എന്തുകൊണ്ട് ഹാർദിക് പാണ്ഡ്യക്ക് നായക സ്ഥാനം നൽകിയില്ല?; വിശദീകരണവുമായി അഗാർക്കർ
text_fieldsമുംബൈ: ട്വന്റി 20 ഫോർമാറ്റിൽനിന്ന് രോഹിത് ശർമ വിരമിച്ചതിനെ തുടർന്ന് ഇന്ത്യയുടെ പുതിയ നായകന്റെ തെരഞ്ഞെടുപ്പ് ഏറെ വിവാദങ്ങൾക്കാണ് തിരികൊളുത്തിയത്. മുമ്പ് ടീമിനെ നയിച്ച് പരിചയമുള്ള ഹാർദിക് പാണ്ഡ്യയെ തഴഞ്ഞ് സൂര്യകുമാർ യാദവിനെ ക്രിക്കറ്റിന്റെ ചെറിയ ഫോർമാറ്റിൽ നായക സ്ഥാനം ഏൽപിച്ചതിനെ പലരും ചോദ്യം ചെയ്തിരുന്നു. ഇപ്പോൾ അതിനുള്ള കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് ബി.സി.സി.ഐ സെലക്ഷൻ കമ്മിറ്റി ചെയർമാൻ അജിത്ത് അഗാർക്കർ. ഹാർദിക് ടീമിന്റെ പ്രധാന താരമാണെന്ന് പറഞ്ഞ അഗാർക്കർ, അദ്ദേഹത്തിന്റെ ഫിറ്റ്നസ് പ്രശ്നങ്ങൾ തീരുമാനമെടുക്കുന്നതിൽ സ്വാധീനിച്ചെന്നും കൂട്ടിച്ചേർത്തു.
‘ഹാർദിക് ഇപ്പോഴും ഞങ്ങൾക്ക് വളരെ പ്രധാനപ്പെട്ട കളിക്കാരനാണ്. ഫിറ്റ്‌നസ് അദ്ദേഹത്തിന് ഒരു വെല്ലുവിളിയായിരുന്നു. അത് പരിശീലകനും സെലക്ടർക്കും ബുദ്ധിമുട്ടാകും. കൂടുതൽ ലഭ്യമാകുന്ന ഒരാളെ ഞങ്ങൾ ആഗ്രഹിക്കുന്നു. അങ്ങനെ നോക്കുമ്പോൾ, ഒരു ക്യാപ്റ്റനാകാൻ ആവശ്യമായ ഗുണങ്ങൾ സൂര്യക്കുണ്ടെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ഹാർദിക്കിനെ മികച്ച രീതിയിൽ ഉപയോഗപ്പെടുത്താൻ കഴിയുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ബാറ്റ് കൊണ്ടും പന്ത് കൊണ്ടും അദ്ദേഹത്തിന് എന്തുചെയ്യാനാകുമെന്ന് നമ്മൾ ലോകകപ്പിൽ കണ്ടതാണ്. ഞങ്ങൾ അവനോട് സംസാരിക്കുകയും ചെയ്തിട്ടുണ്ട്’ -അഗാർക്കർ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
ട്വന്റി 20 ലോകകപ്പിൽ ടീമിന്റെ ഉപനായകനായിരുന്ന ഹാർദിക് പാണ്ഡ്യയെ മാറ്റി ശുഭ്മൻ ഗില്ലിനെയാണ് ആ ദൗത്യം പുതുതായി ബി.സി.സി.ഐ ഏൽപിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.