വെൽക്കം ബാക്ക് അനസ്
text_fieldsമലപ്പുറം: ഇന്ത്യൻ ഫുട്ബാളിലെ എക്കാലത്തെയും മികച്ച സെൻറർ ബാക്കുകളിലൊരാളായ അനസ് എടത്തൊടിക കഴിഞ്ഞ ജനുവരി 15ന് സമൂഹമാധ്യമങ്ങളിലൂടെ നടത്തിയ വിരമിക്കൽ പ്രഖ്യാപനം കായിക പ്രേമികളിൽ നിരാശയും അതിലേറെ സങ്കടവുമുണ്ടാക്കിയിരുന്നു. ഷാർജയിൽ ബഹ്റൈനെ തിരായ ഏഷ്യൻ കപ്പ് മത്സരത്തിെൻറ മൂന്നാം മിനിറ്റിൽത്തന്നെ പരിക്കേറ്റ് കരഞ്ഞുകൊണ്ട് കളംവിട്ട അനസ് ഇനിയൊരിക്കൽ കൂടി നീലക്കുപ്പായത്തിൽ താനുണ്ടാവില്ലെന്ന് വ്യക്തമാക്കി. തീരുമാനം പിൻവലിക്കാൻ സഹതാരങ്ങളും സുഹൃത്തുക്കളും ഫുട്ബാളിനെ ഇഷ്ടപ്പെടുന്നവരും അന്നുതൊട്ട് തുടങ്ങിയ അഭ്യർഥനക്കൊപ്പം പുതിയ പരിശീലകെൻറ വിളി കൂടി വന്നപ്പോൾ തെൻറ അസാന്നിധ്യം ഇന്ത്യൻ ടീമിലുണ്ടാക്കിയ വിടവ് തിരിച്ചറിഞ്ഞാണ് അനസ് മടങ്ങിയെത്തുന്നത്.
ദേശീയ ടീമിലേക്ക് വീണ്ടും അവസരം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് അനസ് പറഞ്ഞു. പരിശീലക സ്ഥാനം ഏറ്റെടുത്തയുടനെ ഇഗോർ സ്റ്റിമാക് അനസിനെ ബന്ധപ്പെട്ടിരുന്നു. ടീമിലേക്ക് സ്വാഗതം ചെയ്തുകൊണ്ടായിരുന്നു വിളി. അന്നുതൊട്ടേ വലിയ ആവേശത്തിലായിരുന്നു അനസ്. പിന്നെ, ഡിഫൻസിലെ പങ്കാളിയും സഹോദര തുല്യനുമായ സന്ദേശ് ജിങ്കാെൻറ സ്നേഹസമ്മർദം. മുൻ ഇന്ത്യൻ താരം സി.കെ. വീനീത് ഉൾപ്പെടെയുള്ള സുഹൃത്തുക്കളും അനസിെൻറ സാന്നിധ്യം ടീമിൽ അനിവാര്യമാണെന്ന് ഉണർത്തി.
കിങ്സ് കപ്പ് കൂടി കണ്ടാവാം അന്തിമ തീരുമാനമെന്ന് അടുപ്പക്കാരോട് അനസ് പ്രതികരിച്ചു. അനസുമായി നിരന്തരം സമ്പർക്കം പുലർത്തിയിരുന്ന ദേശീയ ടീം അസിസ്റ്റൻറ് മാനേജർ ഷൺമുഖം വെങ്കിടേഷ് മൂന്ന് ദിവസം മുമ്പ് തന്നെ ഇൻറർ കോണ്ടിനെൻറൽ കപ്പ് സാധ്യത ടീമിലുണ്ടാവുമെന്ന് അറിയിച്ചിരുന്നു. കൊണ്ടോട്ടിയിലെ വീട്ടിലുള്ള താരത്തിന് വർക്കൗട്ടിെൻറ നിർദേശങ്ങളും നൽകി.
മുംബൈ എഫ്.സിയിലൂടെയാണ് അനസ് ദേശീയ ഫുട്ബാളിൽ ശ്രദ്ധിക്കപ്പെടുന്നത്. പിന്നെ പുണെ എഫ്.സിയിലേക്ക് മാറി ഐ ലീഗിൽ ടീമിനെ നയിച്ചു. ഐ.എസ്.എല്ലിെൻറ രണ്ടാം സീസണിൽ ഡൽഹി ഡൈനാമോസ് അനസിനെ സ്വന്തമാക്കി. രണ്ട് വർഷം ഡൈനാമോസിൽ. 2017ൽ സീസണിലെ ഏറ്റവും വിലയേറിയ താരമായാണ് ജാംഷഡ്പൂർ എഫ്.സി അനസിനെ അണിയിലെത്തിച്ചത്. അതേ വർഷം ഇന്ത്യൻ ടീമിൽ അരങ്ങേറ്റം. 19 മത്സരങ്ങൾ രാജ്യത്തിനുവേണ്ടി കളിച്ചപ്പോൾ 11ലും ജയം. നാല് വീതം സമനിലയും തോൽവിയും. അനസ് പ്രതിരോധക്കോട്ട കെട്ടിയ ഒമ്പത് മത്സരങ്ങളിൽ ഇന്ത്യ ഒരു ഗോൾപോലും വഴങ്ങിയില്ലെന്നതും ശ്രദ്ധേയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.