എന്തുകൊണ്ട് തോറ്റു
text_fieldsകൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിൽ നാലാം സീസണിൽ കലിപ്പടക്കി കപ്പടിക്കാൻ കളത്തിലിറങ്ങിയ കേരള ബ്ലാസ്റ്റേഴ്സിന് എവിടെയാണ് പിഴച്ചത്? ഉത്തരം ലളിതം, ടീം തെരഞ്ഞെടുപ്പ് മുതൽ അവസാന മത്സരംവരെ ഫുട്ബാളിെൻറ ആദ്യപാഠം മറന്നുപോയി.
മറ്റു ടീമുകളുടെ ജയപരാജയങ്ങളുടെ കണക്കെടുത്തും സാങ്കേതികതയുടെ നൂലിൽതൂങ്ങിയും പ്ലേ ഓഫ് സാധ്യത ഉറപ്പിക്കാൻ ഒരു ടീമിന് കളിക്കേണ്ടിവന്നത് അതിനാലാണ്. എല്ലാ മത്സരത്തിലും ജയം, കിരീടം എന്നതിനപ്പുറം മികച്ചരീതിയിൽ പന്തു തട്ടാനെങ്കിലും ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞോ എന്നാണ് നാലാം സീസൺ അവസാനിക്കുമ്പോൾ ഉയരുന്ന ചോദ്യം.
മധ്യനിരയെ തഴഞ്ഞു
ഫൈനലിസ്റ്റുകളെന്ന വിശേഷണം മാത്രമല്ല, കളി മെച്ചപ്പെടുത്താനുള്ള ആളും ആരവവും ടീം മാനേജ്മെൻറുമൊക്കെയാണ് ബ്ലാസ്റ്റേഴ്സിൽ പ്രതീക്ഷ നിലനിർത്തിയത്. എന്നാൽ, പൊസിഷനിലേക്ക് ആവശ്യമായ മികച്ച കളിക്കാരെ കണ്ടെത്തുന്നതിനു പകരം പ്രശസ്തരായവരുടെ പിന്നാലെയാണ് ബ്ലാസ്റ്റേഴ്സ് പോയത്. ഏറക്കുെറ ഭദ്രമായ പ്രതിരോധമുള്ള ടീമിെൻറ പ്രധാന പോരായ്മ മധ്യനിരയായിരുന്നു.
മധ്യനിരയിൽ കളി മെനയാൻ കഴിവുള്ള താരങ്ങളെ ടീമിലെത്തിക്കുന്നതിൽ ടീം മാനേജ്മെൻറ് പരാജയപ്പെട്ടു. ബെർബറ്റോവ്, ഹ്യൂം, സിഫ്നിയോസ്, വിനീത് എന്നിങ്ങനെ മികച്ച ആക്രമണ നിരയെ ഒരുക്കുമ്പോൾ തന്നെ മുൻനിരയിലേക്ക് പന്തെത്തിക്കാൻ പോന്ന ഒരു കളിക്കാരനെപ്പോലും മാനേജ്മെൻറ് പരിഗണിച്ചില്ല.
മറന്നുപോയ കളിപാഠം
കളംനിറഞ്ഞ് കളിച്ച ഹ്യൂം, അവസാന സമയങ്ങളിലെത്തി ഗോളടിച്ച സിഫ്നിയോസ്, അവസരങ്ങൾ ഏറെ തുലച്ചെങ്കിലും ഓടിക്കളിച്ച പെക്കൂസൺ, കെസിറോൺ കിസിറ്റോ എന്നിങ്ങനെ ചില താരങ്ങൾ സ്ഥിരതയുള്ള പ്രകടനം കാഴ്ചവെച്ചപ്പോൾ വിനീതും ബെർബറ്റോവും വെസ് ബ്രൗണുമൊക്കെ നിരാശപ്പെടുത്തി. ബോക്സിൽ പിഴവുകൾ വരുത്തി സന്ദേശ് ജിങ്കാൻ എതിർടീമിന് ഗോളവസരങ്ങൾ തുറന്നുനൽകി.
നടുവൊടിയുകയും പ്രതിരോധം ചിന്നിച്ചിതറുകയും ചെയ്തിട്ടും ഭാഗ്യം തുണച്ചതും ഗോൾവലക്കുമുന്നിലെ കീപ്പർമാരുടെ പ്രകടനവുമാണ് ബ്ലാസ്റ്റേഴ്സിനെ പലപ്പോഴും രക്ഷിച്ചത്. ബലഹീനമായ മധ്യനിരയുടെ ബാധ്യതയുടെ ഭാരം പലപ്പോഴും പ്രതിരോധ നിരയും അനുഭവിച്ചു. കളിക്കാരെ കൃത്യമായി മാർക്ക് ചെയ്യാതെയും മികച്ച മുന്നേറ്റങ്ങൾ നടത്താതെയും ഒാർത്തിരിക്കാൻ മികച്ച കളിമുഹൂർത്തങ്ങൾ അവശേഷിപ്പിക്കാതെയുമാണ് ബ്ലാസ്റ്റേഴ്സ് സീസൺ അവസാനിപ്പിച്ചത്.
തിരിച്ചടികൾ
തുടർച്ചയായ ഗോൾരഹിത സമനിലകൾക്കൊടുവിൽ ടീം പരാജയത്തിലേക്ക് കൂപ്പുകുത്തിയപ്പോൾ റെനെ മ്യൂലെൻസ്റ്റീൻ പുറത്തുപോകേണ്ടിവന്നു. ആദ്യ സീസണിൽ ടീമിനെ വിജയതീരമെത്തിച്ച ഡേവിഡ് ജയിംസിെൻറ ഊഴമായിരുന്നു പിന്നീട്. എന്നാൽ താരങ്ങളുടെ സ്ഥിരതയില്ലായ്മയും മികച്ച ആദ്യ ഇലവനെ കണ്ടെത്താനാകാത്തതും ജയിംസിനും വെല്ലുവിളിയായിരുന്നു. പ്രമുഖ താരങ്ങളുടെ പരിക്കുകൂടിയായപ്പോൾ ബദൽ മാർഗങ്ങൾ തേടേണ്ടിവന്നു.
എട്ടാം വിദേശ താരമായി കെസിറോൺ കിസിറ്റോയെത്തിയതോടെ മധ്യനിരക്ക് അനക്കംവെച്ചു. ഹ്യൂമിനൊപ്പം ഓടിക്കളിച്ച താരത്തിന് ആദ്യ മത്സരങ്ങൾ കഴിഞ്ഞപ്പോൾ തന്നെ പരിക്കേറ്റ് കളംവിടേണ്ടിവന്നു. പകരക്കാരൻറെ റോളിലിറങ്ങി ഗോളടിച്ച് ആദ്യ ഇലവനിൽ സ്ഥാനം പിടിച്ച സിഫ്നിയോസിനെ നീക്കി ഐസ്ലൻഡ് താരം ഗുഡ്ജോൺ ബാൽഡ്്വിൻസനെ ടീമിലെത്തിച്ചു.
ബ്ലാസ്റ്റേഴ്സ് കളിയിലേക്ക് തിരിച്ചുവരുന്നതിനിടെ പരിക്കേറ്റ് ഹ്യൂം പുറത്ത്. മധ്യനിരയിൽ കളി മെനയാൻ വിക്ടർ പൂൾഗയെ എത്തിച്ചു. എന്നാൽ ഒരു മത്സരത്തിൽ മാത്രമാണ് അവസരം നൽകിയത്. റെനെയുടെ ടീമിനെ ഉടച്ചുവാർത്തെങ്കിലും നിർണായക സമയങ്ങളിൽ ടീം തെരഞ്ഞെടുപ്പിലും പകരക്കാരെ ഇറക്കുന്നതിലും ജയിംസ് പരാജയപ്പെട്ടു. മലയാളികളായ പ്രശാന്തിന് ഏതാനും അവസരങ്ങൾ നൽകി. സഹല് അബ്ദുല് സമദ് ഒരു മത്സരം കളിച്ചു. അതേസമയം, അജിത് ശിവൻ ഉൾപ്പെടെ പല യുവതാരങ്ങൾക്കും അവസരം നൽകിയതുമില്ല.
നല്ല സ്ട്രൈക്കർമാർ വേണം: െഎ.എം വിജയൻ
ഗോളടിച്ച് കളി ജയിപ്പിക്കാൻ കഴിവുള്ള സ്ട്രൈക്കർമാരുടെ അഭാവമാണ് ബ്ലാസ്റ്റേഴ്സിെൻറ പരാജയത്തിന് മുഖ്യ കാരണം. നിർണായക മത്സരങ്ങളിൽ മികച്ച പിന്തുണയുള്ള ഹോം ഗ്രൗണ്ടിൽപോലും ഗോൾ രഹിത സമനില ഒടുവിൽ വിനയായി. ഹ്യൂം ഒഴികെ സ്ട്രൈക്കർ പൊസിഷനിൽ ആരെയും എടുത്തു കാണിക്കാനില്ല.
ടീം നിർണായക മത്സരങ്ങളിലേക്ക് കടന്നപ്പോഴാണ് ഹ്യൂമിന് പരിക്കേറ്റത്. അത് ടീമിനെ നന്നായി ബാധിച്ചു. മധ്യനിരയുടെ ചെറിയ പോരായ്മകൾ നികത്തി കളിക്കാൻ ഹ്യൂം പ്രയത്നിച്ചിരുന്നു. അത്തരം കളിക്കാരെ ഉൾക്കൊള്ളണമായിരുന്നു. ബംഗളൂരുവിൽ മികുവും കൊറോമിനസും ഗോളടിക്കാൻ മത്സരിക്കുന്നു. നിർണായക സമയത്ത്, കളിയുടെ അവസാന നിമിഷങ്ങളിൽ ഗോൾ നേടുന്ന ഇവരെപ്പോലുള്ളവരാണ് വേണ്ടത്.
വൻ തുക മുടക്കി പ്രശസ്തരായ പഴയ താരങ്ങളെ വാങ്ങുന്നതിലും കാര്യമില്ല. ബെർബയൊക്കെ മികച്ച കളിക്കാരായിരുന്നുവെന്നതിൽ സംശയമില്ല. കേരളത്തിൽ മികച്ച യുവതാരങ്ങളുണ്ട്. ഐ ലീഗിലെ പ്രകടനം അത് സാക്ഷ്യപ്പെടുത്തുന്നു. മോഹൻ ബഗാനെ പരാജയപ്പെടുത്തിയ എഫ്.സി ഗോകുലത്തിെൻറ കളി എടുത്ത് പറയേണ്ടതാണ്. മലയാളി താരങ്ങൾ ഉണ്ടായിരുന്നെങ്കിൽ വാശിയും വികാരവുമൊക്കെ ഉൾക്കൊണ്ട് കളിച്ചേനേ. കേരളത്തിൽ നിന്നുള്ള കഴിവുള്ള യുവതാരങ്ങളെ അവഗണിക്കുന്ന രീതി മാറണം.
ഡേവിഡ് െജയിംസെത്തിയപ്പോൾ ടീം വിജയവഴിയിലെത്തി. എന്നാൽ, ശേഷിക്കുന്ന കുറച്ച് മത്സരങ്ങൾ നിർണായകമായ സ്ഥിതിയായിരുന്നു. സ്ഥിരതയാർന്ന പ്രകടനമോ മികച്ച കളിയോ പുറത്തെടുക്കാതെ പ്ലേ ഓഫ് സാധിക്കുമായിരുന്നില്ല. എന്നാൽ, അവിടെയും ബ്ലാസ്റ്റേഴ്സ് കളി മറന്നു. സൂപ്പർ കപ്പിന് സാധ്യതയുണ്ടെങ്കിൽ തെറ്റുകൾ ആദ്യമേ തിരുത്തണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.