മനസ്സിലെ ഭാരമേന്തി അജിത്ത് ഷോട്ട്പുട്ടിൽ നേടിയത് സ്വർണം
text_fieldsഅരീക്കോട്: പിതാവിന്‍റെ വിയോഗത്തിന് പിന്നാലെ മനസ്സിലെ ഭാരം ഉള്ളിലൊതുക്കി ഷോട്ട് പുട്ട് മത്സരത്തിൽ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം നേടി കീഴുപറമ്പ് സ്വദേശി കെ. അജിത്ത്. തിരുവനന്തപുരത്ത് നടന്ന ഒളിമ്പ്യൻ സുരേഷ് ബാബു മെമ്മോറിയൽ പതിനൊന്നാമത് യൂത്ത് അത്‍ലറ്റിക് കായികമേളയിലാണ് നാടിന് അഭിമാനമായത്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് അജിത്തിന്റെ പിതാവ് രാമചന്ദ്രൻ ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചത്. പിതാവിന്‍റെ അപ്രതീക്ഷ വിയോഗം താരത്തെയും കുടുംബത്തെയും മാനസികമായി തളർത്തിയിരുന്നു. ഇതിനിടയിലാണ് യൂത്ത് അത്‍ലറ്റിക് കായികമേള തിരുവനന്തപുരത്ത് ആരംഭിച്ചത്. ഇതിൽ അജിത്തും ഷോട്ട്പുട്ട് മത്സരത്തിൽ യോഗ്യത നേടിയിരുന്നു.
അങ്ങനെ വിഷമങ്ങൾ ഉള്ളിലൊതുക്കി പിതാവ് മരിച്ച മൂന്നാം ദിവസം ഷോട്ട്പുട്ട് മത്സരത്തിൽ ഇറങ്ങി സ്വർണ മെഡൽ കരസ്ഥമാക്കിയത്. കഴിഞ്ഞ സംസ്ഥാന സ്കൂൾ കായികമേളയിലും മൂന്ന് മെഡലുകൾ സ്വന്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ മറ്റൊരു നേട്ടം കൂടി സ്വന്തമാക്കിയത്. ഇത്തവണ മെഡലുമായി വീട്ടിലെത്തുമ്പോൾ സ്വീകരിക്കാൻ അച്ഛൻ ഇല്ലല്ലോ എന്നതാണ് അജിത്തിന്റെ ഇപ്പോഴത്തെ വിഷമം. കടകശ്ശേരി ഐഡിയൽ ഇംഗ്ലീഷ് എച്ച്.എസ്.എസിലെ പ്ലസ് വൺ വിദ്യാർഥിയാണ്. കോച്ച് സുജിത്തിന്‍റെ കീഴിലാണ് പരിശീലനം. മാതാവ്: ശാന്ത. സഹോദരങ്ങൾ: അശ്വതി, അരുൺ.
നല്ലൊരു വീടെന്ന സ്വപ്നം ബാക്കി
സംസ്ഥാനതലത്തിൽ ഉൾപ്പെടെ വലിയ നേട്ടങ്ങൾ കൈവരിച്ച ഈ കായിക താരവും കുടുംബവും നാല് വർഷമായി അന്തിയുറങ്ങുന്നത് ഏതുനിമിഷവും തകർന്ന് വീഴാറായ ഒരു വീട്ടിലാണ്. 2018ലെ മഹാപ്രളയത്തിലാണ് അജിത്തും കുടുബവും താമസിക്കുന്ന തൃക്കളയൂരിലെ വീട് തകർന്നത്. പിന്നീട് പുനർനിർമ്മിക്കാൻ സാധിച്ചില്ല. സഹായങ്ങൾക്ക് വേണ്ടി അജിത്തിന്റെ പിതാവ് രാമചന്ദ്രൻ വിവിധ സർക്കാർ ഓഫിസുകൾ കയറിയിറങ്ങിയെങ്കിലും അനുകൂല നടപടി ഉണ്ടായില്ല. ഈ സ്വപ്നം യാഥാർഥ‍്യമാക്കാനാകാതെയാണ് അദ്ദേഹം മരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.