കുട്ടികളെ കായിക ലഹരിയിലാറാടിച്ച് നിമ്മി ടീച്ചർ
text_fieldsആലപ്പുഴ: കുട്ടികളിലെ ലഹരി ഉപയോഗം ഒഴിവാക്കാൻ എന്തുവേണമെന്ന ചോദ്യം നിമ്മി ടീച്ചറിനോടാണെങ്കിൽ ഉത്തരം കുട്ടികളെ 'സ്പോർട്സ് ലഹരിയിലേക്ക്' അടുപ്പിക്കൂ... എന്നായിരിക്കും. ലഹരി വിമുക്ത പരിപാടികൾക്ക് പ്രാമുഖ്യം നൽകി അവരുടെ ഫ്രീടൈം മുഴുവൻ റഗ്ബിയടക്കം കായികവിനോദങ്ങൾക്ക് കുട്ടികളെ അഡിക്ടാക്കുന്നു ദാ... ഇവിടെ ഒരു ടീച്ചർ.
ആലപ്പുഴയിൽ റഗ്ബി എന്ന അന്താരാഷ്ട്ര കായിക ഇനം പരിചയപ്പെടുത്തുകയും ഇതിന്റെ അസോസിയേഷൻ ആലപ്പുഴയിൽ സ്ഥാപിക്കുകയും അതിലൂടെ നിരവധി വിദ്യാർഥികളെ ഈ രംഗത്തേക്ക് കൊണ്ടുവരുകയും ചെയ്തതിലൂടെ ശ്രദ്ധേയയാണ് ജില്ല ഒളിമ്പിക് അസോസിയേഷൻ വൈസ് പ്രസിഡന്റുകൂടിയായ ഡോ. നിമ്മി അലക്സാണ്ടർ.
ജില്ലയിൽ 30ലധികം സ്കൂളുകളിലാണ് റഗ്ബി എന്ന ഗെയിം ഇപ്പോൾ സജീവം. ആലപ്പുഴയിൽനിന്ന് കേരള ടീമിൽ നിരവധി താരങ്ങളെ വാർത്തെടുക്കാൻ ഈ പ്രവർത്തനങ്ങൾകൊണ്ട് കഴിഞ്ഞിരിക്കുന്നു. പുരുഷ-വനിത കേരള റഗ്ബി ടീമിലേക്ക് ആലപ്പുഴയിലെ നിരവധി താരങ്ങളെ കൊണ്ടുവരാൻ കഴിഞ്ഞതും നേട്ടം.
ഇക്കുറി റഗ്ബിയുടെ ദേശീയ പുരുഷ-വനിത ടീമിലേക്ക് അഞ്ച് താരങ്ങളാണ് ആലപ്പുഴയിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ടത്. നാഷനൽ ഗെയിംസിൽ പങ്കെടുക്കുന്ന പുരുഷ ടീമിൽ ഒരു താരം ആലപ്പുഴ ജില്ലക്കാരനാണെന്നതും എടുത്തുപറയേണ്ട നേട്ടം. ഇതുവഴി വിദ്യാർഥികൾക്ക് അഡ്മിഷനും മറ്റ് ജോലികളിലേക്കുമുള്ള അവസരങ്ങളും ഒരുക്കാൻ വലിയ നിലയിൽ സാധിക്കുന്നുവെന്നതും സന്തോഷം നൽകുന്നതായി ഡോ. നിമ്മി പറയുന്നു.
കായികരംഗത്തെ പ്രയോജനപ്പെടുത്തി ലഹരിമുക്ത സമൂഹത്തെ സൃഷ്ടിച്ചെടുക്കുന്നതിൽ വലിയ പങ്കാണ് ഡോ. നിമ്മി അലക്സാണ്ടർ ഈ കാലയളവിൽ തന്റെ പ്രവർത്തന മികവുകൊണ്ട് നേടിയത്. സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ആയിരിക്കെയാണ് അടഞ്ഞുകിടന്ന ആലപ്പുഴയിലെ രാജാ കേശവദാസ് നീന്തൽക്കുളത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിച്ചത്.
32 വർഷം ആലപ്പുഴ സെന്റ് ജോസഫ് കോളജിലെ കായിക അധ്യാപികയായിരുന്ന നിമ്മി കായികരംഗത്ത് മികച്ച നേട്ടങ്ങൾ കാഴ്ചവെച്ച മുൻകാല കായികതാരം കൂടിയാണ്. നിരവധി യൂനിവേഴ്സിറ്റി മത്സരങ്ങളിൽ ബാസ്കറ്റ്ബാൾ, അത്ലറ്റിക്സ് താരമായി തിളങ്ങിയിട്ടുണ്ട്.
യോഗയിൽ ഡോക്ടറേറ്റ് നേടിയതോടെ ജില്ലയിൽ സ്കൂളുകൾ, കോളജുകൾ, വനിത ക്ലബുകൾ, റോട്ടറി, ഇന്നര്വീൽ തുടങ്ങിയ സ്ഥാപനങ്ങൾ വഴി നിരവധി ആളുകൾക്കാണ് യോഗ പരിശീലനം നൽകി വരുന്നത്. ഇന്റർനാഷനൽ ശിവാനന്ദ ട്രസ്റ്റ് ബോർഡ് അംഗം എന്ന നിലയിൽ നിരവധി അന്തർദേശീയ സെമിനാറുകളിൽ പേപ്പറുകൾ അവതരിപ്പിക്കുകയും അന്തർദേശീയ യോഗ സെമിനാറുകളിൽ സ്ഥിരം സാന്നിധ്യവുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.