പതിഞ്ഞതാളത്തിൽ പെരുക്കിത്തുടങ്ങി; ബ്രസീൽ ഇന്ന് ബ്രസീലായി
text_fieldsപൂരം കാണാൻ പോയി പുരുഷാരം കണ്ട് മടങ്ങേണി വരുന്നത് പുത്തരിയല്ല എന്നാൽ ബ്രസീലിൻെറ കളി കാണാനിരുന്ന് "പച്ചക്കുപ്പായത്തിൽ ബ്രസീലുകാരെ പോലെ കളികളിക്കുന്ന മെക്സിക്കോയെ കണ്ടപ്പോൾ ഇന്നും ഒരു 'മെക്സിക്കൻ അപാരത 'മനസ്സിൽ മിന്നി മറഞ്ഞു.ആദ്യ ഇരുപത്തി അഞ്ച് മിനുട്ട് ശരിക്കും മെക്സിക്കൻ വേവ് തന്നെയായിരുന്നു. ലാറ്റിനമേരിക്കക്കാരല്ലെങ്കിലും ശാരീരിക പ്രത്യേ കതകളിലും കേളീശൈലിയിലും ലാറ്റിൻ ചുവയുള്ള മെക്സിക്കോക്കാർ കുറിയ പാസുകളിലൂടെ തുടങ്ങി വിങ്ങുകളിലൂടെ കുതിച്ച് പാഞ്ഞ് അപ്രതീക്ഷിതമായി ബ്രസീൽ ഗോൾ മുഖത്ത് അപകടകരമായ രംഗങ്ങൾ സൃഷ്ടിച്ചത് ഏതൊരു ബ്രസീൽ ആരാധകൻെറ മനസ്സിലും തീ കോരിയിടുന്നതായിരുന്നു.
ആൾക്കൂട്ടം കടന്ന് ഇലഞ്ഞിത്തറയിൽ എത്തിയപ്പോർ പതിഞ്ഞതാളത്തിൽ ബ്രസീൽ പെരുക്കിത്തുടങ്ങുന്നേ ഉണ്ടായിരുന്നുള്ളൂ. ഇരുപത്തിഅഞ്ചാം മിനുട്ടിൽ നെയ്മർ കെട്ടുപൊട്ടിച്ചു ചാടുന്നത് വരെ ഗ്രൗണ്ടിൽ കണ്ടത് മെക്സിക്കൻ തിരമാലകൾ! പിന്നീട് ബ്രസീൽ പറഞ്ഞു കേട്ട ബ്രസീലായി. എംബാപ്പ ആവേശിച്ച പോലെ വില്യനും നെയ്മറുമൊക്കെ കുതിച്ച് പാഞ്ഞപ്പോൾ കാണുന്നത് ഒരു ലോകക്കപ്പ് മൽസരമാണെന്ന തോന്നലുണ്ടായി.
ഒരു പക്ഷേ ഒരു കളിക്കാരനു നൽകുന്നതിലധികം ബഹുമാനമൊന്നും മെക്സിക്കോ ടീം നെയ്മറിന് നൽകിയില്ല എന്നതാണ് സത്യം! ''അധിക സമയമില്ലാതെ" ഒരു ലോകകപ്പ് മൽസരത്തിൻെറ ഒരു പകുതിയെങ്കിലും കാണാനായത് അത് കൊണ്ടാകണം! പതുക്കെ ലാറ്റിനമേരിക്കൻ ഫുട്ബോളിൻെറ സൗന്ദര്യം മെക്സിക്കൻ കളിക്കാരും ആസ്വദിച്ച് തുടങ്ങി!
ഇടക്ക് കൗണ്ടറുകളുമായി ഹെർണാണ്ടസും കാർലോസമൊക്കെ ബ്രസീൽ ബോക്സിൽ സാമ്പിൾ വെടിക്കെട്ടിൽ ചില സൂചനകൾ നൽകിയെങ്കിലും ഇത്തവണ പൂരം വെടിക്കെട്ടിൽ ബ്രസീലുതന്നെ മികച്ചു നിന്നു. മികച്ച ഷോട്ടുതിർക്കുന്ന ടീമുകൾക്കെതിരേ കളിക്കുമ്പോഴാണല്ലോ ഗോൾകീപ്പറുടെ മികവറിയുക! അങ്ങനെ മെക്സിക്കൻ ഗോളി ഒച്ചാവോ ഒരു പൂരക്കാഴ്ചയായി. കൊമ്പൻമാർക്കി തലയെടുപ്പോടെ ഒരു ഗോളും ഒരു അസിസ്റ്റുമായി നെയ്മർ തിടമ്പേറ്റി നെയ്മർ നിന്നപ്പോൾ നാല് വർഷമായുള്ള ബ്രസീൽ ആരാധകരുടെ നെഞ്ചിലെ എരിയുന്ന കനലിന് മേൽ വീഴുന്ന കുളിർമഴയായി ആ കാഴ്ച!
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.