വിവാദങ്ങൾക്ക് പിന്നാലെ ഷഹീൻ അഫ്രീദിയെ ഒഴിവാക്കി പാകിസ്താൻ; ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റ് ടീമിൽനിന്ന് പുറത്ത്
text_fieldsഇസ്‍ലാമാബാദ്: വിവാദങ്ങൾക്ക് പിന്നാലെ, ബംഗ്ലാദേശിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ടീമിൽനിന്ന് പാകിസ്താന്റെ സ്റ്റാർ പേസർ ഷഹീൻ ഷാ അഫ്രീദി പുറത്ത്. ബംഗ്ലാദേശിനെതിരെ ചരിത്രത്തിലാദ്യമായി ടെസ്റ്റ് മത്സരം പാകിസ്താൻ പരാജയപ്പെട്ടതിന് പിന്നാലെ ടീം നായകൻ ഷാൻ മസൂദുമായി അഫ്രീദിക്ക് പ്രശ്നങ്ങളുണ്ടെന്ന രീതിയിൽ വാർത്തകൾ പ്രചരിച്ചിരുന്നു. ടീമംഗങ്ങൾ ഒരുമിച്ചു സംസാരിക്കുന്നതിനിടെ ഷാൻ മസൂദ് തോളിൽ കൈവെച്ചപ്പോൾ അത് തട്ടിമാറ്റുന്ന ഷഹീൻ അഫ്രീദിയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതിന് പിന്നാലെ ഷഹീൻ അഫ്രീദിയും ഷാൻ മസൂദും തമ്മിൽ ഡ്രസ്സിങ് റൂമിൽ തമ്മിലടിച്ചെന്നും പിടിച്ചുമാറ്റാൻ ശ്രമിച്ച വിക്കറ്റ് കീപ്പർ ബാറ്റർ മുഹമ്മദ് റിസ്‌വാനും മർദനമേറ്റെന്നുമുള്ള രീതിയിൽ സമൂഹമാധ്യമങ്ങളിൽ വ്യാപക പ്രചാരണം ഉണ്ടായി. എന്നാൽ, ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ 96 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് മാത്രമാണ് അഫ്രീദിക്ക് നേടാനായത്. മത്സരത്തിന് പിന്നാലെ കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് നാട്ടിലേക്ക് മടങ്ങുകയും ചെയ്തു. രണ്ടാം ടെസ്റ്റിന് മുന്നോടിയായി വ്യാഴാഴ്ച വൈകീട്ടോടെ തിരിച്ചെത്തിയെങ്കിലും താരത്തെ ഒഴിവാക്കുകയായിരുന്നു.
അഫ്രീദിയെ പുറത്തിരുത്താനുള്ള തീരുമാനത്തിൽ പ്രതികരണവുമായി പരിശീലകൻ ജേസൻ ഗില്ലസ്പി രംഗത്തുവന്നിട്ടുണ്ട്. ‘ഞങ്ങൾ അവനുമായി സംസാരിച്ചിരുന്നു. ഈ മത്സരത്തിനുള്ള ഏറ്റവും മികച്ച കോമ്പിനേഷനാണ് ഞങ്ങൾ നോക്കുന്നതെന്ന് അവൻ പൂർണമായി മനസ്സിലാക്കിയിട്ടുണ്ട്. കഴിഞ്ഞ കുറച്ച് ആഴ്‌ചകൾ പിതാവായത് ഉൾപ്പെടെയുള്ള കാര്യങ്ങളാൽ അവന് ആനന്ദകരമായിരുന്നു. ഈ ഇടവേള കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാൻ അവസരമൊരുക്കും. ഷഹീൻ അഫ്രീദി ഏറ്റവും മികവോടെ പന്തെറിയുന്നത് കാണാനാണ് മാനേജ്മെന്റിന് താൽപര്യം. മികച്ച രീതിയിൽ പന്തെറിയാൻ അദ്ദേഹം കഠിനാധ്വാനം െചയ്യുന്നുണ്ട്. ഇക്കാര്യത്തിൽ അസ്ഹർ മഹ്മൂദും സഹായിക്കുന്നുണ്ട്’ -എന്നിങ്ങനെയായിരുന്നു ഗില്ലസ്പിയുടെ പ്രതികരണം.
ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിൽ 10 വിക്കറ്റിനാണ് പാകിസ്താൻ പരാജയപ്പെട്ടത്. ആദ്യ ഇന്നിങ്സിൽ നേരത്തെ ഡിക്ലയർ ചെയ്തതതും സ്പെഷലിസ്റ്റ് സ്പിന്നറില്ലാതെ ഇറങ്ങിയതുമാണ് പരാജയത്തിന്റെ പ്രധാന കാരണങ്ങളായത്. ആദ്യ ഇന്നിങ്സിൽ ആറ് വിക്കറ്റിന് 448 റൺസെന്ന നിലയിൽ ഡിക്ലയർ ചെയ്ത പാകിസ്താനെതിരെ മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് 565 റൺസാണ് അടിച്ചുകൂട്ടിയത്. 117 റൺസ് ലീഡ് വഴങ്ങിയ പാകിസ്താൻ രണ്ടാം ഇന്നിങ്സിൽ 146 റൺസിന് കൂടാരം കയറിയതോടെ ജയിക്കാൻ വേണ്ട 30 റൺസ് വിക്കറ്റ് നഷ്ടപ്പെടുത്താതെ സന്ദർശകർ അടിച്ചെടുക്കുകയായിരുന്നു. രണ്ട് ടെസ്റ്റുകളടങ്ങുന്ന പരമ്പരയിൽ അടുത്ത മത്സരം സമനിലയാകുകയോ പരാജയപ്പെടുകയോ ചെയ്താൽ പരമ്പര നഷ്ടമെന്ന നാണക്കേടാണ് പാകിസ്താനെ കാത്തിരിക്കുന്നത്. ആദ്യ ടെസ്റ്റിൽ സ്പെഷലിസ്റ്റ് സ്പിന്നർമാരെ കളിപ്പിക്കാതെ നാല് പേസർമാരുമായി ഇറങ്ങിയതിന് ഏറെ വിമർശനം നേരിടേണ്ടിവന്ന അവർ രണ്ടാം ടെസ്റ്റിൽ രണ്ട് സ്പിന്നർമാരുമായാണ് ഇറങ്ങുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.