കൗമാര കായികം: വളരാനേറെ സ്വപ്നങ്ങള്‍
text_fieldsകോഴിക്കോട്: ഒളിമ്പ്യന്‍ റഹ്മാന്‍ സ്റ്റേഡിയത്തിലെ പകലുകളെ വേഗ, ദൂര മാനങ്ങള്‍കൊണ്ടളന്ന 59ാമത് കൗമാര കായികമേളയുടെ തിരിയണഞ്ഞപ്പോള്‍ തെളിഞ്ഞത് പ്രതീക്ഷകളുടെ ചക്രവാളം. കുഞ്ഞുതാരങ്ങള്‍ ട്രാക്കിലും ഫീല്‍ഡിലും തീപ്പൊരികളായപ്പോള്‍ 20 പുതിയ റെക്കോഡുകളാണ് ചരിത്രപുസ്തകത്തിലേക്ക് എഴുതിച്ചേര്‍ക്കപ്പെട്ടത്. അവയില്‍ 17ഉം ദേശീയ റെക്കോഡിനെ വെല്ലുന്നവ. 21 വര്‍ഷങ്ങള്‍ക്കുശേഷം വിരുന്നത്തെിയ മേളക്കായി കോഴിക്കോട് കാത്തുവെച്ച സിന്തറ്റിക് ട്രാക്കില്‍, 1994ലെ ഇവിടത്തെ അവസാന മേളയില്‍ പിറന്ന റെക്കോഡിനു തന്നെ വഴിമാറാനുള്ള ‘ഭാഗ്യ’വുമുണ്ടായി.
കുതിപ്പും കിതപ്പും
ഏറെ നാളായി തുടരുന്ന വിജയക്കുതിപ്പുകാര്‍ക്ക് കനത്ത വെല്ലുവിളി നേരിടേണ്ടിവന്നതാണ് ഈ വര്‍ഷം ശ്രദ്ധേയം. കുത്തക കൈവിട്ട കോതമംഗലം സെന്‍റ് ജോര്‍ജ് ചാമ്പ്യന്‍ പട്ടവും വിട്ട് ആറാം സ്ഥാനത്തേക്ക് വീണത് രണ്ടേ രണ്ട് സ്വര്‍ണവുമായാണ്. അതേസമയം, സെന്‍റ് ജോര്‍ജിന്‍െറ ചിരകാല എതിരാളികളായിരുന്ന കോതമംഗലം മാര്‍ ബേസിലിന് മറികടക്കാനുണ്ടായരുന്നത് പാലക്കാട് പറളി സ്കൂളിന്‍െറ വെല്ലുവിളി. ബേസില്‍ 91 പോയന്‍റുമായി കിരീടം പിടിച്ചപ്പോള്‍ മൂന്നു സ്വര്‍ണം അധികം പിടിച്ച് വിസ്മയിപ്പിച്ചിട്ടും 33 പേരുമായി വന്ന പറളി 86 പോയന്‍റുമായി രണ്ടാം സ്ഥാനത്തായി.
10ാം കിരീടം മോഹിച്ചത്തെിയ സെന്‍റ് ജോര്‍ജിന്‍െറ വീഴ്ച പല സമവാക്യങ്ങള്‍ തിരുത്തുന്നതാണ്. മുന്‍ വര്‍ഷത്തെ 83 പോയന്‍റില്‍നിന്ന് 41ലേക്ക് കൂപ്പുകുത്തിയപ്പോള്‍ മാതിരപ്പിള്ളിയാണ് എറണാകുളത്തിന് തുണയായത്. 2104ല്‍ 289 പോയന്‍റ് നേടിയ എറണാകുളത്തിന് 241 പോയന്‍റ് നേടാനേ കഴിഞ്ഞുള്ളൂ. വി.എച്ച്.എസ്.എസ്. മാതിരപ്പിള്ളിക്ക് പോയന്‍റ് നിലയില്‍ ചെറിയ ഇടിവുണ്ടായി. അതേസമയം, പറളിയുടെയും കല്ലടി എച്ച്.എസ്.എസിന്‍െറയും (67 പോയന്‍റ്) സംഭാവനകള്‍ക്കൊപ്പം ഇത്തവണ ആദ്യ പത്തില്‍ ഇടംപിടിച്ച മുണ്ടൂര്‍ എച്ച്.എസിന്‍െറ(20 പോയന്‍റ്) മുന്നേറ്റവും പാലക്കാടിന് ഗുണം ചെയ്തു. മറ്റു സ്കൂളുകളില്‍ കോഴിക്കോടിന്‍െറ പുല്ലൂരാംപാറ(26 പോയന്‍റ്, ഏഴാം സ്ഥാനം) പിന്നോട്ട് പോയപ്പോള്‍ പൂവമ്പായി എ.എം. എച്ച്.എസ്. (44 പോയന്‍റ്, അഞ്ചാം സ്ഥാനം) മുന്നേറി. കോഴിക്കോട് മൂന്നാം സ്ഥാനം നിലനിര്‍ത്തി പക്ഷേ, തിരുവനന്തപുരം നാലില്‍ നിന്ന് ആറിലേക്കിറങ്ങി. ഉഷ സ്കൂളിലെ പ്രതിഭകളാണ് കോഴിക്കോടിന് രക്ഷയായത്. കടകശേരി ഐഡിയല്‍ സ്കൂളിന്‍െറ(21 പോയന്‍റ്) ബലത്തില്‍ അഞ്ചാമതത്തെിയ മലപ്പുറത്തിനെ എടുത്തുപറയണം. അതേസമയം, കഴിഞ്ഞ വര്‍ഷം രണ്ടു സ്വര്‍ണവുമായി 11ാം സ്ഥാനത്തുണ്ടായിരുന്ന കാസര്‍കോട് ഇത്തവണ ഒരു പോയന്‍റ് പോലും നേടിയില്ല.
ചാമ്പ്യന്‍ താരങ്ങള്‍
59ാമത് മേളയുടെ താരം, നിസ്സംശയം കോഴിക്കോടിന്‍െറ ജിസ്ന മാത്യു തന്നെയാണ്. റിയോ ഒളിമ്പിക്സിലേക്കുവരെ യോഗ്യത നേടുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന താരമായി ജിസ്നയെ വിദഗ്ധര്‍ ഉയര്‍ത്തിക്കാട്ടുന്നു. 100, 200, 400 മീറ്ററുകളില്‍ മീറ്റ് റെക്കോഡ് മറികടന്ന ജിസ്ന റിലേയിലും സ്വര്‍ണമണിഞ്ഞു.
പക്ഷേ, ജിസ്നയെ നാലിനങ്ങളില്‍ തുടര്‍ച്ചായായി മത്സരിപ്പിച്ച തീരുമാനം പുനപരിശോധിക്കേണ്ടതാണ്. റിയോ സ്വപ്നം കാണുന്ന താരത്തിന് അമിതഭാരം നല്‍കുന്നത് നന്നല്ല.ദീര്‍ഘ ദൂരത്തില്‍ 21 വര്‍ഷം പഴക്കമുള്ള റെക്കോഡ് തിരുത്തിയ മാര്‍ ബേസിലിന്‍െറ ബിബിന്‍ ജോര്‍ജും മധ്യദൂര ഓട്ടത്തില്‍ പൂവമ്പായിയുടെ അബിത മേരി മാനുവലും മാര്‍ ബേസിലിന്‍െറ അനുമോള്‍ തമ്പിയും പുതിയ പ്രതീക്ഷകളാണ്. ജിയോ ജോസ്, ആല്‍ഫി ലൂക്കോസ്, ലിസ്ബെത് കരോളിന്‍ ജോസഫ്, ജിനോ ബാസ്റ്റിന്‍, പി.ആര്‍. ഐശ്വര്യ, എന്‍. അനസ്, ടി.സി. ചേഷ്മ തുടങ്ങിയ താരങ്ങളും പ്രതീക്ഷ നല്‍കുന്നു. മരിയ ജെയ്സണ്‍ സ്കൂള്‍ മീറ്റ് പോള്‍വാള്‍ട്ടിനോട് വിടപറഞ്ഞ മേളയില്‍ പിന്‍ഗാമിയായി നിവ്യ ആന്‍റണി ഉയര്‍ന്നുവരുന്നതും കണ്ടു. ഈ കുഞ്ഞുതാരങ്ങള്‍ പാതി വഴിയില്‍ വാടി വീണില്ളെങ്കില്‍ കേരളത്തില്‍നിന്ന് പി.ടി. ഉഷക്കും എം.ഡി. വത്സമ്മക്കും മേഴ്സിക്കുട്ടനും പ്രീജാ ശ്രീധരനും അഞ്ജുബോബി ജോര്‍ജിനുമെല്ലാം പിന്‍ഗാമികള്‍ പിറക്കുമെന്ന് തീര്‍ച്ച.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.