എ.എഫ്.സി ഏഷ്യൻ കപ്പ് ഫുട്ബാൾ: ഇന്ത്യയും ഹോങ്കോങ്ങും ഏറ്റുമുട്ടും
text_fieldsകൊൽക്കത്ത: എ.എഫ്.സി ഏഷ്യൻ കപ്പ് ഫുട്ബാൾ യോഗ്യത റൗണ്ടിലെ മൂന്നാം മത്സരത്തിൽ ചൊവ്വാഴ്ച ഇന്ത്യയും ഹോങ്കോങ്ങും ഏറ്റുമുട്ടും. ആദ്യ രണ്ടു മത്സരങ്ങളിലും ആതിഥേയർ ജയിച്ചെങ്കിലും ഗോൾ വ്യത്യാസത്തിന്റെ ആനുകൂല്യത്തിൽ ഹോങ്കോങ്ങാണ് ഗ്രൂപ് ഡിയിൽ ഒന്നാമത്. ഇന്നത്തെ കളി ജയിച്ചാൽ ഗ്രൂപ് ജേതാക്കളായി യോഗ്യത നേടി ഇന്ത്യക്ക് ഒരിക്കൽകൂടി ഏഷ്യൻ കപ്പ് കളിക്കാം.
സമനിലയാണെങ്കിലും സാധ്യതയുണ്ട്. തോൽവിയാണ് ഏറ്റുവാങ്ങുന്നതെങ്കിൽ മറ്റു മത്സരങ്ങളുടെ ഫലംകൂടി നോക്കേണ്ടിവരും. ജേതാക്കൾക്കൊപ്പം ആറിൽ അഞ്ച് റണ്ണറപ്പുകൾക്ക് യോഗ്യത ലഭിക്കും. നിലവിലെ അവസ്ഥയിൽ ഇന്ത്യ ഏറ്റവും മികച്ച മൂന്നാമത്തെ റണ്ണറപ്പാണ്. വലിയ മാർജിനിലെ പരാജയമാണ് ആതിഥേയർക്ക് സംഭവിക്കുന്നതെങ്കിൽ സാധ്യതകളെ ബാധിക്കും.
ആദ്യ മത്സരത്തിൽ കംബോഡിയയെ 2-0ത്തിനും തുടർന്ന് അഫ്ഗാനിസ്താനെ 2-1നും തോൽപിച്ചാണ് ഇന്ത്യ ഹോങ്കോങ്ങിനെതിരെ ഇറങ്ങുന്നത്. ഹോങ്കോങ്ങാവട്ടെ രണ്ടു ടീമുകൾക്കെതിരെയും ആധികാരിക ജയങ്ങൾ സ്വന്തമാക്കി. ആറ് പോയന്റ് വീതമുണ്ട് ഹോങ്കോങ്ങിനും ഇന്ത്യക്കും. ഗ്രൂപ്പിലെ കരുത്തരാരെന്ന് തീരുമാനിക്കുന്ന മത്സരംകൂടിയാണ് ഇന്നത്തേത്.
രണ്ടും തോറ്റ് കംബോഡിയയും അഫ്ഗാനും പുറത്തായിക്കഴിഞ്ഞു. ക്യാപ്റ്റൻ സുനിൽ ഛേത്രിയുടെ ഫോമിൽത്തന്നെയാണ് ഇന്ത്യയുടെ പ്രതീക്ഷകളത്രയും. മലയാളി താരങ്ങളായ സഹൽ അബ്ദുസ്സമദും ആഷിഖ് കുരുണിയനും പുറത്തെടുത്ത മികവും ഇന്ത്യക്ക് അഫ്ഗാനെതിരെ ജയമേകി. ഇതുവരെ ഇന്ത്യ നാലു തവണയാണ് ഏഷ്യൻ കപ്പ് കളിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.