10 ദിവസം; ദുബൈയിൽ നടക്കുന്നത് 45 കായിക മത്സരം
text_fieldsദുബൈ: ഒക്ടോബറിലെ അവസാന 10 ദിവസം ദുബൈ വേദിയൊരുക്കിയത് 45 രാജ്യന്തര, പ്രദേശിക കായിക മത്സരങ്ങൾക്ക്. ദുബൈ സ്പോർട്സ് കൗൺസിലുമായി ചേർന്നാണ് ഈ ചാമ്പ്യൻഷിപ്പുകൾ സംഘടിപ്പിക്കുന്നത്. ഇതിൽ എട്ടും അന്താരാഷ്ട്ര ചാമ്പ്യൻഷിപ്പുകളാണ്.ദുബൈ ബീച്ച് ഗെയിംസ് ഫെസ്റ്റിവൽ, വേൾഡ് ബീച്ച് വോളിബാൾ പ്രോ ടൂർ, ദുബൈ പ്രോ ബോഡിബിൽഡിങ് ചാമ്പ്യൻഷിപ്പ്, ടെൻ ഇന്‍റർനാഷനൽ ടെന്നിസ് ടൂർണമെൻറ്, വേൾഡ് പാഡൽ ചാമ്പ്യൻഷിപ്പ്, ദുബൈ ബോഡി ബിൽഡിങ് എക്സിബിഷൻ എന്നിവയാണ് ഇതിൽ പ്രധാന മത്സരങ്ങൾ.
ബീച്ച് ഗെയിംസ് ഫെസ്റ്റിവല വെള്ളിയാഴ്ച തുടങ്ങി. ശനിയാഴ്ച തുടങ്ങിയ വേൾഡ് ബീച്ച് വോളിബാൾ പ്രോ ടൂർ ഒക്ടോബർ 30നാണ് സമാപിക്കുന്നത്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലെ 25 മേഖലകളെ പ്രതിനിധീകരിച്ച് 192 പുരുഷ-വനിത താരങ്ങൾ പങ്കെടുക്കുന്നുണ്ട്. 96 ടീമുകൾ 266 മത്സരങ്ങളിൽ ഏറ്റുമുട്ടും. ദുബൈ സ്പോർട്സ് കൗൺസിലിന്‍റെ സഹകരണത്തോടെ ഇന്‍റർനാഷനൽ വോളിബാൾ ഫെഡറേഷനാണ് സംഘടിപ്പിക്കുന്നത്.
മാസ്റ്റർ ഒളിമ്പിയ യോഗ്യതക്ക് വേണ്ടിയുള്ള ദുബൈ പ്രോ ബോഡിബിൽഡിങ് ചാമ്പ്യൻഷിപ്പ് 22, 23 തീയതികളിൽ നടക്കും. ദുബൈ വേൾഡ് ട്രേഡ് സെന്‍ററിൽ നടക്കുന്ന ഈ ചാമ്പ്യൻഷിപ്പിലെ വിജയികൾക്ക് ഡിസംബറിൽ അമേരിക്കയിലെ വെഗാസിൽ നടക്കുന്ന മാസ്റ്റർ ഒളിമ്പ്യ ഫൈനൽ റൗണ്ടിൽ മാറ്റുരക്കാം. പോൾ ഇന്‍റർനാഷൽ ടെന്നിസ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ യുവ ടെന്നിസ് താരങ്ങൾ ഈ ആഴ്ച ദുബൈയിൽ എത്തും. 23 മുതൽ 30 വരെയാണ് ടൂർണമെന്‍റ്. മിഡിലീസ്റ്റിലെ ആദ്യ ടെൻ പ്രോ ചാമ്പ്യൻഷിപ്പാണിത്.
52 രാജ്യങ്ങളിലെ 337 പുരുഷ-വനിത താരങ്ങൾ മാറ്റുരക്കും. അണ്ടർ 10, 11, 12, 13, 14, 15 കാറ്റഗറിയിൽ മത്സരം നടക്കും. ദുബൈ ബോഡി ബിൽഡിങ് ആൻഡ് ഫിറ്റ്നസ് എക്സിബിഷൻ ഒക്ടോബർ 28 മുതൽ വേൾഡ് ട്രേഡ് സെന്‍ററിലാണ് നടക്കുക. ദുബൈയിലെ പരമ്പരാഗത പായ്വഞ്ചി തുഴയൽ മത്സരം ഈ മാസം 30ന് ജദ്ദാഫിൽ നടക്കും. ദുബൈ ഇന്‍റർനാഷനൽ മറൈൻ ക്ലബ്ബാണ് സംഘാടകർ. ഇതേദിവസം തന്നെയാണ് വേൾഡ് ട്രേഡ് സെന്‍ററിൽ വനിത ബോഡി ബിൽഡിങ് ചാമ്പ്യൻഷിപ്പ് നടക്കുന്നത്.
വേൾഡ് പാഡൽ ചാമ്പ്യൻഷിപ്പ് ഒക്ടോബർ 31 മുതൽ നവംബർ അഞ്ച് വരെ ദുബൈ ഡ്യൂട്ടി ഫ്രീ ടെന്നിസ് സ്റ്റേഡിയത്തിൽ നടക്കും. 16 ദേശീയ ടീമുകൾ പങ്കെടുക്കും. അൽഖവാനീജിലെ മുഷ്രിഫ് പാർക്കിൽ 23ന് രാവിലെ ആറ് മുതൽ മുഷ്രിഫ് മൗണ്ടെയ്ൻ ബൈക്ക് റേസ് നടക്കും. 9, 18, 37, 56 കിലോമീറ്ററാണ് മത്സരം. ദുബൈ സ്കൂൾ ഗെയിംസ് മത്സരങ്ങൾ ഈ ആഴ്ചയും തുടരും. 220 സ്കൂളുകളിലെ 5000ഓളം വിദ്യാർഥികളാണ് പങ്കെടുക്കുന്നത്.
ദുബൈ ലേബർ സ്പോർട്സ് ടൂർണമെന്‍റിൽ ഫുട്ബാൾ, വോളിബാൾ, ബാഡ്മിന്‍റൺ, ക്രിക്കറ്റ്, പഞ്ചഗുസ്തി, യോഗ, വടംവലി, നീന്തൽ തുടങ്ങിയവയുണ്ടാകും. ദുബൈ ഓപൺ ഫുട്ബാൾ അക്കാദമി ടൂർണമെന്‍റിൽ 150 ടീമുകളാണ് പങ്കെടുക്കുന്നത്. മാർച്ച് 30 വരെ നീളുന്ന ടൂർണമെന്‍റിൽ 1200 മത്സരങ്ങൾ നടക്കും. മായ് ദുബൈ ഹാഫ് മാരത്തൺ ഒക്ടോബർ 30ന് ദുബൈ വേൾഡ് ഫിനാൻഷ്യൽ സെന്‍ററിലാണ്. 5, 10, 21 കിലോമീറ്റർ മത്സരങ്ങൾ നടക്കും.ഇതിന് പുറമെ നിരവധി പ്രദേശീക ടൂർണമെന്‍റുകളും ഈ മാസം അവസാന ദിനങ്ങളിൽ അരങ്ങേറുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.