അനിവാര്യമായ ദുരന്തമായി അവരുടെ മടക്കം
text_fieldsകാലിൽ കവിതയുമായി ആ 19കാരൻ അർജൻറീനയുടെ പ്രതിരോധനിരയെ പരിഹസിച്ചുകൊണ്ട് പാഞ്ഞുകയറി നേടിയ രണ്ടു ഗോളുകളും കണ്ടപ്പോൾ റോബർട്ട് ഫ്രോസ്റ്റിെൻറ വിഖ്യാതമായ ആ വരികളാണ് ഓർത്തുപോയത്; ‘മൈലുകൾ ഇനിയും താണ്ടാനുണ്ട് ഉറങ്ങും മുമ്പ് എനിക്ക്’. കെയ്ലിയൻ എംബാപെ എന്ന താരത്തിെൻറ പ്രകടന വിസ്ഫോടനം ഒരു മുന്നറിയിപ്പാണ്.
മെസ്സിയും റൊണാൾഡോയും ഒഴിച്ചിട്ടുമടങ്ങുന്ന സിംഹാസനത്തിലേക്ക് യുവരാജാവായി ഫ്രഞ്ചുകാരൻ നടന്നുകയറുന്നു എന്നതാണ് അനുഭവിച്ചറിഞ്ഞത്. ആധുനിക ഫുട്ബാളിൽ ഒരു കളിക്കാരനുവേണ്ട യോഗ്യതകളൊക്കെ ആ കൗമാരക്കാരനിൽ വായിച്ചെടുക്കാം. പന്തടക്കം, ഗതിവേഗം, ഗോളടി മികവ്. ഇതിനൊക്കെ ഉപരിയായി മറ്റു കളിക്കാരോടൊപ്പം പന്ത് കൈമാറി മുന്നേറുവാനുള്ള തേൻറടം.
അർജൻറീനയുടെ ആകാശനീലയും വെള്ളയും കലർന്ന ദേശീയ പതാകയിലെ അടയാളം ജ്വലിച്ചുനിൽക്കുന്ന സൂര്യനാണ്. എന്നാൽ, ലെസ് ബ്ലൂസിന്മുന്നിൽ അണിനിരന്നപ്പോൾ അതിന് അസ്തമയ സൂര്യെൻറ അവസ്ഥയായിരുന്നു. ഒപ്പം അഞ്ചുതവണ ലോക പന്തുകളിക്കാരനായിത്തീർന്ന മെസ്സി എന്ന മാന്ത്രികൻ ആൾക്കൂട്ടത്തിൽ അകപ്പെട്ടതുപോലെ നിസ്സഹായനും. കണ്ടുരസിക്കാൻ തക്ക ചന്തമുള്ള മുന്നേറ്റങ്ങളായിരുന്നു ഫ്രഞ്ച് മധ്യനിര ഒരുക്കിയത്. അത് പരമാവധി പ്രയോജനപ്പെടുത്താൻ അവർക്ക് കഴിയുകയും ചെയ്തു. 13ാം മിനിറ്റിൽ ഗതിവേഗം കൊണ്ട് അർജൻറീനക്കാരെ വിസ്മയിപ്പിച്ച എംബാപെയെ റോഹോ മറിച്ചിട്ടപ്പോൾ ഗ്രീസ്മാെൻറ പെനാൽറ്റി ഗോളിലെത്തി.
ഗോൾ കുടുങ്ങിയതോടെ ആദ്യമായി ഒരുമയോടെ കളിച്ച അർജൻറീന തുടർച്ചയായി രണ്ടു ഗോളുകൾ നേടി ഫ്രഞ്ചുകാരെ വിറപ്പിക്കുകയും കളിയുടെ ഗതിക്കെതിരെ വിജയം നേടുമെന്ന അവസ്ഥയുണ്ടാക്കുകയും ചെയ്തു. ഡിമരിയയുടെ സ്പോട്ട് കിക്ക് ശൈലിയിലുള്ള സ്ലോമോഷൻ ഗോൾ അടുത്തകാലത്തുകണ്ട ഏറ്റവും മനോഹരമായ ഗോളുകളിൽ ഒന്നുമായി. മെർകാഡോയുടെ ഗോൾ അദ്ദേഹംപോലും അറിഞ്ഞുകാണില്ല. മെസ്സിയുടെ കാലുകളിൽ നിന്നുവന്ന പന്ത് മെർകാഡോയുടെ ഗോളായി രൂപം പ്രാപിക്കുകയായിരുന്നു.
ബെഞ്ചമിൻ പവാർഡിെൻറ ഹാഫ് വോളി ഗോളും തകർപ്പനായിരുന്നു. തുടർന്നായിരുന്നു എംബാപെയുടെ അതിവേഗ ഗോളുകൾ. 58ലെ പെലെയുടെ പ്രകടനം ഓർമിപ്പിച്ചുകൊണ്ടുള്ള ഇൗ ഗോളുകൾ അടക്കം രണ്ടിനെതിരെ നാല് ഗോളുകൾക്ക് ഫ്രാൻസ് വിജയിച്ചു എന്നുറപ്പിക്കുമ്പോഴാണ് പകരക്കാരനായിട്ടെത്തിയ അഗ്യൂറോയുടെ ആശ്വാസ ഗോൾ.
ഒറ്റയാൾ പട്ടാളങ്ങൾക്ക് ഫുട്ബാളിൽ ഒരുപരിധിക്കപ്പുറം നിലനിൽപില്ലെന്ന് തെളിയിക്കുന്നതായിരുന്നു പോർചുഗലിെൻറ മടക്കം. ഹൃദയംകൊണ്ട് പന്തുകളിക്കുന്നവരാണ് എന്ന് തെളിയിച്ച് ലൂയി സുവാറസും എഡിൻസൺ കവാനിയും സ്വപ്നതുല്യമായ ഒത്തിണക്കത്തോടെ മുന്നേറിയപ്പോൾ ഉറുഗ്വായ് ക്വാർട്ടറിലേക്ക് ഇരച്ചുകയറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.