തന്ത്രങ്ങളുടെ തമ്പുരാനും സെലസാവോകൾക്കും പിഴച്ചപ്പോൾ
text_fieldsലോകകപ്പ് ചരിത്രത്തിൽ ആദ്യമായാണ് ജർമനി മെക്സികോക്കു മുന്നിൽ കീഴടങ്ങുന്നത്. േബാൾ പൊസഷനിലും കളിമികവിലും മുന്നിട്ടുനിന്നിട്ടും എന്തുകൊണ്ട് ചാമ്പ്യന്മാർക്കെതിരെ മെക്സികോ മുന്നേറ്റ നിരക്ക് ആധിപത്യമുണ്ടായി എന്നതും 35ാം മിനിറ്റിൽ ഹിർവിങ് ലൊസാനോ ഗോൾ നേടി എന്നതും വിശകലനം ചെയ്യുമ്പോഴാണ് ആധുനിക ഫുട്ബാളിലെ ഒഴിവാക്കാനാകാത്ത തന്ത്രമായ വിത്ഡ്രോയിങ് സിസ്റ്റത്തിെൻറ അപകട സാധ്യതയും അത് പ്രയോഗിച്ചപ്പോൾ ചാമ്പ്യന്മാർക്ക് സംഭവിച്ച പ്രകടമായ പിഴവും വ്യക്തമാക്കുന്നത്.
ഫിലിപ് ലാമിെൻറ പിൻഗാമി എന്ന വിശേഷണം ലഭിച്ച യോഷ്വ കിമ്മിഷ് ഇക്കാലമത്രയും സമർഥമായി അത് ഉപയോഗിച്ച് നേട്ടമുണ്ടാക്കിയപ്പോൾ ഇത്തവണ അത് പ്രയോഗിച്ച ജെറോം ബോആറ്റെങ്ങിനും മാറ്റ് ഹുമ്മൽസിനും ദയനീയമായ പിഴവ് സംഭവിച്ചു. പുതുതായി കളിക്കാൻ അവസരം ലഭിച്ച മാർവിൻ പ്ലാറ്റൻഹാർട്ടിനെ മാത്രം മാനുവൽ നോയർക്ക് മുന്നിൽനിർത്തി എതിർപ്രതിരോധം വളഞ്ഞുപിടിക്കാൻ ശ്രമമിച്ചപ്പോൾ മെക്സിക്കൻ മുന്നേറ്റക്കാരുടെ ഗതിവേഗം ഓർക്കാതെ പോവുകയും ചെയ്തു.
അവരുടെ ചന്തമേറിയ കൗണ്ടർ അറ്റാക്ക് തടുത്തിടാൻ ഏതാണ്ട് ഒഴിഞ്ഞുകിടന്ന ജർമൻ പ്രതിരോധനിരയിൽ ആരും ഇല്ലാത്ത അവസ്ഥയും ഉണ്ടായി. എന്നാൽ, എട്ടു മാസത്തെ പരുക്കിനും ചികിത്സക്കും ശേഷം മടങ്ങി എത്തിയ നോയർ കൃത്യസമയത്ത് ഫോമിലായതുകൊണ്ട് പ്രതിരോധത്തിെൻറ ബുദ്ധിശൂന്യതയിലും അവരുടെ പരാജയം ഒരു ഗോളിൽ ഒതുങ്ങി.
മെക്സികോയുടെ വിജയത്തെ ജർമനിയുടെ പ്രതിരോധ പരാജയം ആയി മാത്രം കുറച്ചു കാണാനും കഴിയില്ല.
ആദ്യ മിനിറ്റ് മുതൽ അവർ വിജയം മാത്രം ലക്ഷ്യമാക്കിയാണ് മുന്നേറിയത്. എണ്ണയിട്ട യന്ത്രത്തിെൻറ കൃത്യത ആയിരുന്നവരുടെ മധ്യനിരക്ക്. ലയൂൺ, ഹെർണാണ്ടസ്, ലൊസാനോ എന്നിവർ പന്ത് കൈമാറി മുന്നേറിയപ്പോൾ ഹുമ്മൽസിന് പോലും സമനില തെറ്റി. യോഗ്യത മത്സരങ്ങളിൽ അവരുടെ വിജയ ഗോളുകൾ അധികവും പിറന്ന ലൊസാനോയുടെ സുവർണ ബൂട്ടുകളിൽ നിന്ന് തന്നെ ചരിത്രത്തിൽ ആദ്യമായി ജർമനിയെ തോൽപിച്ച മെക്സിക്കൻ ഗോളും പിറന്നു.
ജർമനിയുടെ മധ്യനിരയിലെ സാമി ഖദീരയും ടോണി ക്രോസും മെസ്യൂത് ഒാസിലും കൊണ്ടെത്തിച്ച പന്തുകൾ ഗോളാക്കി മാറ്റാൻ വെർണർക്കും മ്യുളർക്കും കഴിഞ്ഞുമില്ല. അവരുടെ എണ്ണം പറഞ്ഞ അവസരങ്ങൾ ഒക്കെ ഗിയമോ ഒച്ചാവയുടെ വിശ്വസ്തമായ കൈകളിൽ ഒതുങ്ങുകയും ചെയ്തു.
യോആഹീം ലോയ്വിന് സംഭവിച്ച ഏറ്റവും വലിയ പിഴവാണ് അവസാന 20 മിനിറ്റിലെ ജോക്കർ ഗോളുകളുടെ തോഴൻ എന്ന വിശേഷണമുള്ള ലെറോയ് സനെയെ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്താതിരുന്നത്. സനെയുടെ സാന്നിധ്യം ഏറ്റവും അനിവാര്യമായിരുന്ന മത്സരമായിരുന്നു ഇത്. മ്യുളറൂം വെർനറും അവസരങ്ങൾ തുലച്ചുകൊണ്ടിരുന്നപ്പോൾ പകരക്കാരായെത്തിയ യൂലിയൻ ബ്രാൻഡും മാരിയോ ഗോമസും അതിലും മോശമായ പ്രകടനമായിരുന്നു കാഴ്ചെവച്ചത്.
സ്വിസ് ടീമിനെ നിസ്സാരന്മാരായിക്കാണേെണ്ടന്ന് ബ്രസീലിെൻറ പ്രിയപ്പെട്ടവനായിരുന്ന റൊമാരിയോ മത്സരദിനത്തിൽ പറഞ്ഞിരുന്നു. അതൊരു തമാശയായിട്ടേ നെയ്മറും കൂട്ടുരും കരുതിയിരിക്കാൻ ഇടയുള്ളൂ. എന്നാൽ, അത് യാഥാർഥ്യമായി. കുട്ടീന്യോയുടെ ഗോളിലൂടെ ബ്രസീൽ മുന്നിലെത്തിയെങ്കിലും ശേഷം ഓരോ നിമിഷവും മികവുറ്റ മുന്നേറ്റങ്ങളോടെ സെലസാവോകളുടെ പ്രതിരോധനിരയിലെ തിയാഗോ സിൽവ, മിറാൻഡ, ഡാനിലോ, മാഴ്സലോമാരെ സമ്മർദത്തിലാക്കിയ ശാക്ക-സഫിറോവിച്-സൂബർ ത്രയം ഏതു നിമിഷവും ഗോൾ നേടുമെന്ന അവസ്ഥയുണ്ടാക്കി. ഒടുവിൽ ഷക്കീറിയുടെ കോർണറിൽ സൂബറിെൻറ ഹെഡർ അലീസെൻറ വലയിലെത്തിയപ്പോൾ സ്വിസ് പൂട്ടിൽ ബ്രസീൽ കുടുങ്ങി.
ഏറെ പ്രതീക്ഷെവച്ചു പുലർത്തിയിരുന്ന ജീസസ് ചിത്രത്തിലെ ഇല്ലാതായി. നെയ്മറെ സ്വിസ് പ്രതിരോധനിര പൂട്ടിയപ്പോഴും ജീസസ് അദൃശ്യനായിരുന്നു. അർഹിച്ച സമനില തന്നെയായിരുന്നു സ്വിസ് ഗാർഡുകൾ സെലസാവോകൾക്കെതിരെ പൊരുതിനേടിയത്.
ലോക ഫുട്ബാളിലെ നിറസാന്നിധ്യമായിരുന്ന യൂഗോസ്ലാവ്യയുടെ യഥാർഥ പിൻഗാമികൾ തങ്ങൾ ആണെന്ന് തെളിയിക്കുന്ന മനോഹരമായ കോമ്പിനേഷൻ ഫുട്ബാൾ കാഴ്ചെവച്ച സെർബിയ കോസ്റ്ററീകയെ പിന്തള്ളി.
സേവുകളുടെ സുൽത്താനായ കെയ്ലർ നവാസിെൻറ അസാധാരണമായ ആൻറിസിപേഷൻ ആയിരുന്നു കോസ്റ്ററീകക്ക് വലിയ മാർജിനിലെ പരാജയം ഒഴിവാക്കികൊടുത്തത്.
സെർബിയയുടെ നായകൻ അലക്സാണ്ടർ കൊളറോവിെൻറ 23 മീറ്റർ അകലെനിന്നുള്ള ഫ്രീകിക്ക് കൃത്യതയും സൗന്ദര്യവുംകൊണ്ട് ഏറെനാൾ മനസ്സിൽ തങ്ങിനിൽക്കുന്നതുമായി ഒരു ഗോളിന് കീഴടങ്ങിയെങ്കിലും കോസ്റ്ററീകക്കാരുടെ പ്രത്യാക്രമണവും കാംബെലിെൻറയും റൂയിസിെൻറയും യുറേനയുടെയും അതിശയിപ്പിക്കുന്ന ഗതിവേഗത്തോടെയുള്ള മുന്നേറ്റങ്ങളും ശ്രദ്ധേയമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.