ജന്മനാടിന്‍റെ സ്നേഹത്തിലലിഞ്ഞ് ശ്രീജേഷ്; വിമാനത്താവളത്തിൽ ഉജ്ജ്വല സ്വീകരണം
text_fieldsനെടുമ്പാശ്ശേരി: ഒളിമ്പിക്സ് മെഡലിന്‍റെ അഭിമാനത്തിളക്കവുമായി പാരീസിൽനിന്ന് മടങ്ങിയെത്തിയ ഇന്ത്യൻ ഹോക്കി ടീം ഗോൾ കീപ്പർ പി.ആർ. ശ്രീജേഷിന് ജന്മനാട്ടിൽ ആവേശോജ്ജ്വല സ്വീകരണം. വെള്ളിയാഴ്ച ഉച്ചക്ക് രണ്ടരയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയ മലയാളത്തിന്‍റെ ശ്രീയെ ആർപ്പുവിളികളോടെയാണ് ആരാധകർ വരവേറ്റത്.
മന്ത്രി പി. രാജീവ്, ജില്ല കലക്ടർ എൻ.എസ്.കെ. ഉമേഷ്, എം.എൽ.എമാരായ അൻവർ സാദത്ത്, പി.വി. ശ്രീനിജിൻ, റോജി എം. ജോൺ, എൽദോസ് കുന്നപ്പിള്ളി, ജനപ്രതിനിധികൾ, വിദ്യാർഥികൾ, ജൂനിയർ താരങ്ങൾ എന്നിവരടക്കം വൻ ജനാവലി ശ്രീജേഷിനെ സ്വീകരിക്കാൻ എത്തി. വിമാനത്താവളത്തിൽ എത്തിയ ആരാധകരെ താരം തനിക്ക് ലഭിച്ച വെങ്കലമെഡൽ ഉയർത്തിക്കാട്ടി. ഹോക്കി പരിശീലകന്‍റെ റോളിലേക്ക് മാറാൻ മാനസികമായി തയാറെടുത്തുവരുകയാണെന്ന് ശ്രീജേഷ് മാധ്യമങ്ങളോട് പറഞ്ഞു.
മാറാൻ മൂന്നുമാസമെങ്കിലും തയാറെടുപ്പ് വേണം. ഒളിമ്പിക്സിലെ വിജയവുമായി ബന്ധപ്പെട്ട് തനിക്ക് കിട്ടുന്ന സ്വീകരണങ്ങൾ ജീവിതത്തിൽ ഏറ്റവും വിലപ്പെട്ടതാണ്. ഇത്തരം സ്വീകരണങ്ങൾ പുതിയ തലമുറയെ ഹോക്കിയോട് അടുപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. തുറന്ന വാഹനത്തിൽ വിമാനത്താവളത്തിന് പുറത്തെത്തിയ ശ്രീജേഷ് റോഡ് ഷോയോടെയാണ് സ്വന്തം നാടായ കുന്നത്തുനാട്ടിലേക്ക് പുറപ്പെട്ടത്. പ്രിയതാരത്തിന് സ്വാഗതവും ആശംസകളും നേരുന്ന പ്ലക്കാർഡുകളുമായി വഴിയിലുടനീളം നിരവധിപേരാണ് കാത്തുനിന്നത്. ആലുവ യു.സി കോളജിൽ നൽകിയ സ്വീകരണത്തിൽ ശ്രീജേഷ് വിദ്യാർഥികളുമായി സംവദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.