'പാരിസ് ടു ദോഹ'; സൈക്കിളിലേറിയൊരു ലോകകപ്പ് യാത്ര
text_fieldsദോഹ: ലോകകപ്പിന് കിക്കോഫ് കുറിച്ച് മൂന്നാം നാളാണ് ചാമ്പ്യന്മാരായ ഫ്രഞ്ചുകാർ ആദ്യ മത്സരത്തിന് ബൂട്ടുകെട്ടുന്നത്. എന്നാൽ, 90 ദിവസങ്ങൾക്കും മുമ്പേ പാരിസിൽ നിന്നും ഖത്തറിലേക്ക് രണ്ടു പേർ പുറപ്പെട്ടു കഴിഞ്ഞു. നീലയും വെള്ളയും ചുവപ്പും നിറത്തിലെ ഫ്രഞ്ചു പതാകയും, ജഴ്സിയും മാച്ച് ടിക്കറ്റും അത്യാവശ്യം ചില വസ്തുക്കളുമായി സൈക്കിളിലേറി സുഹൃത്തുക്കളായ മെഹ്ദി ബലാമിസയും, ഗബ്രിയേൽ മാർട്ടിനും. നിലവിലെ ജേതാക്കൾ എന്ന താരപ്പകിട്ടുമായെത്തുന്ന ഫ്രാൻസിന് ആവോളം പിന്തുണ നൽകാനാണ് എട്ടായിരം കിലോമീറ്ററിലേറെ ദൂരം സൈക്കിൾ ചവിട്ടി ഇരുവരുടെയും യാത്ര.
1998 ലോകകപ്പിന് ഫ്രാൻസ് വേദിയായപ്പോൾ, സിനദിൻ സിദാനിലൂടെ രാജ്യം ആദ്യം ലോകകിരീടമണിഞ്ഞ പാരിസിലെ 'സ്റ്റേഡിയം ഓഫ് ഫ്രാൻസിന്റെ' മുറ്റത്തു നിന്നും ശനിയാഴ്ച വൈകീട്ടോടെയാണ് ഇരുവരുടെയും യാത്രക്ക് ഫ്ലാഗ് ഓഫ് കുറിച്ചത്. 'കമോൺ ബ്ലൂസ്... ഞങ്ങൾ ഖത്തറിലേക്ക് പുറപ്പെട്ടു' എന്ന പ്രഖ്യാപനത്തോടെയായിരുന്നു യുവ റൈഡർമാരുടെ യാത്രയുടെ തുടക്കം.
ഒരു മാസം കൊണ്ട് യൂറോപ്പിനെ കീറിമുറിച്ച് തുർക്കിയയിലെത്താനാണ് പ്ലാൻ. പാരിസിൽ നിന്നും നാൻസെ വഴി, ജർമൻ അതിർത്തി കടന്ന്, സ്റ്റുട്ട്ഗട്ടും മ്യൂണിക്കും സഞ്ചരിച്ച് ഓസ്ട്രിയ. പിന്നെ ഹംഗറി, സെർബിയ, ബൾഗേറിയ വഴി തുർക്കിയയിൽ പ്രവേശിക്കും. ഒരുമാസം കൊണ്ട് ഇത്രയും ദൂരം സഞ്ചരിച്ച ശേഷം, തുർക്കിയയിൽ നിന്നും ഇറാനിലേക്ക്. ശേഷം, ബോട്ട് വഴി കടൽ യു.എ.ഇയിലെത്തി, നവംബർ പകുതിയോടെ ദോഹയിലെത്താനാണ് പദ്ധതിയെന്ന് ഇരുവരും പറയുന്നു. നവംബർ 22ന് നടക്കുന്ന ഫ്രാൻസ്- ഓസ്ട്രിയ മത്സരത്തിന് മുമ്പാ് ദോഹയിലെത്തും.
കഴിഞ്ഞ വർഷം ലീഗ് ഓഫ് നാഷൻസ് മത്സരങ്ങൾക്കായി ഇറ്റലിയിലേക്ക് സൈക്കിൾ യാത്ര നടത്തിയ ഇരുവരും അപ്പോൾ തന്നെ മനസ്സിൽ കുറിച്ചിട്ടതാണ് ഖത്തർ ലോകകപ്പ് വേദിയിലേക്കുള്ള സൈക്കിൾ യാത്രയും. ഇരുവരുടെയും സാഹസിക യാത്രക്ക് പിന്തുണയുമായി ഫ്രഞ്ച് ഫുട്ബാൾ ഫെഡറേഷനും രംഗത്തുണ്ട്. യാത്രയുടെ വിവരണങ്ങൾ തങ്ങളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് (@mondialavelo) വഴി ലോകത്തെ അറിയിക്കുകയും ചെയ്യുന്നുണ്ട്. തുർക്കിയ കടന്നാൽ, മിഡിലീസ്റ്റ് രാജ്യങ്ങളിൽ ദൈർഘ്യമേറിയ മരുഭൂ യാത്രകളുടെ വെല്ലുവിളികൾ മുന്നിലുണ്ടെന്ന് അറിയാമെങ്കിലും, അതെല്ലാമൊരു അനുഭവമാക്കി മാറ്റുകയാണ് ഇരുവരും.
എന്തിന്, ഇങ്ങനെയൊരു സാഹസികയാത്രയെന്ന ചോദ്യത്തിനുമുണ്ട് ഉത്തരം. കാർബൺ ബഹിർഗമനം കുറച്ച്, അന്തരീക്ഷ മലിനീകരണം ഒഴിവാക്കുകയെന്ന മഹത്തായ സന്ദേശമാണ് തങ്ങൾ പകരുന്നതെന്ന് സാക്ഷ്യപ്പെടുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.