ബംഗ്ലാദേശിനെതിരെ ആദ്യ ടെസ്റ്റ് ജയിച്ചാൽ ഇന്ത്യയെ കാത്തിരിക്കുന്നത് ഇതുവരെ നേടാനാകാത്ത ചരിത്രനേട്ടം
text_fieldsചെന്നൈ: ഒന്നര മാസത്തെ ഇടവേളക്ക് ശേഷം ടെസ്റ്റ് മത്സരങ്ങൾക്കായി കളത്തിലിറങ്ങാനൊരുങ്ങുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം. ബംഗ്ലാദേശിനെതിരെ സ്വന്തം മണ്ണിൽ രണ്ട് മത്സരങ്ങളടങ്ങുന്ന പരമ്പരയാണ് അടുത്തതായി ടീമിന് മുമ്പിലുള്ള വെല്ലുവിളി. ചെന്നൈയിൽ അരങ്ങേറുന്ന ആദ്യ മത്സരം ജയിച്ചാൽ ഇന്ത്യയെ കാത്തിരിക്കുന്നത് ഇതുവരെ നേടാനാവാത്ത ചരിത്ര നേട്ടമാണ്. 1932ൽ ടെസ്റ്റിൽ അരങ്ങേറിയ ശേഷം ആദ്യമായി തോൽവിയേക്കാൾ വിജയമെന്ന നേട്ടമാണ് കൈയകലത്തിൽ നിൽക്കുന്നത്. ഇതുവരെ 579 മത്സരങ്ങളിൽ ഇന്ത്യ ഇറങ്ങിയപ്പോൾ 178 മത്സരങ്ങളിൽ വീതമായിരുന്നു ജയവും തോൽവിയും. 222 മത്സരങ്ങൾ സമനിലയിലും കലാശിച്ചു. ഇന്ത്യ ബംഗ്ലാദേശിനെ തോൽപിച്ചാൽ വിജയങ്ങളുടെ എണ്ണം തോൽവിയെ മറികടക്കും.
ബംഗ്ലാദേശിനെതിരെ പരമ്പര തൂത്തുവാരൽ ലക്ഷ്യമിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയന്റിൽ ഇത് ഏറെ നിർണായകമാകും. ഇതിന് പുറമെ ന്യൂസിലാൻഡുമായി ഇന്ത്യയിൽ മൂന്ന് ടെസ്റ്റുകളടങ്ങിയ പരമ്പരയും ആസ്ട്രേലിയക്കെതിരെ അവരുടെ മണ്ണിൽ നടക്കുന്ന അഞ്ച് മത്സരങ്ങളടങ്ങിയ ബോർഡർ-ഗവാസ്കർ ട്രോഫിയിലുമാണ് രോഹിത് ശർമയും സംഘവും ഈ ടെസ്റ്റ് സീസണിൽ ഇറങ്ങുക. നിലവിൽ 68.52 പെർസന്റേജ് പോയന്റുകളുമായി ഇന്ത്യയാണ് പട്ടികയിൽ ഒന്നാമത്. രണ്ടാം സ്ഥാനത്തുള്ള ആസ്ട്രേലിയക്ക് 62.50 പോയന്റാണുള്ളത്.
ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റ് സെപ്റ്റംബർ 19 മുതൽ 23 വരെ ചെന്നൈയിലും രണ്ടാം ടെസ്റ്റ് സെപ്റ്റംബർ 27 മുതൽ കാൺപൂരിലെ ഗ്രീൻപാർക് സ്റ്റേഡിയത്തിലുമാണ് അരങ്ങേറുന്നത്.
ഇന്ത്യൻ ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ, ശുഭ്മൻ ഗിൽ, വിരാട് കോഹ്‍ലി, കെ.എൽ രാഹുൽ, സർഫറാസ് ഖാൻ, ഋഷബ് പന്ത്, ധ്രുവ് ജുറേൽ, ആർ. അശ്വിൻ, രവീന്ദ്ര ജദേജ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, ആകാശ്ദീപ്, ജസ്പ്രീത് ബുംറ, യാഷ് ദയാൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.