എബി ഡിവില്ലിയേഴ്സ്, അലസ്റ്റൈർ കുക്ക്, ഇന്ത്യൻ താരം നീതു ഡേവിഡ് എന്നിവർ ഐ.സി.സി ഹാൾ ഓഫ് ഫെയിമിൽ
text_fieldsദക്ഷിണാഫ്രിക്കയുടെ മുൻ ഇതിഹാസതാരം എബി ഡിവില്ലിയേഴ്സ്, മുൻ ഇംഗ്ലീഷ് നായകൻ അലസ്റ്റൈർ കുക്ക്, മുൻ ഇന്ത്യൻ വനിത സ്പിന്നർ നീതു ഡേവിഡ് എന്നിവർ രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ (ഐ.സി.സി) ഹാൾ ഓഫ് ഫെയിം പട്ടികയിൽ. മൂവരുടെയും പേര് പട്ടികയിൽ ഉൾപ്പെടുത്തിയ വിവരം ബുധനാഴ്ചയാണ് ഐ.സി.സി പുറത്തുവിട്ടത്.
14 വർഷത്തെ രാജ്യാന്തര കരിയറിൽ 20,000ത്തിലധികം റൺസ് നേടിയ താരമാണ് എബി ഡിവില്ലിയേഴ്സ്. എക്കാലത്തെയും മികച്ച വെടിക്കെട്ട് ബാറ്റർമാരിൽ ഒരാളായ താരം ക്രിക്കറ്റ് ചരിത്രത്തിലെ മികച്ച ഫീൽഡർമാരിൽ ഒരാൾ കൂടിയാണ്. 2018ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിക്കുമ്പോൾ ഡിവില്ലിയേഴ്സിന്റെ റൺ ശരാശരി ടെസ്റ്റിലും ഏകദിനത്തിലും 50ന് മുകളിലായിരുന്നു. രാജ്യത്തിനായി 20,014 റൺസ് നേടിയ താരത്തിന് മുമ്പിലുള്ള ഏക ദക്ഷിണാഫ്രിക്കക്കാരൻ ജാക് കാലിസ് മാത്രമാണ്. 114 ടെസ്റ്റിൽ 50.66 ശരാശരിയിൽ 8,765ഉം 228 ഏകദിനങ്ങളിൽ 53.50 ശരാശരിയിൽ 9,577ഉം 78 ട്വന്റി 20കളിൽ 26.12 ശരാശരിയിൽ 1,672ഉം റൺസ് വീതമാണ് സമ്പാദ്യം.
ഇംഗ്ലണ്ടിനായി 250ലധികം രാജ്യാന്തര മത്സരങ്ങൾ കളിച്ച അലസ്റ്റൈർ കുക്ക് ലോകം കണ്ട മികച്ച ഓപണിങ് ബാറ്റർമാരിൽ ഒരാളായാണ് വിലയിരുത്തപ്പെടുന്നത്. 12 വർഷത്തെ രാജ്യാന്തര കരിയറിന് 2018ൽ വിരാമമിടുമ്പോൾ ഇംഗ്ലണ്ടിനായി ടെസ്റ്റിൽ ഏറ്റവും കൂടുതൽ റൺസും സെഞ്ച്വറിയും നേടിയ താരമായിരുന്നു. 28 വർഷത്തെ ഇടവേളക്ക് ശേഷം ഇന്ത്യയിൽ ടെസ്റ്റ് പരമ്പര സ്വന്തമാക്കിയത് കുക്കിന്റെ നായകത്വത്തിലായിരുന്നു. 161 ടെസ്റ്റിൽ 45.35 ശരാശരിയിൽ 12,472ഉം 92 ഏകദിനങ്ങളിൽ 36.40 ശരാശരിയിൽ 3,204ഉം നാല് ട്വന്റി 20കളിൽ 61ഉം റൺസ് വീതമാണ് ഇംഗ്ലണ്ടിനായി നേടിയത്.
ഒരു ടെസ്റ്റ് ഇന്നിങ്സിൽ ഏറ്റവും മികച്ച വിക്കറ്റ് വേട്ട നടത്തിയതിന്റെ റെക്കോഡുള്ള താരമാണ് ഇന്ത്യക്കാരിയായ നീതു ഡേവിഡ്. 1995ൽ ഇംഗ്ലണ്ടിനെതിരെ 53 റൺസ് വഴങ്ങി എട്ട് വിക്കറ്റ് വീഴ്ത്തിയതാണ് നീതുവിന്റെ മികച്ച പ്രകടനം. 10 ടെസ്റ്റുകളിൽ 41 വിക്കറ്റും 97 ഏകദിനങ്ങളിൽ 141 വിക്കറ്റുമാണ് ഇന്ത്യൻ ജഴ്സിയിൽ സ്വന്തമാക്കിയത്. ഹാൾ ഓഫ് ഫെയിം പട്ടികയിൽ ഇടം നേടുന്ന രണ്ടാമത്തെ ഇന്ത്യൻ വനിത ക്രിക്കറ്ററാണ് നീതു. മുൻ നായിക ഡയാന എഡൽജിയാണ് നേരത്തെ ഇടംപിടിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.