Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightപൊളിച്ചു മച്ചാന്‍സ്...

പൊളിച്ചു മച്ചാന്‍സ്...

text_fields
bookmark_border
പൊളിച്ചു മച്ചാന്‍സ്...
cancel

മഡ്ഗാവ്: കീഴടങ്ങാന്‍ കൂട്ടാക്കാത്ത ചങ്കുറപ്പിന്‍െറ ബലത്തില്‍ ചെന്നൈയിന്‍ എഫ്.സി എഴുതിച്ചേര്‍ത്തത് സമാനതകളില്ലാത്ത വിജയചരിത്രം. അവസാന മിനിറ്റുവരെ കിരീടം കൈവിട്ടുപോയെന്ന തോന്നലുകളെ അടങ്ങാത്ത വിജയതൃഷ്ണയാല്‍ ചെറുത്തുതോല്‍പിച്ച തമിഴകസംഘത്തിന്‍െറ വിജയം ഇന്ത്യന്‍ സൂപ്പര്‍ ലീഗ് രണ്ടാം സീസണിന്‍െറ കാവ്യനീതി. ടൂര്‍ണമെന്‍റില്‍ നിലനില്‍പ്പുതന്നെ അപകടത്തിലായെന്നു തോന്നിച്ചിടത്തുനിന്ന് സാധ്യതകളുടെ അവസാന കച്ചിത്തുരുമ്പില്‍പിടിച്ച് പൊരുതിക്കയറിയവര്‍ ഫട്ടോര്‍ഡ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന കലാശപ്പോരാട്ടത്തിന്‍െറ ഇഞ്ചുറി ടൈമില്‍ സ്റ്റീവന്‍ മെന്‍ഡോസയുടെ ഗോളിലാണ് 3-2ന് എഫ്.സി ഗോവയുടെ തിണ്ണമിടുക്കിനെ മറികടന്നത്.
ദുരിതത്തിലാണ്ട ഒരു ജനതക്ക് അപാരമായ മനസ്സാന്നിധ്യംകൊണ്ട് ചെന്നൈയിന്‍ എഫ്.സി നല്‍കുന്ന കിരീടത്തിന്‍െറ ഐക്യദാര്‍ഢ്യമാണിത്. ആവേശകരമായ കലാശക്കളിയില്‍ പെലിസാരിയുടെ പെനാല്‍റ്റി ഗോളില്‍ 54ാം മിനിറ്റില്‍ മുന്നിലത്തെിയ ഗോവക്കെതിരെ നാലു മിനിറ്റിനുശേഷം പകരക്കാരന്‍ തോങ്കോയ്സീം ഹാവോകിപ് ആതിഥേയരെ ഒപ്പമത്തെിച്ചു. 87ാം മിനിറ്റില്‍ ഫ്രീകിക്ക് ഗോളില്‍ ജയമുറപ്പിച്ച ഗോവക്ക് 90ാം മിനിറ്റില്‍ കട്ടിമണിയുടെ സെല്‍ഫ് ഗോള്‍ തിരിച്ചടിയായി. ഇഞ്ചുറി ടൈമില്‍ മെന്‍ഡോസ വലകുലുക്കിയതോടെ ഗോവക്ക് പിന്നീട് തിരിച്ചുവരാനായില്ല.

 

ഗോളോട് ഗോള്‍

തണുത്തുറഞ്ഞ ആദ്യപകുതിക്കുശേഷം നാടകീയ മുഹൂര്‍ത്തങ്ങളുടെ നിറക്കാഴ്ചകളാണ് ഫട്ടോര്‍ഡയില്‍ ഇടവേളക്കുശേഷം ദൃശ്യമായത്. കളി ചൂടുപിടിച്ചതോടെ ഇരുധ്രുവങ്ങളിലേക്കും പന്ത് ഒഴുകിയിറങ്ങി. ഏഴു മിനിറ്റിനിടെ രണ്ടു ഗോളും ഒരു പെനാല്‍റ്റി സേവുമടക്കം സംഭവബഹുലമായ മുഹൂര്‍ത്തങ്ങള്‍ക്കാണ് മൈതാനം വേദിയായത്. മെന്‍ഡോസയെ ബോക്സിന്‍െറ മൂലയില്‍ പ്രണോയ് ഹാല്‍ദര്‍ കാല്‍വെച്ചുവീഴ്ത്തിയതിനാണ് റഫറി ആദ്യം ഗോവയുടെ പെനാല്‍റ്റി സ്പോട്ടിലേക്ക് വിരല്‍ചൂണ്ടിയത്. കിക്കെടുത്തത് പെലിസാരി. ഇടതുവശത്തേക്ക് ഡൈവ്ചെയ്ത് കട്ടിമണി പന്തുതടഞ്ഞിട്ടെങ്കിലും റീബൗണ്ട്ചെയ്ത് കൃത്യം പെലിസാരിയുടെ കാലില്‍. ആളില്ലാ പോസ്റ്റിലേക്ക് ബ്രസീലുകാരന് ഒന്നു തൊട്ടുകൊടുക്കുകയേ വേണ്ടിയിരുന്നുള്ളൂ.
നിശബ്ദമായ ഗാലറിയിലേക്ക് കാതടപ്പിക്കുന്ന ആരവംനിറച്ച മറുപടി ഗോളത്തൊന്‍ നാലു മിനിറ്റേ വേണ്ടിവന്നുള്ളൂ. മധ്യനിരയില്‍നിന്ന് മുളപൊട്ടിയ നീക്കത്തില്‍ റോമിയോ ആയിരുന്നു ഗോളിന്‍െറ സൂത്രധാരന്‍. വലതുവിങ്ങില്‍നിന്ന് എതിര്‍പ്രതിരോധം കീറിമുറിച്ചത്തെിയ പാസിനെ, ലിയോ മൗറക്ക് പകരക്കാരനായിറങ്ങിയ തോങ്കോയിസീം ക്ളോസ്റേഞ്ചില്‍നിന്ന് ഉടനടി വലയിലേക്ക് തള്ളി.

മെന്‍ഡോസയുടെ പിഴവ്

ഒരു മിനിറ്റ് പിന്നിടുംമുമ്പേ ലീഡ് തിരിച്ചുപിടിക്കാന്‍ ചെന്നൈയിന് വീണ്ടും പെനാല്‍റ്റിയെന്ന സുവര്‍ണാവസരം. ബോക്സില്‍ കട്ടിമണിയുമായുള്ള മുഖാമുഖത്തിനിടെ ഗോളി കാലില്‍പിടിച്ച് വലിച്ചപ്പോഴായിരുന്നു ആതിഥേയര്‍ക്കെതിരെ വീണ്ടും റഫറിയുടെ ശിക്ഷാവിധി. എന്നാല്‍, കട്ടിമണിയുമായുള്ള നേരങ്കത്തില്‍ പാളുന്ന കാഴ്ചയായിരുന്നു പെനാല്‍റ്റി കിക്കിലും. മെന്‍ഡോസ തൊടുത്ത ഇടങ്കാലന്‍ ഷോട്ടിനെ ഇടത്തേക്ക് മുഴനീളത്തില്‍ ചാടി കട്ടിമണി വഴിതിരിച്ചുവിട്ടപ്പോള്‍ ഗാലറി ആവേശത്താല്‍ ആര്‍ത്തലച്ചു.

 

ഒടുവില്‍ മെന്‍ഡോസ
കളി അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ഇരുനിരയും ആക്രമണം കനപ്പിക്കുകയായിരുന്നു. മെന്‍ഡോസയുടെ ഷോട്ട് വീണ്ടും കട്ടിമണി തട്ടി. ഹാവേകിപിന്‍െറ ശ്രമം ബെറ്റെ തടഞ്ഞു. എന്നാല്‍, മത്സരം അവസാനഘട്ടത്തിലേക്കു കടക്കവേ, വീണ്ടും ഗോളുകളുടെ തുടര്‍ച്ച. ഫ്രീകിക്കില്‍ പ്രതിരോധ മതിലിനിടയിലൂടെ പന്തിനെ നിലംപറ്റെ വലയിലേക്ക് പായിച്ച ജോഫ്രെ ഗോവയുടെ ഹീറോ ആകുമെന്ന തോന്നലില്‍ ഗാലറി ആഘോഷം തുടങ്ങി. എന്നാല്‍, നിശ്ചിതസമയത്തിന്‍െറ അവസാന മിനിറ്റില്‍ ഗാലറിയെ ഞെട്ടിച്ച് കട്ടിമണിയുടെ പിഴവ്. മെന്‍ഡോസയുടെ ഹെഡര്‍ പ്രതിരോധിക്കാനുള്ള ശ്രമത്തില്‍ പന്ത് സ്വന്തംവലയില്‍ കയറുകയായിരുന്നു. കളി എക്സ്ട്രാടൈമിലത്തെുമെന്ന തോന്നലുകളെ കാറ്റില്‍പറത്തി ഒടുവില്‍ മെന്‍ഡോസ കട്ടിമണിയെയും ഗോവയെയും തോല്‍പിച്ചു. ഇടതുവിങ്ങില്‍നിന്ന് ജയേഷ് റാണെയുടെ പന്ത് നെഞ്ചിലെടുത്ത് താഴെയിറക്കിയ മെന്‍ഡോസ തടയാനത്തെിയ ഡിഫന്‍ഡര്‍ക്ക് പിടികൊടുക്കാതെ ഒന്നു മുന്നോട്ടാഞ്ഞ് പന്ത് നിലംപറ്റെ വലയിലേക്ക് തള്ളിയപ്പോള്‍ ഒന്നു തൊടാനല്ലാതെ ദിശമാറ്റാന്‍ ഇക്കുറി കട്ടിമണിക്ക് കഴിഞ്ഞില്ല.

 

കോട്ടകെട്ടി മെന്‍ഡിയും കൂട്ടരും

കളിയിലേക്ക് ഇരുനിരയും കാലെടുത്തുവെച്ചത് ജാഗ്രതയോടെയായിരുന്നു. സ്റ്റാര്‍ മിഡ്ഫീല്‍ഡര്‍ എലാനോയെ പകരക്കാരുടെ ബെഞ്ചിലിരുത്തിയാണ് ചെന്നൈയിന്‍ തുടങ്ങിയത്. 4-4-2 ശൈലിയില്‍ മറ്റരാസി തന്ത്രം മെനഞ്ഞപ്പോള്‍ രണ്ടാംപാദ സെമിയിലെ ധീരമായ 3-5-2 വിന്യാസത്തിന്‍െറ തനിയാവര്‍ത്തനമൊരുക്കുകയായിരുന്നു സീക്കോ. കിക്കോഫ് വിസിലില്‍ റോമിയോ ഫെര്‍ണാണ്ടസ് വലതുവിങ്ങിലൂടെ നടത്തിയ നീക്കം ചെന്നൈ പ്രതിരോധം സമര്‍ഥമായി ചെറുക്കുന്നതുകണ്ടായിരുന്നു കളിയുടെ തുടക്കം. കലാശക്കളിയില്‍ രണ്ടും കല്‍പിച്ച് ആക്രമിക്കാന്‍ ഇരുനിരയും അറച്ചുനിന്നപ്പോള്‍ ആദ്യ കാല്‍മണിക്കൂറില്‍ ആവേശകരമായ മുഹൂര്‍ത്തങ്ങളൊന്നും പിറവിയെടുത്തില്ല. ടീമിന്‍െറ ഓരോ നീക്കങ്ങള്‍ക്കും കാതടപ്പിക്കുന്ന ആരവങ്ങളുമായി ഗോവക്ക് നിറഗാലറി പൂര്‍ണ പിന്തുണനല്‍കിയെങ്കിലും ബെര്‍ണാഡ് മെന്‍ഡി നയിച്ച ചെന്നൈയിന്‍ പ്രതിരോധം അചഞ്ചലമായിനിന്നു. മെന്‍ഡിക്കൊപ്പം മാലിസണും വാദൂവും ധനചന്ദ്ര സിങ്ങും അത്യുജ്ജ്വലമായിത്തന്നെ കോട്ടകെട്ടിയപ്പോള്‍ ആദ്യപകുതിയില്‍ ഗോളെന്നുറച്ച ഒരു ഷോട്ടുപോലും പായിക്കാന്‍ കഴിയാതെ ഗോവ കുഴങ്ങി. പ്രതിരോധം കടന്നുകയറിയ ഒറ്റപ്പെട്ട അവസരങ്ങളില്‍ ഗോളി എദെക്ക് ഗോവന്‍ നീക്കങ്ങള്‍ക്കുമുന്നില്‍ അധികം വിയര്‍പ്പൊഴുക്കേണ്ടി വന്നില്ല.

 

മെന്‍ഡോസ X കട്ടിമണി

ആദ്യ പകുതിയില്‍ ഗോവക്കായിരുന്നു മേധാവിത്വമെങ്കിലും അവസരങ്ങള്‍ കൂടുതല്‍ തുറന്നെടുത്തത് മച്ചാന്‍സായിരുന്നു. മെന്‍ഡോസക്ക് ലഭിച്ച രണ്ടു സുവര്‍ണാവസരങ്ങള്‍ തടഞ്ഞ് ഗോളി കട്ടിമണിയാണ് ഈ അവസരങ്ങളില്‍ ആതിഥേയരുടെ രക്ഷക്കത്തെിയത്. 20ാം മിനിറ്റില്‍ ബിക്രംജിത് ക്ളിയര്‍ ചെയ്യുന്നതില്‍ അമാന്തിച്ചപ്പോള്‍ പന്ത് ഒഴുകിയിറങ്ങിയത് അപകടകാരിയായ മെന്‍ഡോസക്ക് മുന്നില്‍. എന്നാല്‍, ഉടനടി ഓടിയടുത്ത കട്ടിമണി പന്ത് പിടിച്ചെടുത്ത് അപകടമൊഴിവാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ISLfc goachennaiyin fc
Next Story