ നേതാവ് സവർക്കറുടെ ചിത്രം ഉൾപ്പെടുത്തണം എന്നും ചില തീവ്ര ഹിന്ദുത്വ നേതാക്കൾ ഈയിടെ ആവശ്യപ്പെട്ടിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mahatma GandhiIndian Currency
News Summary - Why Do Indian Banknotes Feature Mahatma Gandhi and How Did the Practice Start
Next Story