ആവേശ നെറുകയിൽ ഓളപ്പരപ്പ്; നെഹ്റുവിന്റെ കൈയൊപ്പിൽ ഒരുമയുടെ താളം
text_fieldsആലപ്പുഴ: ഓളപ്പരപ്പിൽ ഒരുമയുടെ കരുത്തും സന്ദേശവും വിളിച്ചോതി പുന്നമടക്കായലിലെ ജലോത്സവം. ചരിത്രവും സംസ്കാരവും പാരമ്പര്യവും ഇഴചേർന്ന വശ്യമനോഹര തീരത്ത് കുട്ടനാട് കൈ-മെയ് മറന്ന് ആഹ്ലാദ തുഴയെറിഞ്ഞ് കാണികൾക്ക് സമ്മാനിച്ചത് സമ്മോഹന നിമിഷങ്ങൾ...സാംസ്കാരിക തനിമയിൽ കുട്ടനാടൻ ശീലിൽ വഞ്ചിപ്പാട്ട് ദ്രുതതാളത്തിൽ കത്തിക്കയറിയപ്പോൾ കായലും കാണികളും ആവേശ നെറുകയിൽ. 'വിശ്വ സാഹോദര്യ'ത്തിൽ അണപൊട്ടിയ ആവേശം തുഴച്ചിലിന് ദ്രുതവേഗവും താളവും പകർന്നതോടെ നെഹ്റുവിന്‍റെ കൈയൊപ്പ് വീണ വെള്ളിക്കപ്പിനായുള്ള മാമാങ്കം മതനിരപേക്ഷതയുടെ വിളംബരവുമായി.
പതിനായിരങ്ങളാണ് നെഹ്റുട്രോഫി ജലമേള ആസ്വദിക്കാൻ ഒഴുകിയെത്തിയത്. മുഖ്യമന്ത്രിയുടെ അഭാവത്തിൽ മന്ത്രിമാരായ കെ.എൻ. ബാലഗോപാലും പി.എ. മുഹമ്മദ് റിയാസും പി.പ്രസാദും ചേർന്നാണ് ഒന്നേകാൽ മണിക്കൂർ വൈകി മേളക്ക് തുടക്കം കുറിച്ചത്. കുട്ടനാടിന്‍റെ വീറും മലയാളിയുടെ ആതിഥ്യ മര്യാദയും സമന്വയിച്ചതിൽ നിന്നാണ് പുന്നമടയിലെ വള്ളംകളിയുടെ തുടക്കം.
1952ൽ കോട്ടയത്തുനിന്ന് ആലപ്പുഴയിലേക്ക് ജലമാർഗമെത്തിയ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിനെ വരവേൽക്കാൻ വള്ളംകളി സംഘടിപ്പിച്ചു. മകൾ ഇന്ദിരാഗാന്ധിയും ചെറുമക്കളായ രാജീവ്‌ഗാന്ധിയും സഞ്ജയ്‌ഗാന്ധിയും ഒപ്പമുണ്ടായിരുന്നു. നടുഭാഗം ചുണ്ടനായിരുന്നു ജേതാവ്. ആവേശഭരിതനായ നെഹ്റു സുരക്ഷ മറികടന്ന് നടുഭാഗം വള്ളത്തിലേക്ക് ചാടിക്കയറി. ഹർഷാരവത്തോടെ അദ്ദേഹത്തെ തുഴച്ചിൽക്കാർ സ്വീകരിച്ചു.
അദ്ദേഹവുമായി പുന്നമട മുതൽ ആലപ്പുഴജെട്ടി വരെ വള്ളം തുഴഞ്ഞു. ക്യാപ്‌റ്റൻ പയ്യനാട് ചാക്കോ നെഹ്റുവിൽനിന്ന് ട്രോഫി ഏറ്റുവാങ്ങി. ഡൽഹിയിലെത്തിയ അദ്ദേഹം തന്റെ കൈയൊപ്പോടുകൂടിയ ട്രോഫി ആലപ്പുഴയിലെത്തിച്ചു. പ്രൈംമിനിസ്‌റ്റേഴ്‌സ് ട്രോഫി എന്ന പേരിലാണ് കുറെക്കാലം വള്ളംകളി അരങ്ങേറിയത്. നെഹ്റുവിന്റെ മരണശേഷമാണ് പുന്നമടയിലെ ജലമാമാങ്കം നെഹ്‌റുട്രോഫി വള്ളംകളിയായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.