സ്വർണത്തിലേക്ക് അമ്പെയ്ത് ഐശ്വര്യ; കുന്നോളം ആഹ്ലാദത്തിൽ കുന്നംകുളം
text_fieldsകുന്നംകുളം: ദേശീയ ഗെയിംസിൽ അമ്പെയ്ത്തിൽ ഐശ്വര്യ നേടിയ സുവർണനേട്ടത്തിൽ കുന്നോളം ആഹ്ലാദത്തിൽ കുന്നംകുളം. ആർത്താറ്റ് സെന്റ് ലൂസിയ ചിൽഡ്രൻസ് ഹോമിലെ അംഗമായ എ.വി. ഐശ്വര്യക്ക് ലഭിച്ച നേട്ടം ആഘോഷിക്കാൻ ഒരുങ്ങുകയാണ് കുന്നംകുളത്തുകാർ.
ഗുരുവായൂർ എൽ.എഫ് കോളജിലെ ബിരുദാനന്തര ബിരുദ അവസാന വർഷ വിദ്യാർഥിനിയാണ് ഇവർ. വയനാട് മാനന്തവാടി ആനച്ചാലിൽ വർക്കി- മോളി ദമ്പതികളുടെ മൂത്ത മകളായ ഐശ്വര്യ എസ്.എസ്.എൽ.സി പഠന കാലത്താണ് കുന്നംകുളത്ത് എത്തിയത്.
കുന്നംകുളം ഗവ. ഗേൾസ് ഹൈസ്കൂളിലായിരുന്നു പഠനം. പ്ലസ് ടു പൂർത്തിയാക്കിയത് മുതുവട്ടൂർ ഹയർ സെക്കൻഡറി സ്കൂളിൽനിന്ന്. ആ കാലയളവിൽ ഡിസ്ക്സ് ത്രോക്ക് സംസ്ഥാന തലത്തിൽ മത്സരിച്ചിരുന്നു. ബി.കോമിന് പഠിക്കുമ്പോഴാണ് അമ്പെയ്ത്തിൽ പരിശീലനം ലഭിച്ചത്. പിന്നീട് സംസ്ഥാനതലത്തിൽ സ്വർണം നേടി.
കായിക രംഗത്ത് മികച്ച പ്രകടനം കാഴ്ചവെച്ച ഐശ്വര്യക്ക് സ്പോർട്സ് ക്വോട്ടയിൽ പ്രവേശനം ലഭ്യമായെങ്കിലും ബി.കോമിന് പഠിക്കാനായിരുന്നു മോഹം. അതോടെ എൽ.എഫ് കോളജിൽ സെൽഫ് ഫിനാൻസ് കോഴ്സെടുത്ത് പഠിക്കുകയായിരുന്നു.
പഠനം പൂർത്തിയാക്കിയാൽ സർക്കാർ ജോലി നേടാനാണ് ഐശ്വര്യക്ക് മോഹമെന്ന് ചിൽഡ്രൻസ് ഹോം ഡയറക്ടർ സിസ്റ്റർ ലിജി 'മാധ്യമ'ത്തോട് പറഞ്ഞു. അതിനായി പി.എസ്.സി പരിശീലനം നേടി പരീക്ഷകളെ നേരിടുകയാണ്. കോളജ് കോച്ച് പാലക്കാട് സ്വദേശി ശ്യം മോഹനാണ് പരിശീലിപ്പിച്ചിരുന്നത്.
ആർത്താറ്റ് ചിൽഡ്രസ് ഹോമിന് ഈ നേട്ടം ഇരട്ടി മധുരമാണ്. ഇതേ സ്ഥാപനത്തിലെ പ്രവീണ ആറാം ക്ലാസിൽ പഠിക്കുമ്പോൾ 2013ൽ ദേശീയതലത്തിൽ സബ് ജൂനിയർ വിഭാഗം തൈക്വാൻഡോയിൽ സ്വർണം നേടിയിരുന്നു. എട്ടിന് രാത്രി തിരിച്ചെത്തുന്ന ഐശ്വര്യക്ക് സ്വീകരണം നൽകാൻ ഒരുങ്ങുകയാണ് കുന്നംകുളത്തുകാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.